ചുങ്കത്തറ ∙ മാധവിക്ക് തന്റെ പ്രായം കൃത്യം അറിയില്ലെങ്കിലും 65ൽ കുറവുണ്ടാവില്ലെന്ന് ഉറപ്പാണ്. പക്ഷേ, ആധാർ കാർഡിലെ പ്രായം 50 ആണ്. ആധാർ കാർഡിൽ വന്ന പിശക് കാരണം വാർധക്യകാല പെൻഷൻ ലഭിക്കാതെ മാധവി ദുരിതത്തിലാണ്. കൊന്നമണ്ണ പട്ടികവർഗ കോളനിയിൽ താമസിക്കുന്ന പ്ലാക്കൽ മാധവി റബർ തോട്ടത്തിൽ പാലെടുത്തും തൊഴിലുറപ്പ് പണിയെടുത്തുമാണ് ജീവിച്ചിരുന്നത്. പണിയെടുക്കാൻ കഴിയാതെ വന്നതോടെയാണ് പെൻഷന് ശ്രമിച്ചത്.
പെൻഷൻ കിട്ടിയാൽ മരുന്നിനും മറ്റും ഉപകരിക്കുമായിരുന്നു. മാധവിയുടെ നിസ്സഹായാവസ്ഥ കണ്ട് ഐടിഡിപി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വാർഡ് അംഗം ബിന്ദു സത്യൻ പറഞ്ഞു. കോളനിയിലെ വീട്ടിൽ മാധവി തനിച്ചാണ് താമസം. ഇടയ്ക്ക് വയനാട്ടിലുള്ള മകന്റെ അടുത്ത് പോകാറുണ്ട്. അതിനിടെ തന്റെ റേഷൻ കാർഡ് റദ്ദ് ചെയ്തുവെന്നും മാധവി പറയുന്നു.