ADVERTISEMENT

തേഞ്ഞിപ്പലം ∙ കോളജുകളിൽനിന്നുള്ള ഉത്തരക്കടലാസുകൾ പാഴ്‌സലായി കാലിക്കറ്റ് സർവകലാശാലയിൽ എത്തിക്കാൻ തപാൽ വകുപ്പുമായി ഉടമ്പടിയായി. റജിസ്ട്രാർ ഡോ. ഇ.കെ.സതീഷും മഞ്ചേരി തപാൽ ഡിവിഷൻ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യനും ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കാലിക്കറ്റ് സർവകലാശാലാ പരിധിയിലെ 5 ജില്ലകളിലെ നാനൂറിലധികം പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്തരക്കടലാസുകൾ തപാൽ വകുപ്പ് പാഴ്‌സലായി പരീക്ഷാ ഭവനിൽ എത്തിക്കും. 

ചെലവിനത്തിലും യൂണിവേഴ്സിറ്റിക്ക് ലാഭം. ഫോൾസ് നമ്പറിങ്ങിന് പകരം ബാർ കോഡിങ് പ്രാബല്യത്തിൽ വരുന്ന മുറയ്ക്ക് ഉത്തരക്കടലാസുകൾ‌ യൂണിവേഴ്സിറ്റിയിൽ എത്തിക്കാതെ മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്തിക്കാനും തീരുമാനമുണ്ട്. വർഷം 15,000ൽ ഏറെ പരീക്ഷകളാണ് സർവകലാശാല നടത്തുന്നത്.  4 ലക്ഷം വിദ്യാർഥികളുടെ ഏതാണ്ട് കാൽ കോടി ഉത്തരക്കടലാസുകൾ  പാഴ്സലായി എത്തിക്കുന്നത് തപാൽ വകുപ്പിനും നേട്ടമാകും.

ആദ്യഘട്ടമായി, ഓഗസ്റ്റിൽ ബിഎഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ തപാൽ വകുപ്പ് പരീക്ഷാ ഭവനിൽ എത്തിക്കും. വിസി ഡോ. എം.കെ.ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷാ കൺട്രോളർ‌ ഡോ. ഡി.പി.ഗോഡ്‌വിൻ സാംരാജ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ജി.റിജുലാൽ, കെ.കെ.ഹനീഫ, യുജിൻ മൊറേലി, ഡോ. കെ.പി.വിനോദ് കുമാർ, തപാൽ ഇൻസ്പെക്ടർ കെ.വി.വിനോദ് കൃഷ്ണൻ, പോസ്റ്റ് മാസ്റ്റർ കെ.ടി.ഫൈസൽ‌ തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com