വിമാനത്താവള വികസനം: ഏറ്റെടുക്കേണ്ട ഭൂമി 14.5 ഏക്കർ മാത്രം

SHARE

മലപ്പുറം∙ പളളിക്കൽ പഞ്ചായത്തിലെ വർഷങ്ങൾ പഴക്കമുള്ള മസ്ജിദും  കബർസ്ഥാനും ഒഴിവാക്കി കരിപ്പൂർ വിമാനത്താവള വികസനത്തിനു ഭൂമിയേറ്റെടുക്കാൻ വിമാനത്താവള അതോറിറ്റിയുടെ അനുമതി. ഇതനുസരിച്ച് 14.5 ഏക്കർ ഏറ്റെടുത്താൽ മതിയാകും. റൺവേ സുരക്ഷാ മേഖലയായ റിസയുടെ വികസനത്തിനു 18.5 ഏക്കർ ഭൂമിയേറ്റെടുക്കാനായിരുന്നു നേരത്തേയുള്ള നിർദേശം. പള്ളിയും കബർസ്ഥാനും ഒഴിവാക്കിയതോടെ ഇത് 14.5 ഏക്കറായി ചുരുങ്ങി. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനത്താവള അതോറിറ്റിയും അനുമതി നൽകി.

ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് വീണ്ടും കുറഞ്ഞത് ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ. ഈ വർഷം ഡിസംബറിനകം ഭൂമിയേറ്റെടുത്ത് റൺവേയുടെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി നിരപ്പാക്കി കൈമാറാനാണ് വിമാനത്താവള അതോറിറ്റിയുടെ നിർദേശം. സമയപരിധിക്കകം ഭൂമിയേറ്റെടുത്തു നൽകുമെന്ന് ഭൂമിയേറ്റെടുക്കൽ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിനു ശേഷം മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കരിപ്പൂർ വിമാനത്താവളം നിലനിർത്താൻ സർക്കാർ എടുക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ഭൂമിയേറ്റെടുത്തു നൽകാമെന്നും മണ്ണിട്ടുയർത്തുന്ന ജോലി കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രിയെ അറിയിക്കും. ഭൂമി നിരപ്പാക്കി നൽകണമെന്ന നിർദേശത്തിൽ കേന്ദ്രം ഉറച്ചുനിന്നാൽ എന്തുചെയ്യുമെന്നു ചോദ്യത്തിന്, ചർച്ചയിലൂടെ എല്ലാം പരിഹരിക്കാമല്ലോ എന്നായിരുന്നു മന്ത്രി വി.അബ്ദുറഹിമാന്റെ പ്രതികരണം. ഭൂനിരപ്പിൽ നിന്ന് 25–35 മീറ്റർ ഉയരത്തിലാണു റൺവേ. അതേസമയം, നിലവിൽ ആവശ്യപ്പെട്ടപ്രകാരം ഭൂമിയേറ്റെടുത്തു നൽകിയാൽ അധികം വൈകാതെ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാനാകുമെന്നു വിമാനത്താവള ഡയറക്ടർ യോഗത്തിൽ പറഞ്ഞു.

ബോധ്യപ്പെടുത്തണം: ജനപ്രതിനിധികൾ 

∙ ഭൂമിയേറ്റെടുക്കൽ നടപടികൾ നേരത്തേ തുടങ്ങിയിരുന്നെങ്കിലും പലേടത്തും പ്രതിഷേധത്തെത്തുടർന്നു നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ദേശീയപാതാ വികസനത്തിനു സമാനമായ നഷ്ടപരിഹാര പാക്കേജാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം ഭൂമി നഷ്ടപ്പെടുന്നവരെ ബോധ്യപ്പെടുത്തണമെന്ന്  ജനപ്രതിനികൾ ആവശ്യപ്പെട്ടു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടു ബാഹ്യശക്തികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന അഭിപ്രായവും ഉയർന്നു. അതേസമയം, ഭൂമി ഏറ്റെടുക്കാതെ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനു നടപടി വേണമെന്ന് പഞ്ചായത്ത്, നഗരസഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

2005 മുതൽ 2015 വരെ ഇതേ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തിയതാണെന്നും അവർ ചൂണ്ടിക്കാട്ടി.യോഗത്തിൽ എം.പി.അബ്ദുസ്സമദ് സമദാനി എംപി, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽ ഹമീദ്, കെ.പി.എ.മജീദ്, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹറാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദാലി, കൊണ്ടോട്ടി നഗരസഭാ കൗൺസിലർ കെ.പി.ഫിറോസ്, ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, എഡിഎം എൻ.എം.മെഹറലി, പള്ളിക്കൽ പഞ്ചായത്ത് വാർഡ് അംഗങ്ങളായ ജമാൽ കരിപ്പൂർ, കെ.നസീറ തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA