ADVERTISEMENT

എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് താമസിക്കണമെങ്കിൽ സ്വകാര്യ ക്വാർട്ടേഴ്സുകളെ ആശ്രയിക്കണം. റീജനൽ വർക്‌ഷോപ്പിനു പിന്നിൽ ക്വാർട്ടേഴ്സ് നിർമിച്ചിട്ടുണ്ടെങ്കിലും ഇവ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നേരം ഇരുട്ടിയാൽ ഇവിടെ ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. 

വെള്ളവും വെളിച്ചവും എപ്പോഴെങ്കിലും കിട്ടും. കൊതുകു ശല്യവും രൂക്ഷം. ഇവിടെ ജോലി ലഭിക്കുന്നവർ പലരും സ്വകാര്യ ക്വാർട്ടേഴ്സുകളിൽ ആണ് താമസം. പല കെട്ടിടങ്ങളും തകർന്നു വീണു. ശേഷിക്കുന്നവയിൽ ആണ് ബാക്കിയുള്ളവരുടെ താമസം. ഇവ നവീകരിക്കണമെന്ന ആവശ്യം ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ രംഗത്തു വരുന്നില്ല. അയൽ ജില്ലകളിൽ ഉള്ളവർ ആണ് ഇവിടെ താമസിക്കുന്നത്. ദിവസവും പോയി വരുന്നത് ഇവർക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ പലരും കുടുംബമായി ഇവിടെ താമസിക്കേണ്ട സ്ഥിതിയിലാണ്. ഇക്കാര്യം പലപ്പോഴും ഉന്നയിക്കാറുണ്ടെങ്കിലും നടപടി സ്വീകരിക്കാമെന്ന മറുപടി മാത്രമാണ് ലഭിക്കുക. ജീവൻ പണയം വച്ച് ഇവിടെ കഴിയുകയാണ് പലരും. 

വന്നാലുടൻസ്ഥലം മാറ്റത്തിന്

ശ്രമം തുടങ്ങുംഇവിടെ ജോലി ലഭിക്കുന്ന പലരും താമസിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റം വാങ്ങുന്ന സ്ഥിതിയാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് ലഭിക്കാത്തതിനാൽ പലർക്കും ഇവിടെ തുടരേണ്ടി വരുന്നു. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

സംരക്ഷിക്കണംകണ്ടനകം കെഎസ്ആർടിസിയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു. വിവിധ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് രംഗത്തു വരുന്നുണ്ട്. സംസ്ഥാന പാതയോരത്ത് 25 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ഇന്ന് നാശത്തിന്റെ വക്കിലാണ്. തൃശൂരിനും കോഴിക്കോടിനും ഇടയിൽ ദീർഘദൂര ബസുകൾ നിർത്താനും യാത്രക്കാർക്ക് വിശ്രമിക്കാനും സൗകര്യം ഉള്ള ഇവിടെ അധികൃതരുടെ പിടിപ്പുകേടിനെ തുടർന്ന് നാശത്തിന്റെ വക്കിലാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ബസുകൾ ഇവിടെ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. ബസുകളുടെ നിർമാണവും നിലച്ചു. ബസ് ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം ആരംഭിച്ച് യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ് വിവിധ സംഘടനകൾ.(അവസാനിച്ചു....)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com