ADVERTISEMENT

നിലമ്പൂർ ∙ മമ്പാട്ടെ തുണിക്കടയുടെ ഗോഡൗണിൽ മുജീബ് റഹ്മാൻ (29) എന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച 3 പേർ അറസ്റ്റിൽ. കാർ തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്.13 പ്രതികളിൽ തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് മൂലത്ത് അബ്ദുൽ ഷഹദ് ഉൾപ്പെടെ 12 പേർ പിറ്റേന്ന് അറസ്റ്റിലായി. മഞ്ചേരി മാലാംകുളം മധുരക്കറിയൻ ഷാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ച മഞ്ചേരി മുളമ്പാറയിലെ മുഹ്സിൻ (27) അൻവർ ഷാഹിദ് (25), മുട്ടിപ്പാലത്തെ ജാഫർ ഖാൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചു മടങ്ങുമ്പോഴാണ് പിടിയിലായത്. 

ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഗൂഡല്ലൂർ ഭാഗത്തുനിന്ന് കാർ വരുന്നതായി വിവരം കിട്ടിയ പൊലീസ് നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം കാത്തുനിന്ന് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. നിലമ്പൂർ പോസ്റ്റ് ഓഫിസിനു സമീപം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബെംഗളുരുവിലേക്കുപോയ പൊലീസ് സംഘം ഷാഹുലിനെയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. 

നേരത്തേ അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്. കോട്ടയ്ക്കൽ വില്ലൂർ പള്ളിത്തൊടി മുജീബ് റഹ്മാന്റെ (29) മൃതദേഹം 18ന് പൊലീസാണ് കണ്ടെത്തുന്നത്. ഷഹദിന്റെ ഹാർഡ്‌വെയർ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ പണം കൊടുക്കാത്തതിന് പ്രതികൾ 17ന് മുജീബിനെ തട്ടിക്കൊണ്ടുവന്ന് മർദിക്കുകയും ഗോഡൗണിൽ പൂട്ടിയിടുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

കൂടുതൽ പീഡനം ഭയന്ന് മുജീബ് റഹ്മാൻ ജീവനൊടുക്കിയെന്നാണ് കേസ്. മുഹ്സിൻ, അൻവർ ഷാഹിദ്, ജാഫർ ഖാൻ എന്നിവരെ റിമാൻഡ് ചെയ്തു. മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുപോവുകയും മർദിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതാവ് നഫീസ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐമാരായ നവീൻ ഷാജ്, എം.അസൈനാർ, എഎസ്ഐമാരായ വി.കെ.പ്രദീപ്, റെനി ഫിലിപ്, അൻവർ സാദത്ത്, എ.ജാഫർ, എൻ.പി. സുനിൽ, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജോക്കബ്, സജേഷ്, ധ്യാനേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com