വണ്ടൂർ ∙ തൊട്ടടുത്ത അങ്ങാടിയിൽ പോയി വരുന്ന ലാഘവത്തോടെയാണ് 13 അമ്മമാർ വിമാനത്തിൽ ചെന്നൈയിൽ പോയി അഷ്ടലക്ഷ്മി ക്ഷേത്രവും മഹാബലിപുരവും മറീന ബീച്ചും ചുറ്റി തിരിച്ചു വന്നത്. വാണിയമ്പലം മുടപ്പിലാശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളായ സുലോചനാമ്മ, സതി അന്തർജനം, രതി അന്തർജനം, വി.കെ.സുശീലാമ്മ, സരള, ലക്ഷ്മിക്കുട്ടി, സരളാദേവി, ഇന്ദിര, വിലാസിനി, ബേബി വിജയം, വിജയ, സുധർമ, പി.നിഷ എന്നിവരാണു ചെന്നൈയിലേക്കു വിമാനത്തിൽ ‘ട്രിപ്പ്’ പോയത്.
എഴുപത്തിയെട്ടുകാരി സുലോചനാമ്മ മുതൽ നാൽപത്തഞ്ചുകാരി പി.നിഷ വരെ അടങ്ങുന്ന മാതൃസമിതിയുടെ വലിയ ആഗ്രഹമായിരുന്നു വിമാനയാത്ര. ആഗ്രഹം അറിയിച്ചപ്പോൾ കൂട്ടത്തിലെ റിട്ട.അധ്യാപിക വി.കെ.സുശീലാമ്മയുടെ ഭർത്താവും റിട്ട.പ്രധാനാധ്യാപകനുമായ കെ.എൻ.ശശിധരൻപിള്ളയും മകൻ അഭിജിത്തുമാണ് അവസരം ഒരുക്കിയത്. കരിപ്പൂരിൽ നിന്നായിരുന്നു വിമാനം. രണ്ടു ദിവസം നീണ്ട യാത്രയിൽ ചെന്നൈയിലെ കപാലീശ്വരക്ഷേത്രം, പാർഥസാരഥി ക്ഷേത്രം എന്നിവയും കണ്ടു.