ADVERTISEMENT

മലപ്പുറം ∙ കെഎസ്ആർടിസി ആസ്ഥാനം മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ജില്ലയിലെ 4 ഡിപ്പോകളും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പുതിയ ക്ലസ്റ്റർ സംവിധാനത്തിനെതിരെ സമരത്തിലേക്കു നീങ്ങുമെന്നാണു പ്രഖ്യാപനം. മലപ്പുറം കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നി‍ർത്തിയാണ് പെരിന്തൽമണ്ണയെ പുതിയ ക്ലസ്റ്ററാക്കി മാറ്റുന്നത്. ഇതോടെ ജില്ലാ ആസ്ഥാനത്തെ ഡിപ്പോയുടെ വികസനം മുരടിക്കുമെന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നി‍ർമാണം നിലച്ചേക്കുമെന്നും ആശങ്കയുണ്ട്.ക്ലസ്റ്റർ ആസ്ഥാനം ജില്ലാ ആസ്ഥാനത്തു തന്നെ വേണമെന്ന് പി.ഉബൈദുല്ല എംഎൽഎ കഴിഞ്ഞദിവസം മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. 

മലപ്പുറം നഗരസഭ

കെഎസ്ആർടിസി ആസ്ഥാനം പെരിന്തൽമണ്ണയിലേക്കുള്ള മാറ്റാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർമാർ മലപ്പുറം ‍ഡിപ്പോയുടെ മുന്നിൽ സമരം നടത്തും. മറ്റു 13 ജില്ലകളിലും ഡിപ്പോ ആസ്ഥാനം അതതു ജില്ലാ ആസ്ഥാനത്തു തുടരുമ്പോൾ മലപ്പുറത്തേതു മാത്രം പെരിന്തൽമണ്ണയിലേക്കു മാറ്റുന്നത്, ജില്ലാ ആസ്ഥാനത്തോടു കാലങ്ങളായി തുടരുന്ന അവഗണന വ്യക്തമാക്കുന്നു. മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് പ്രശ്നം ബോധ്യപ്പെടുത്തുമെന്ന് മുജീബ് കാടേരി പറഞ്ഞു.  

കോൺഗ്രസ്

പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയും അധിക ബസുകളും റൂട്ടുകളും അനുവദിച്ചും മലപ്പുറം ഡിപ്പോയെ ശക്തിപ്പെടുത്തുന്നതിനു പകരം സർക്കാർ ഞെക്കി കൊല്ലുകയാണെന്ന് മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസി‍ഡന്റ് എം.കെ.മുഹ്സിൻ പറഞ്ഞു. കെഎസ്ആർടിസിയെ വിൽപനച്ചരക്കാക്കി മാറ്റാൻ അനുവദിക്കില്ലെന്നും കെഎസ്ആർടിസി ആസ്ഥാനം പെരിന്തൽമണ്ണയിലേക്കു മാറ്റുന്നതു തടയുമെന്നും കോൺഗ്രസ് അറിയിച്ചു.

കെഎസ്ടി വർക്കേഴ്സ്

കെഎസ്ആർടിസി മലപ്പുറം ഡിപ്പോയെ തരം താഴ്ത്താനുള്ള നീക്കത്തിൽനിന്നു അധികൃതർ പിന്മാറണമെന്ന് കെഎസ്ടി വർക്കേഴ്സ് യൂണിയൻ മലപ്പുറം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.മാസങ്ങൾക്ക് മുൻപാണ് ഡിപ്പോയിലെ മെക്കാനിക്കുകളെ കൂട്ടത്തോടെ എടപ്പാൾ റീജനൽ വർക്‌ഷോപ്പിലേക്കു മാറ്റിയത്. അതോടൊപ്പം തിരൂ‍ർ – മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണവും വെട്ടിക്കുറച്ചു. പ്രസിഡന്റ് എം.ആർ.ശെൽവരാജ് അധ്യക്ഷത വഹിച്ചു. 

∙ ജില്ലാ ആസ്ഥാനത്തുനിന്നു കെഎസ്ആർടിസിയുടെ ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് ഷാക്കിർ മോങ്ങം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com