ADVERTISEMENT

മലപ്പുറം ∙ പൈലറ്റാകാൻ എന്തു പഠിക്കണം? പ്ലസ്ടുവിനു ശേഷമുള്ള പഠനം സംബന്ധിച്ച് മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പ്രോഗ്രാമിലേക്ക് ആദ്യം വിളിച്ച വിദ്യാർഥിനിക്കറിയേണ്ടത് അതായിരുന്നു. കാശുമുടക്കിയും മുടക്കാതെയും പൈലറ്റാകാൻ അവസരമുണ്ടെന്നായിരുന്നു കരിയർ വിദഗ്ധൻ എം.വി.സക്കറിയയുടെ മറുപടി.ഹയർ സെക്കൻഡറിയിൽ ഫിസിക്സും മാത്‌സും പഠിച്ചവർക്ക് പൈലറ്റാകാൻ പഠിക്കാം. പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയാണ് ഒരു മാർഗം.

45 ലക്ഷം രൂപ മുതൽ ചെലവുമുണ്ട്. കേരളത്തിലടക്കം പഠനസൗകര്യവുമുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും.സൗജന്യമായി പൈലറ്റാകാൻ സൈന്യത്തിലൂടെയാണ് അവസരം. പ്ലസ്ടു കഴിഞ്ഞവർക്ക് നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷ, ബിരുദം കഴിഞ്ഞവർക്ക് എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (അഫ്കാറ്റ്) എന്നിവയാണ് വഴികൾ. വൈദഗ്ധ്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്നു വന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടതടവില്ലാത്ത വിളികൾ.

വിദ്യാർഥിയുടെ താൽപര്യം പരിഗണിച്ച് പല വഴികൾ തുറന്നു കാട്ടിയായിരുന്നു മറുപടികൾ. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കരിയർ വിഭാഗം ഡയറക്ടറും കാലിക്കറ്റ് സർവകലാശാല മുൻ പബ്ലിക് റിലേഷൻസ് ഓഫിസറുമാണ് എം.വി.സക്കറിയ

ഹ്യുമാനിറ്റീസ് ചെറിയ കളിയല്ല

ഹ്യുമാനിറ്റീസിനു ശേഷം എന്തെന്ന് ആശങ്കയോടെ വിളിച്ചവർക്ക് സക്കറിയയുടെ മറുപടി ഇത്തവണ സിവിൽ സർവീസ് ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ ബിരുദം നേടിയത് ഹിസ്റ്ററിയിലാണെന്നായിരുന്നു. പ്ലസ് ടുവിന് പഠിച്ച വിഷയങ്ങൾക്കു പുറമേ ബികോം വിഷയങ്ങൾക്കും ചേരാം. ബിഎസ്‌സി തന്നെ വേണമെന്നുണ്ടെങ്കിൽ സൈക്കോളജി, കോസ്റ്റ്യൂം ഡിസൈനിങ് തുടങ്ങിയവയുണ്ട്. സോഷ്യൽ വർക്ക്, ജേണലിസം, അനിമേഷൻ തുടങ്ങി വിശാലമായ സാധ്യതകളുണ്ട്.

ഭിന്നശേഷി അവസരമാക്കണം

ഭിന്നശേഷി കുറവായല്ല, അവസരമായി കാണണം. 2 കണ്ണിനും കാഴ്ചയില്ലാതിരുന്നിട്ടും സിവിൽ സർവീസ് നേടിയവരുണ്ട്. ഇഷ്ട കോഴ്സുകളിൽ തന്നെ പ്രവേശനം ലഭിക്കാൻ സാധ്യത കൂടുതലുള്ളതിനാൽ സ്വപ്നങ്ങൾ വിട്ടുകളയരുത്.

കായിക താൽപര്യം ഒരുക്കുന്ന സാധ്യതകൾ

സ്പോർട്സിൽ താൽപര്യമുള്ളവരാണെങ്കിൽ ബിപിഎഡ് മികച്ച സാധ്യതയാണ്. ഏതെങ്കിലും കായികയിനത്തിൽ മികച്ച നേട്ടങ്ങളുണ്ടെങ്കിൽ ഗ്രേഡ് കുറഞ്ഞാലും ഇഷ്ട കോഴ്സിന് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടാം.കായികശേഷി നൽകുന്ന തൊഴിൽ സാധ്യതകളും ഏറെ. പൊലീസ്, സൈനിക, അർധ സൈനിക വിഭാഗങ്ങളിലേക്ക് വഴി എളുപ്പമാകും. മത്സര പരീക്ഷാ പരിശീലനത്തിനൊപ്പം കായിക പരിശീലനവും നേടണം.

പ്രഫഷനൽ കോഴ്സുകൾ

സയൻസ് ഗ്രൂപ്പ് എടുത്തവർക്ക് നഴ്സിങ് ഉൾപ്പടെ പാരാമെഡിക്കൽ കോഴ്സുകൾക്ക് എൽബിഎസ് സെന്റർ വഴി അപേക്ഷിക്കാം. വിജ്ഞാപനങ്ങൾ പത്രങ്ങളുടെ വിദ്യാഭ്യാസം പേജിൽ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾക്ക് ജോലി സാധ്യത നിലവിൽ കൂടുതലുണ്ട്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ജീവിത നൈപുണ്യ സഹായമൊരുക്കുകയാണ് ജോലി.

കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെ ഏത് വിഷയമെടുത്തവർക്കും അഭിരുചിയും കഠിനാദ്ധ്വാന ശീലവുമുണ്ടെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസി മികച്ച സാധ്യതയാണ്. പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കിൽ ഐടിഐ, പോളി ടെക്നിക് കോഴ്സുകളിലൂടെ കുറഞ്ഞ കാലം കൊണ്ട് ജോലി നേടാനുള്ള സാധ്യതയൊരുങ്ങും.

എഐ എന്ന ലക്ഷ്യം

ആർടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ് സാധ്യതകളെക്കുറിച്ചായിരുന്നു സയൻസ് വിദ്യാർഥികളുടെ കൂടുതൽ സംശയങ്ങൾ. ലോകത്തെ അതിവേഗ സാങ്കേതിക മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നവരാണെങ്കിൽ ഈ മേഖലയിൽ തിളങ്ങാം. ബിടെക് കംപ്യൂട്ടർ സയൻസ് ആണ് വഴി. കീം വഴി കേരളത്തിലെ എൻജിനീയറിങ് കോളജുകളിലും ജെഇഇ വഴി ഐഐടി, എൻഐടി തുടങ്ങിയവയിലൂടെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പഠിക്കാം. ഉയർന്ന റാങ്ക് നേടി മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ശ്രമിക്കാം. അവസരങ്ങളേറെയാണ്.

ഇന്റഗ്രേറ്റഡ് കോഴ്സുകൾ

ഐഐഎം പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇന്റഗ്രേറ്റഡ് എംബിഎ കഴിഞ്ഞിറങ്ങുന്നവരെ കാത്ത് ഉയർന്ന ശമ്പളമുള്ള തൊഴിൽമേഖലകളുണ്ട്. ഐഐടി, കുസാറ്റ്, കേന്ദ്ര സർവകലാശാലകൾ എന്നിവക്ക് പുറമെ കേരളത്തിലെ ചില സ്ഥാപനങ്ങളിലും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്. മൈസൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽ ബിഎഡ് അടക്കമുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകളുണ്ട്.

തിരഞ്ഞെടുക്കാം, പരിശ്രമിക്കാം; ലക്ഷ്യം നേടാം

∙ ലക്ഷ്യമനുസരിച്ചാണ് കോഴ്സ് തിരഞ്ഞെടുക്കേണ്ടത്
∙ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ശ്രമിക്കുക. അവസരങ്ങൾ കൂടും.
∙ പഠനത്തിനൊപ്പം മത്സര പരീക്ഷാ പരിശീലനവും നടത്തുക.
∙ സേനകളിലെ ജോലിക്ക് കായിക പരിശീലനം കൂടി നടത്തുക.
∙ എൻട്രൻസ് വഴി പ്രവേശനം നൽകുന്ന സ്ഥാപനങ്ങളിലേക്ക് പ്രവേശന നടപടികൾ മിക്കപ്പോഴും നേരത്തേയായിരിക്കും. മുൻകൂട്ടി തയാറെടുപ്പ് നടത്തുകയും, പഠന കാലത്തുതന്നെ വിജ്ഞാപനങ്ങൾ ശ്രദ്ധിച്ച് അപേക്ഷിക്കുകയും വേണം.
∙ സാധ്യമാകുന്ന എല്ലാ പ്രവേശന പരീക്ഷകൾക്കും അപേക്ഷിക്കുക. ഓരോ പരീക്ഷയും തുടർന്നുള്ളവയ്ക്ക് ഗുണകരമാകും.
∙ മാർക്ക് അല്ലെങ്കിൽ ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണെങ്കിൽ സാധ്യമായ പരമാവധി കോഴ്സുകൾക്ക് അപേക്ഷിക്കുക.
∙ ഹ്രസ്വകാല പ്രഫഷനൽ കോഴ്സുകളെടുത്തവർ തുടർന്ന് വിദൂര വിദ്യാഭ്യാസ സാധ്യത ഉപയോഗിച്ച് മറ്റ് കോഴ്സുകളും പൂർത്തിയാക്കാൻ ശ്രമിക്കുക.
∙ കാലിക്കറ്റിനു പുറമേ എംജി, കേരള, കണ്ണൂർ സർവകലാശാലകളിലേക്ക് കൂടി അപേക്ഷിക്കുക. കണ്ണൂർ സർവകലാശാലയിൽ പ്രവേശന നടപടികൾ തുടങ്ങി. കണ്ണൂരിൽ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ക്യുയെറ്റിന് ഇന്നു കൂടി അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകൾക്കുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (ക്യുയെറ്റ്) ഇന്നു കൂടി അപേക്ഷിക്കാം. രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 86 സർവകലാശാലകളിൽ പ്രവേശനം നേടാനുള്ള സുവർണാവസരമാണിത്. അപേക്ഷിക്കാനുള്ള ലിങ്ക്: https://cuet.samarth. ac.in/index.php/app/registration/instructions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com