താളം തെറ്റിയ യാത്ര; പാളത്തിൽ കയറാതെ പാസഞ്ചർ, കോവിഡ് കൊണ്ടുപോയ സർവീസുകൾ മടങ്ങിവന്നില്ല

മലപ്പുറം കെഎസ്ആർടിസി ഡിപ്പോ.
SHARE

കോവിഡ് കാലത്ത് താളംതെറ്റിയ ജില്ലയുടെ യാത്രാക്രമം ഇനിയും നേരെയാക്കാൻ അധികൃതർക്കു സാധിച്ചിട്ടില്ല. കെഎസ്ആർടിസിയും റെയിൽവേയും മലപ്പുറത്തോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം

തിരൂർ ∙ കോവിഡ് ഭീതി അകന്നിട്ട് ദിവസങ്ങളായെങ്കിലും യാത്രക്കാരോട് കരുണ കാണിക്കാതെ റെയിൽവേ. 2 വർഷം മുൻപ് കോവിഡിന്റെ പേരിൽ നിർത്തിയ പാസഞ്ചറുകൾ പുനഃസ്ഥാപിക്കാൻ ഉയരുന്ന മുറവിളികൾ അധികൃതർ ഇനിയും കേൾക്കുന്നില്ല. തമിഴ്നാട്ടിൽ ദിവസങ്ങൾക്കു മുൻപ് മതിയായ യാത്രാ ട്രെയിനുകൾ അനുവദിച്ച റെയിൽവേ ഒടുവിൽ തിരുവനന്തപുരം ഡിവിഷനിലെ വണ്ടികൾക്കും അനുമതി നൽകി.

എന്നിട്ടും ജില്ല ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിലെ യാത്രക്കാർക്ക് റെയിൽവേ നൽകുന്നത് അവഗണന മാത്രം. എക്സ്പ്രസ് ആക്കിയാണെങ്കിലും 30 മുതൽ പഴയ നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ വീണ്ടും ഓടിക്കാൻ തീരുമാനിച്ചതാണ് ഏക ആശ്വാസം. വിദ്യാലയങ്ങൾ അടുത്ത ദിവസം തുറക്കാനിരിക്കെ ഷൊർണൂർ – മംഗളൂരു പാതയിലെ യാത്രക്കാർക്ക് ദുരിതമേറും. ഇതിനു പുറമേ 28 വരെ ചില പ്രധാന ട്രെയിനുകൾ പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ റദ്ദ് ചെയ്തതും യാത്രക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.

പാളത്തിൽ കയറാതെ പാസഞ്ചർ

തിരൂർ സ്റ്റേഷനിൽ എത്തിയ കോയമ്പത്തൂർ – കണ്ണൂർ മെമുവിൽ കയറാനുള്ളവരുടെ തിരക്ക്.

5 ജില്ലകളിലെ ആയിരക്കണക്കിനു യാത്രക്കാരുടെ ഇഷ്ടവണ്ടിയാണു തൃശൂർ – കണ്ണൂർ പാസഞ്ചർ. തൃശൂരിൽ നിന്ന് തുടങ്ങി പാലക്കാട്, മലപ്പുറം, കോഴിക്കോട് വഴി കണ്ണൂരിലെത്തുമ്പോഴേക്കു വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിനു പേരെയാണ് ഈ വണ്ടി ലക്ഷ്യത്തിലെത്തിച്ചിരുന്നത്. രാവിലെ ജില്ലയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വണ്ടി കാത്ത് റെയിൽവേ സ്റ്റേഷനുകൾ നിറയുന്ന സ്ഥിതിയായിരുന്നു. വൈകിട്ടുള്ള ഇതിന്റെ തിരിച്ചുള്ള വരവും ഗംഭീരമായിരുന്നു. എന്നാൽ കോവിഡ് കാലത്തിനു ശേഷം എല്ലാം പഴയ പടിയായിട്ടും ഈ വണ്ടി റെയിൽവെ ട്രാക്കിലിറക്കിയില്ല. കോഴിക്കോട് – ഷൊർണൂർ, കോഴിക്കോട് – തൃശൂർ, ഷൊർണൂർ – കോഴിക്കോട് എന്നീ പാസഞ്ചറുകളും യാത്രക്കാർ കാത്തിരിക്കുന്നവയാണ്.

മെമുവാക്കി, ഗുണമില്ല

ഇതിനിടെ തിരിച്ചു വന്ന വണ്ടിയാണ് കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചർ. ഇത് എക്സ്പ്രസാക്കിയാണ് ഓടിച്ചിരുന്നത്. എന്നാൽ ഇടയ്ക്കു വച്ച് വണ്ടിയെ മെമുവാക്കി റെയിൽവേ രൂപമാറ്റം വരുത്തി. മുൻപ് 14 ബോഗികൾ ഉണ്ടായിരുന്ന വണ്ടിയിൽ ഇപ്പോൾ 12 റേക്കുകളാണുള്ളത്. അതിൽ മൂന്നെണ്ണം മോട്ടർ കാറുകളും. ഫലത്തിൽ 10 റേക്കുകളുടെ ഗുണമാണുള്ളത്. കോയമ്പത്തൂരിലേക്ക് പോകുമ്പോഴും തിരിച്ചും വൻ തിരക്ക് അനുഭവപ്പെടുന്ന ഈ വണ്ടിയിൽ കാലു കുത്താൻ പോലും സ്ഥലമില്ല. ടിക്കറ്റ് എടുക്കുന്നവരോട് തിരക്കാണെന്നും സ്വന്തം റിസ്ക്കിൽ പോകണമെന്നുമാണ് കൗണ്ടറിലുള്ളവർ പറയുന്നത്. പോരാത്തതിനു പണ്ടെങ്ങോ തമിഴ്നാട്ടിൽ ഓടിച്ച് പഴകിയ തുരുമ്പെടുത്ത റേക്കുകളും. കഴിഞ്ഞ ദിവസം ഈ വണ്ടി 6 റേക്കുകളുമായാണ് സർവീസ് നടത്തിയത്.

ആർക്കും വേണ്ടാത്തൊരു മെമു

ആർക്കും വേണ്ടാത്തൊരു മെമുവും ഈ പാതയിൽ ഓടിക്കുന്നുണ്ട് റെയിൽവേ. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് അസമയത്ത് പോകുന്ന മെമുവാണിത്. പുലർച്ചെ 4.30ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ജില്ലയിൽ എത്തുന്നത് 5.10ന് കുറ്റിപ്പുറത്താണ്. കാലിയായി 5.54ന് കടലുണ്ടി വരെ പോകുന്ന വണ്ടി രാവിലെ ആറരയ്ക്ക് കോഴിക്കോട് എത്തുമ്പോൾ ഇറങ്ങാൻ ആളുണ്ടാവാറില്ല. തിരിച്ചുള്ള യാത്രയും ആളില്ലാതെയാണ്.

കൂനിന്മേൽ കുരു

ഇതിനെല്ലാം പുറമെയാണു 8 ദിവസത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയത്. ചിങ്ങവനം – ഏറ്റുമാനൂർ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണിത്. മലബാറുകാരുടെ ഇഷ്ടവണ്ടി പരശുറാം, ജനശതാബ്ദി എന്നിവ റദ്ദാക്കിയെങ്കിലും നിരന്തര പ്രതിഷേധം ഉയർന്നതോടെ പരശുറാം മംഗളൂരു – ഷൊർണൂർ പാതയിൽ ഓടിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സ്ഥിതിയും മാസങ്ങളായി ഇങ്ങനെയാണ്. പലയിടത്തും നടക്കുന്ന പണിക്ക് പിടിച്ചിടുന്ന വണ്ടിയായി ഇത് മാറിയിട്ടുണ്ട്.

മാവേലി വരുന്ന വഴി നിർത്തും, പോകുന്ന വഴി നിർത്തില്ല

തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള ജില്ലയിലെ യാത്രക്കാർ ആശ്രയിക്കുന്ന രാത്രിവണ്ടിയാണു മാവേലി എക്സ്പ്രസ്. ആർസിസിയിലേക്കും മറ്റ് ആവശ്യത്തിനുമായി ധാരാളം പേരാണ് ഈ വണ്ടിയെ ആശ്രയിച്ചിരുന്നത്. എന്നാൽ ഈ വണ്ടി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ തിരൂരിൽ നിർത്തും. തിരിച്ചു വരുമ്പോൾ നിർത്തില്ല. കോവിഡിന്റെ പേരിലാണ് മംഗളൂരുവിലേക്കുള്ള യാത്രയിൽ തിരൂരിലെ സ്റ്റോപ്പ് എടുത്തു കളഞ്ഞത്. രാത്രി 7.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ ധാരാളം പേർ ഇവിടെ എത്തിയിരുന്നു. തിരൂരിലെ സ്റ്റോപ്പ് എടുത്തു കളഞ്ഞതോടെ ഇതിനു മുൻപുള്ള മലബാർ എക്സ്പ്രസിലോ, ശേഷമുള്ള മംഗളൂരു എക്സ്പ്രസിലോ വേണം തിരിച്ചു വരാൻ. എന്നാൽ പലപ്പോഴും ഇതിൽ സീറ്റ് കിട്ടാറില്ല. ഈ വണ്ടികൾ കഴിഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് മറ്റു വണ്ടികളുമില്ല. പിന്നെ ഏക ആശ്രയം ബസാണ്. മാവേലിക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കോവിഡ് കൊണ്ടുപോയ സർവീസുകൾ മടങ്ങിവന്നില്ല

മലപ്പുറം ∙ അരീക്കോട്– പെരിന്തൽമണ്ണ റൂട്ടിൽ കോവിഡ് കാലത്ത് നിർത്തിവച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ പലതും പുനരാരംഭിച്ചില്ല. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുണ്ടായിരുന്നതും മികച്ച വരുമാനം ലഭിച്ചിരുന്നതുമായ സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. മന്ത്രിക്കും കെഎസ്ആർടിസി ഉന്നതോദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് യാത്രക്കാർ പറയുന്നത് മലയോര കുടിയേറ്റ മേഖലകളിലെ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ചികിത്സാ–വ്യാപാര ആവശ്യങ്ങൾക്ക് പോകുന്നവർക്കും ഏറെ പ്രയോജനകരമായിരുന്ന സർവീസുകളാണിവ.

ട്രെയിൻ സൗകര്യം ഉപയോഗിക്കാൻ വളരെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ഈ മേഖലയിലുള്ളവർക്ക് ബസുകൾ വലിയ ആശ്വാസകരവുമായിരുന്നു. നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും അവയിൽ പലതും ഇപ്പോൾ മുടങ്ങിക്കിടക്കുന്നതും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഈ സർവീസുകൾ വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ട് തോട്ടുമുക്കം മലയോര മേഖല കെഎസ്ആർടിസി ഫോറം ഭാരവാഹികളായ ബാസിത് തോട്ടുമുക്കം, നാരായണൻ ആനക്കാംപൊയിൽ, പാസഞ്ചഴ്സ് അസോസിയേഷനു വേണ്ടി അനീസ് അബ്ബാസ് എന്നിവരാണ് മന്ത്രിക്കും കെഎസ്ആർടിസി എറണാകുളം സോണൽ ഓഫിസർക്കും പരാതി നൽകിയത്.

നിർത്തിയ പ്രധാന സർവീസുകൾ‌

താമരശ്ശേരി -കോട്ടയം -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്
മൂലമറ്റം - കൂമ്പാറ ഫാസ്റ്റ് പാസഞ്ചർ
തിരുവമ്പാടി -മൂന്നാർ ടൗൺ ടു ടൗൺ
എരുമേലി -ആനക്കാംപൊയിൽ ഫാസ്റ്റ് പാസഞ്ചർ
തിരുവമ്പാടി -പാലക്കാട്‌ ടൗൺ ടു ടൗൺ
മലപ്പുറം– മൈസൂരു സൂപ്പർ ഫാസ്റ്റ്
താമരശ്ശേരി- തൃശൂർ ഫാസ്റ്റ് പാസ​ഞ്ചർ
കൊയിലാണ്ടി -പെരിന്തൽമണ്ണ ടൗൺ ടു ടൗൺ, ‌
പെരിന്തൽമണ്ണ -കൊയിലാണ്ടി ടൗൺ ടു ടൗൺ,
പെരിന്തൽമണ്ണ - താമരശ്ശേരി - തൃശൂർ ഫാസ്റ്റ് പാസഞ്ചർ

മലപ്പുറം ഡിപ്പോയിൽ നിന്ന് ബസ് വേണം

സിവിൽ സ്റ്റേഷനടക്കം ജില്ലാ ആസ്ഥാനത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുമായ ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും അരീക്കോട് ഭാഗത്തേക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് ഓപറേറ്റ് ചെയ്യുന്ന ഒറ്റ സർവീസുമില്ല. തിരുവമ്പാടി–ഈരാറ്റുപേട്ട, പൊന്നാനി–മൈസൂരു സർവീസുകൾ രാവിലെ മലപ്പുറം വഴി പോകുന്നുണ്ടെങ്കിലും മടക്കം മറ്റു റൂട്ടുകളിലൂടെയാണ്. സിവിൽ സ്റ്റേഷനിലുള്ള യാത്രക്കാരടക്കം ജോലി കഴിഞ്ഞു തിരിച്ചു തിരിച്ചുപോകാൻ നേരത്തെ ആശ്രയിച്ചിരുന്ന മലപ്പുറം–മുക്കം സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യമുണ്ട്.

തമിഴ്നാട്ടിൽനിന്നൊരു സങ്കട ഹർജി

മലപ്പുറം ∙ മലപ്പുറം – ഏർവാടി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നു കാണിച്ച് ഗതാഗത മന്ത്രിക്ക് തമിഴ്നാട്ടിൽ നിന്നൊരു സങ്കട ഹർജി. മലയാളികൾ ഏറെ സന്ദർശിക്കുന്ന തീർഥാടനകേന്ദ്രമായ ഏർവാടിയിലേക്ക് വർഷങ്ങൾക്കു മുൻപ് മലപ്പുറത്തു നിന്ന് നേരിട്ട് ബസ് ഉണ്ടായിരുന്നത് ജാതിമതഭേദമന്യേ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇത് നിർത്തിയതുമൂലം ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ തീർഥാടകരടക്കം പോകുന്നത്. സർവീസ് വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ട് അഹമ്മദ് മുഹ്‌യുദ്ദീൻ സഖാഫി, അബൂബക്കർ സിദ്ദീഖ് മുഈനി തുടങ്ങി മലയാളികളടക്കമുള്ള 55 പേർ ഒപ്പിട്ട കത്താണ് മന്ത്രിക്ക് അയച്ചത്.

മലബാറിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ തീർച്ചയായും ഇടപെടും. ട്രെയിൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ മാനേജർ വിളിച്ച യോഗത്തിൽ യാത്രക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. എല്ലാം പെട്ടെന്ന് ശരിയാക്കാമെന്ന മറുപടിയും ലഭിച്ചിരുന്നു. മെമുവാക്കി മാറ്റിയ ട്രെയിനുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇതിൽ കൂടുതൽ റേക്കുകൾ അനുവദിക്കാനുള്ള ഇടപെടലും നടത്തും. ഇ.ടി.മുഹമ്മദ് ബഷീർ എംപി

വളരെ ദുരിതമനുഭവിച്ചാണ് ഞങ്ങൾ ട്രെയിനിൽ ദിവസവും യാത്ര ചെയ്യുന്നത്. ഒട്ടേറെ പാസഞ്ചർ ട്രെയിനുകൾ ഉണ്ടായിരുന്ന മലബാർ മേഖലയിൽ ഇപ്പോൾ വലിയ പ്രയാസമാണുള്ളത്. കോയമ്പത്തൂർ – കണ്ണൂർ മെമുവിൽ കാലു കുത്താൻ ഇടമില്ല. പഴയ പാസഞ്ചർ മെമുവാക്കി എക്സ്പ്രസ് നിരക്കിൽ ടിക്കറ്റ് വാങ്ങിയാണ് ഓടിക്കുന്നത്.  കെ.രഘുനാഥ് വള്ളിക്കുന്ന്

15 വർഷമായി വടകരയിൽ നിന്ന് തിരൂർ വരെ സ്ഥിരമായി യാത്ര ചെയ്തിരുന്ന എനിക്ക് ഇപ്പോൾ ട്രെയിൻ യാത്ര ഒരു ദുരിതമായി തീർന്നിരിക്കുകയാണ്. പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിലുണ്ടായ മാറ്റം ഇരുട്ടടിയാണ്. പരശുറാം എക്സ്പ്രസിൽ ലേഡീസ് കംപാർട്മെന്റ് ഇല്ലാത്തതും, എഗ്മോർ, മംഗള, നേത്രാവതി എന്നീ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് നിർത്തലാക്കിയതും വലിയ പ്രയാസമാണ്.  ഷിജി, ജെടിഐഎൽപി സ്കൂൾ അധ്യാപിക.

ഷൊർണൂർ – കോഴിക്കോട് പാതയിൽ 9 വർഷമായി സ്ഥിരം യാത്ര ചെയ്യുന്നയാളാണ്. കോവിഡ് നിയന്ത്രണത്തിനു ശേഷം വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടായത്. ഓരോ ദിവസവും സൗകര്യം കൂട്ടേണ്ട സ്ഥാനത്താണ് ഇങ്ങനെ. കോയമ്പത്തൂരിൽ നിന്ന് തിങ്ങിനിറഞ്ഞ് വരുന്ന മെമുവിൽ നിന്നാണ് യാത്ര ചെയ്യുന്നത്. ഇത്രയും ദിവസം ഇങ്ങനെ ഓടിയിട്ട് അധികൃതർ ഇത് കണ്ടില്ലെന്നത് അദ്ഭുതമാണ്. ഡോ. സ്മിത, ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ കോളജ് അധ്യാപിക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA