ADVERTISEMENT

പൊന്നാനി ∙ പുനർഗേഹം ഭവനപദ്ധതിയിൽ ഫണ്ടില്ലാത്തതിനാൽ ഗുണഭോക്താക്കളും ഭൂവുടമകളും വെട്ടിൽ. ജില്ലയിലെ നാൽപതോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പെരുവഴിയിലായത്. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഭൂമി റജിസ്റ്റർ ചെയ്തു നൽകിയ ഭൂവുടമകൾ പണം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഭൂമി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെങ്കിലും പണം ഇതുവരെ സർക്കാർ ലഭ്യമാക്കിയിട്ടില്ല. പദ്ധതി പ്രകാരം വീടുപണി തുടങ്ങിയ കുടുംബങ്ങളും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

ഫിഷറീസ് വകുപ്പ് മുഖേനയാണ് പുനർഗേഹം ഭവനപദ്ധതിക്കുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. പണം കിട്ടാതായതോടെ വകുപ്പ് ഓഫിസിൽ വന്ന് പരാതി പറയുന്ന മത്സ്യത്തൊഴിലാളികളുടെയും ഭൂവുടമകളുടെയും മുൻപിൽ ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്. പണം എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ല. കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പുനർഗേഹം. സുരക്ഷിതമായ ഇടത്ത് ഭൂമി വാങ്ങി വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് സർക്കാർ സഹായം നൽകുന്നത്.

ഭൂമി റജിസ്ട്രേഷൻ നടത്തിയാൽ ഭൂവുടമയ്ക്ക് തുക നേരിട്ടുനൽകും. അതിനുശേഷം വീട് നിർമാണത്തിനായി ബാക്കി തുക മത്സ്യത്തൊഴിലാളി കുടുംബത്തിന് 3 ഗഡുക്കളായി നൽകും. എന്നാൽ പണം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഒന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാലും രണ്ടാം ഘട്ട തുക ലഭ്യമാക്കാൻ മാസങ്ങളോളം സർക്കാർ ഓഫിസ് കയറിയിറങ്ങേണ്ട ഗതികേടാണുള്ളത്. സർക്കാർ തുക ലഭ്യമാകാൻ സമയമെടുക്കുന്നതിനാൽ പദ്ധതി പ്രകാരം ഭൂമി നൽകാൻ ഭൂവുടമകളും മടിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com