കണ്ണൂർ–കോയമ്പത്തൂർ മെമു സാധാരണ കോച്ചിലേക്ക് മാറ്റുന്നത് പരിഗണനയിൽ

SHARE

തിരൂർ ∙ മെമു വേണ്ടെന്ന യാത്രക്കാരുടെ നിരന്തര അഭ്യർഥന റെ‍യിൽവേ പരിഗണിക്കുന്നു. കണ്ണൂർ – കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് വീണ്ടും സാധാരണ കോച്ചിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കോവിഡിനു ശേഷം എക്സ്പ്രസ് ട്രെയിനാക്കി മാറ്റിയ പഴയ പാസഞ്ചറാണിത്. മേയ് ആദ്യവാരം മുതലാണ് ഈ വണ്ടി പൊടുന്നനെ മെമു റേക്കുകളിലേക്ക് മാറ്റിയത്. എന്നാൽ കാലപ്പഴക്കം ചെന്ന റേക്കുകളാണ് അനുവദിച്ചത്. 3 മോട്ടർ കാറുകളും 9 ട്രെയിലർ കാറുകളുമടക്കം 12 റേക്കുകളാണ് ഉണ്ടായിരുന്നത്.

മുൻപ് 14 ബോഗികളുമായി ഓടിയിരുന്ന വണ്ടിയാണിത്. ഇതോടെ പൊതുവേ തിരക്കേറിയ സർവീസ് കൂടുതൽ തിരക്കിലായി. വലിയ പ്രതിഷേധമാണ് ഇതിനെതിരെ യാത്രക്കാരിൽ നിന്നുണ്ടായത്. ഇക്കാര്യം സൂചിപ്പിച്ച് പാലക്കാട് ഡിവിഷൻ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു. ഇതോടെയാണ് മെമു ഒഴിവാക്കി പഴയ രീതിയിൽ തുടരാനുള്ള തീരുമാനം എടുക്കാൻ റെയിൽവേ ആലോചിച്ചത്. മിക്കവാറും ജൂലൈ ആദ്യവാരത്തിൽ തന്നെ ഇതു നടപ്പാക്കാൻ സാധ്യതയുണ്ട്.

തൃശൂർ–കണ്ണൂർ ട്രെയിൻ പുനരാരംഭിക്കുന്നത്  ആശ്വാസം; നിരക്കുവർധന തിരിച്ചടി

തിരൂർ ∙ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളോടെയാണെങ്കിലും തൃശൂർ – കണ്ണൂർ പാസഞ്ചർ വീണ്ടും യാത്ര തുടങ്ങുന്നത് ജില്ലയിലെ യാത്രക്കാർക്ക് കാര്യമായ ആശ്വാസമാക്കും. മുൻപ് പാസഞ്ചറായിരുന്നപ്പോൾ 10 രൂപയ്ക്ക് തിരൂരിൽനിന്ന് കോഴിക്കോടു വരെ പോകാമായിരുന്നെങ്കിൽ ഇനിയത് 30 രൂപയായി വർധിക്കും. എക്സ്പ്രസ് ട്രെയിൻ ആയാണ് ഓടുന്നത് എന്നതാണു കാരണം.

മുൻപ് 56603 എന്ന നമ്പറിൽ രാവിലെ 5.55ന് തൃശൂരിൽനിന്ന് പുറപ്പെട്ടിരുന്ന വണ്ടി ഇപ്പോൾ 16609 എന്ന നമ്പറിൽ രാവിലെ 6.35നാണ് യാത്ര തുടങ്ങുക. രാവിലെ 9.32ന് കോഴിക്കോട്ടെത്തും. രാവിലെ വരുന്ന മംഗളൂരു ഇന്റർസിറ്റിക്കും കണ്ണൂർ ഇന്റർസിറ്റിക്കും വേണ്ടി അൽപം കൂടി പിടിച്ചിട്ടേക്കാം. ജൂലൈ മാസത്തിൽ പുതിയ ടൈം ടേബിൾ വരുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. എന്തായാലും രാവിലെ കോഴിക്കോട്ടേക്കുള്ള ജില്ലയിലെ യാത്രക്കാരുടെ പ്രയാസം കുറയും.

വൈകിട്ട് തിരിച്ചുവരുന്നവർക്കും നമ്പർ മാറി തിരിച്ചോടുന്ന ഈ ട്രെയിൻ ഉപകാരപ്പെടും. 06456 എന്ന നമ്പറിലാണു തിരിച്ചുള്ള വരവ്. ഉച്ചകഴിഞ്ഞ് 3.10ന് കണ്ണൂരിൽനിന്ന് പുറപ്പെടും. വൈകിട്ട് 5.25ന് കോഴിക്കോട്ടും രാത്രി 8.10ന് ഷൊർണൂരിലും എത്തും. പിന്നീട് കോയമ്പത്തൂരിലേക്കാണു യാത്ര. അവിടെനിന്ന് തിരിച്ച് തൃശൂരിലുമെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS