ADVERTISEMENT

മലപ്പുറം∙ പനിച്ചൂടിൽ വിറച്ച് ജില്ല. 62,876 പേരാണ് ജൂൺ ഒന്നു മുതൽ ഇന്നലെ വരെ പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു നോക്കൂമ്പോൾ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പനി ബാധിതരുള്ള ജില്ല കൂടിയായി ഇതോടെ മലപ്പുറം. മേയ് മാസത്തിൽ 22,241 പേരാണ് പനിക്കു ചികിത്സ തേടിയതെങ്കിൽ ഈ മാസം ഇതുവരെ മാത്രം മൂന്നിരട്ടിയോളം പേർക്ക് പനി ബാധിച്ചു.

കഴിഞ്ഞ ദിവസം 594 പനിബാധിതരാണുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ഇവരുടെ സംഖ്യ 2073ൽ എത്തി. ഒറ്റദിവസം കൊണ്ട് മൂന്നിരട്ടിയിലധികം വർധന. കാലവർഷം ആഞ്ഞു പെയ്യുന്നതിനു മുൻപുതന്നെ പനി ബാധിതരുടെ എണ്ണം അസ്വാഭാവികമായി വർധിക്കുന്നതിനാൽ ജില്ലയിലെ ആരോഗ്യരംഗം ആശങ്കയിലാണ്. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. പനി മാത്രമല്ല, മറ്റു പല പകർച്ച വ്യാധികളുടെ കണക്കും ജില്ലയിൽ ഉയർന്നുതന്നെ നിൽക്കുന്നു.

മേയ് ഒന്നു മുതൽ ഇതുവരെ 17 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും 7 പേർക്ക് ഷിഗല്ലയിലും 3 പേർക്ക് ചെള്ളുപനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നും അവശ്യമരുന്നുകൾക്കു ക്ഷാമമില്ലാത്തത് ജനങ്ങൾക്കു ആശ്വാസമാണ്. എന്നാൽ, ചില ആശുപത്രികളിൽ മരുന്നു പുറത്തേക്കെഴുതുന്നുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിലെ പനി വിവരക്കണക്ക് ഇങ്ങനെ. 

മഞ്ചേരി മെഡിക്കൽ കോളജ് 

∙ മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടി എത്തിയത് 96 പേർ. മിക്കതും വൈറൽ പനി. അത്യാഹിത വിഭാഗത്തിലും ജനറൽ മെഡിസിൻ വിഭാഗത്തിലും ഉൾപ്പെടെ ദിവസം ശരാശരി 100നും 150നും ഇടയിൽ പേർ ചികിത്സ തേടുന്നു. മരുന്നു ക്ഷാമമില്ല.

തിരൂർ ജില്ലാ ആശുപത്രി

∙ ഒരാഴ്ചയായി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടി. രാവിലെ ഒപിയിലും വൈകിട്ട് കാഷ്വൽറ്റിയിലുമായി അഞ്ഞൂറിലേറെപ്പേർ വരുന്നുണ്ട്. കൂടുതൽ കുട്ടികൾ. കഴിഞ്ഞ ദിവസം തൃക്കണ്ടിയൂരിൽ രണ്ടരവയസ്സുകാരനെ ഡെങ്കിപ്പനി സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് തൃപ്രങ്ങോട്ട് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ മരുന്നിനു ക്ഷാമമില്ല.

കോട്ടപ്പടി താലൂക്ക് ആശുപത്രി 

∙ ഒരാഴ്ചയയായി പനി ബാധിച്ച് ഒപിയിലെത്തുന്നവരുടെ എണ്ണം കൂടി. ഇന്നലെ 400 പേർ ചികിത്സ തേടിയെത്തി. കൂടുതൽ കുട്ടികളാണ്. കൂടുതൽ പേർക്കും വൈറൽ പനിയാണ്. ഡെങ്കി, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ല. മരുന്നിനു ക്ഷാമമില്ല.

കൊണ്ടോട്ടി താലൂക്ക് ആശുപത്രി

∙ കൊണ്ടോട്ടിയിൽ ആയിരത്തോളം പേരാണു ദിനംപ്രതിയെത്തുന്നത്. മരുന്നിനു ക്ഷാമമില്ല. വൈറൽ പനിയുമായാണ് കൂടുതൽ പേരെത്തുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി

∙ ദിനംപ്രതി 150 പേർ വരെ ചികിത്സ തേടിയെത്തുന്നു. ചിലരിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തി. ഭൂരിഭാഗവും വൈറൽ പനി. മരുന്നിന് ക്ഷാമമില്ല.

അരീക്കോട് താലൂക്ക് ആശുപത്രി

∙ പനി ബാധിച്ചെത്തുന്നരുടെ എണ്ണം ചെറുതായി കുറഞ്ഞെന്ന് ആശുപത്രി അധികൃതർ. ഈ ആഴ്ചയിൽ  1500 പേർ വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇത് ആയിരത്തിൽ താഴെയായിട്ടുണ്ട്. വൈറൽ പനിയല്ലാതെ മറ്റൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം

∙ ദിനംപ്രതി അറുനൂറിലേറെ രോഗികളാണ് ഒപിയിൽ പനി ബാധിച്ചെത്തുന്നത്. ഇതിൽ പകുതിയിലധികവും വിദ്യാർഥികളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരാൾക്കു ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തി. പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ രക്തപരിശോധനയിൽ ഷിഗെല്ല വൈറസ് കണ്ടെത്തി. മരുന്നുക്ഷാമം സ്ഥിതി കൂടുതൽ വഷളാക്കുന്നു. വിതരണക്കാരും സർക്കാരും തമ്മിലുള്ള തർക്കം കാരണം മരുന്നുവിതരണം നിലച്ചിട്ട് ഏറെയായി. പനി പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം നടക്കും.

പെരുമ്പടപ്പ് മാറഞ്ചേരി സിഎച്ച്‌സി

∙ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മാറഞ്ചേരി സിഎച്ച്സിയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ദിവസവും 600 രോഗികളാണ് ചികിത്സയ്ക്കെത്തുന്നത്. രാവിലെയും വൈകിട്ടും ഒപിയിൽ രോഗികളുടെ എണ്ണം കൂടുതലാണ്. അവശ്യമരുന്നുകൾ ഉണ്ടെങ്കിലും ചില മരുന്നുകൾ പുറത്തേക്ക് എഴുതുന്നുണ്ട്.

കോവിഡിനെ തുടർന്നു മരിച്ച വയോധികയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ  കഴിഞ്ഞ ദിവസം മരിച്ച വയോധികയ്ക്കു ചെള്ളുപനി സ്ഥിരീകരിച്ചു. എന്നാൽ, കോവിഡിനെത്തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേങ്ങര സ്വദേശിനിയായ എഴുപത്തിമൂന്നുകാരി ഞായറാഴ്ച രാത്രിയാണു മരിച്ചത്. രണ്ടു മാസമായി മുള്ളമ്പാറയിലെ ബന്ധുവീട്ടിലായിരുന്നു താമസം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കാലിനു ശസ്ത്രക്രിയ നടത്തിയിരുന്നു.

കഴിഞ്ഞ 8ന് പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 20ന് ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചെള്ളുപനി, കോവിഡ് എന്നിവ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ബോധവൽക്കരണവും ശുചീകരണവും നടത്തി. പ്രദേശത്ത് പനി ബാധിച്ചവരുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com