ADVERTISEMENT

മലപ്പുറം ∙ പച്ചത്തേങ്ങ സംഭരണം പൂർണ തോതിൽ തുടങ്ങിയതിന്റെ രണ്ടാം വാരത്തിൽ രണ്ടു ദിവസം കൊണ്ടു ജില്ലയിലെ സംഭരണം 100 ടണ്ണിനടുത്തെത്തി. സംഭരിച്ച തേങ്ങയുടെ നല്ലൊരു ഭാഗം ഇന്നലെ തന്നെ കേരഫെഡ് കോഴിക്കോട്ടെ മില്ലിലേക്കു മാറ്റി. തേങ്ങയുടെ വില കർഷകർക്ക് എപ്പോൾ ലഭിക്കുമെന്നു വ്യക്തമല്ല. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മുഴുവൻ രേഖകളും സംഭരണ ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടിട്ടുണ്ട്. ജില്ലയിലെ പന്ത്രണ്ടാമത്തെ സംഭരണ കേന്ദ്രമായ കീഴുപറമ്പിൽ ചൊവ്വാഴ്ച സംഭരണം തുടങ്ങും.

11 കേന്ദ്രങ്ങളിൽ നിന്നാണു രണ്ടു ദിവസം കൊണ്ട് സംഭരണം 100 ടണ്ണിനു തൊട്ടടുത്തെത്തിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണു സംഭരണം. ആദ്യ വാരത്തിൽ രണ്ടു ദിവസം കൊണ്ട് 30 ടൺ പച്ചത്തേങ്ങയാണു സംഭരിച്ചിരുന്നത്. എന്നാൽ, ഈ വാരത്തിലെ ആദ്യ ദിനമായ ചൊവ്വ തന്നെ സംഭരണം 47.019 ടണ്ണിലെത്തി. വ്യാഴം 10 കേന്ദ്രങ്ങളിൽ നിന്നായി 47.52 ടൺ സംഭരിച്ചു. യുഡിഎഫ് ഹർത്താൽ കാരണം മൂത്തേടത്ത് സംഭരണം ഇന്നലെയാണു നടന്നത്.

ഇവിടെ മാത്രം 5.20 ടൺ നാളികേരമാണു സംഭരിച്ചത്.കീഴുപറമ്പിൽ ചൊവ്വാഴ്ച സംഭരണം തുടങ്ങുമ്പോൾ തേങ്ങയുടെ അളവ് വൻ തോതിൽ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഏറനാട് മണ്ഡലത്തിലെ ഒട്ടേറെ പഞ്ചായത്തുകളിലെ കർഷകർക്കു ഇനി അധിക ദൂരം സഞ്ചരിക്കാതെ തേങ്ങയെത്തിക്കാനാകും. ആദ്യ വാരം സംഭരിച്ച തേങ്ങ കേരഫെഡ് ഏറ്റെടുക്കുന്നതിൽ ചെറിയ കാലതാമസമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സംഭരിച്ച ദിവസം തന്നെ മില്ലിലേക്കു മാറ്റാൻ തുടങ്ങി.

സംഭരിച്ച തേങ്ങയുടെ പണം കർഷകർക്കു നൽകിത്തുടങ്ങിയിട്ടില്ല. ഇത് ഉടനെയുണ്ടാകുമെന്നാണു സൂചന. സ്വകാര്യ ഏജൻസികൾ കിലോയ്ക്കു 25– 28 രൂപയ്ക്കു പച്ചത്തേങ്ങ വാങ്ങുന്നത്. എന്നാൽ, കേരഫെഡ്, കൃഷി വകുപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവ നടത്തുന്ന സംഭരണ കേന്ദ്രങ്ങളിൽ കിലോയ്ക്ക് 32 രൂപയാണു കർഷകനു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com