നീന്തൽ പരിശോധന ‘കുള’മായി; വിദ്യാർഥികൾ ദേശീയപാത ഉപരോധിച്ചു

നീന്തൽ പ്രാവീണ്യ പരിശോധന അലങ്കോലമായതിനെത്തുടർന്ന് മലപ്പുറം മേൽമുറി കോണോംപാറയിൽ വിദ്യാർഥികൾ ദേശീയപാത ഉപരോധിക്കുന്നു.     ചിത്രം: മനോരമ
നീന്തൽ പ്രാവീണ്യ പരിശോധന അലങ്കോലമായതിനെത്തുടർന്ന് മലപ്പുറം മേൽമുറി കോണോംപാറയിൽ വിദ്യാർഥികൾ ദേശീയപാത ഉപരോധിക്കുന്നു. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മേൽമുറി കോണോംപാറയിൽ നടത്തിയ നീന്തൽ പ്രാവീണ്യ പരിശോധന അലങ്കോലമായി. കണക്കുകൂട്ടൽ തെറ്റിച്ച് വിദ്യാർഥികൾ എത്തിയതോടെ ടോക്കൺ നൽകുന്നത് അധികൃതർ നിർത്തിവച്ചു. ഇതോടെ ആശങ്കയിലായ വിദ്യാർഥികൾ ഒരു മണിക്കൂറിലേറെ കോഴിക്കോട്–പാലക്കാട് ദേശീയപാത ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനാവശ്യമായ നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു വേണ്ടിയുള്ള പരിശോധനയ്ക്കിടെയാണു സംഭവം.

കോണോംപാറ അഞ്ചീനിക്കുളത്തിലായിരുന്നു പരിശോധന. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾക്കായിരുന്നു ആദ്യ പരിശോധന. രാവിലെ 8നു തന്നെ പരിശോധന ആരംഭിച്ചെങ്കിലും വിദ്യാർഥികൾ കൂട്ടമായി എത്തിക്കൊണ്ടേയിരുന്നു. വിശപ്പും ദാഹവും സഹിച്ച് പെരുമഴയത്തടക്കം മണിക്കൂറുകൾ വരിനിൽക്കുകയായിരുന്നു കുട്ടികൾ. 11 മണിയോടെ നിയന്ത്രിക്കാനാകാത്ത വിധം വിദ്യാർഥികൾ എത്തിയതോടെ ഒന്നിലേറെ വരികളാക്കി നിർത്തി. ഇതിനിടെയാണ് ടോക്കൺ നൽകുന്നത് നിർത്തിയത്.

താനൂർ, തിരൂർ ഉപജില്ലകളിൽ നിന്നുള്ള ഇക്കൊല്ലത്തെ എസ്എസ്എൽസി വിജയികൾ കാലിക്കറ്റ് സർവകലാശാലാ അക്വാറ്റിക് കോംപ്ലക്സിൽ നീന്തൽ കഴിവ് തെളിയിക്കാനുള്ള ഊഴം കാത്ത് പുറത്ത് വരിനിൽക്കുന്നു.
താനൂർ, തിരൂർ ഉപജില്ലകളിൽ നിന്നുള്ള ഇക്കൊല്ലത്തെ എസ്എസ്എൽസി വിജയികൾ കാലിക്കറ്റ് സർവകലാശാലാ അക്വാറ്റിക് കോംപ്ലക്സിൽ നീന്തൽ കഴിവ് തെളിയിക്കാനുള്ള ഊഴം കാത്ത് പുറത്ത് വരിനിൽക്കുന്നു.

ഇതോടെ ബഹളവും വാക്കേറ്റവുമായി. ഇതിനിടെ സംഗതഅധികൃതർ നടപടികൾ നിർത്തിവച്ചു സ്ഥലംവിട്ടു.പ്രകോപിതരായ വിദ്യാർഥികൾ കസേരകളും മറ്റും വലിച്ചെറിഞ്ഞു. തുടർന്ന് പ്രതിഷേധവുമായി ദേശീയപാതയിലേക്കിറങ്ങി ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി സ്പോർട്സ് കൗൺസിലിനെതിരെ മുദ്രാവാക്യം വിളിച്ചു. രക്ഷിതാക്കളും പ്രതിഷേധിച്ചു. പൊലീസ് എത്തിയെങ്കിലും റോഡിൽനിന്നു മാറാൻ വിദ്യാർഥികൾ തയാറായില്ല. ഒരു വിഭാഗം വിദ്യാർഥികൾ ദേശീയപാതയിലൂടെ പ്രകടനവും നടത്തി.

പിന്നീട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും മലപ്പുറം നഗരസഭാ കൗൺസിലറുമായ സി.സുരേഷുമായി എത്തിയ പൊലീസ് വിദ്യാർഥികളോട് അനുരഞ്ജന ചർച്ച നടത്തി. ഇന്നലെ അവസരം ലഭിക്കാത്തവർക്ക് അരീക്കോട് ബ്ലോക്കിനു കീഴിൽ പ്രാദേശികമായി നീന്തൽ പരിശോധയ്ക്ക് സൗകര്യമൊരുക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. തുടർന്ന് ഏറെ നേരം കഴിഞ്ഞാണ് വിദ്യാർഥികളും രക്ഷിതാക്കളും പിരിഞ്ഞുപോയത്. ഉച്ചയ്ക്കു ശേഷം കോട്ടയ്ക്കൽ, മഞ്ചേരി നഗരസഭകളിലെ വിദ്യാർഥികൾക്കുള്ള പരിശോധനയും നടന്നില്ല. 

രണ്ടു പോയിന്റിനായി നീന്തൽ പരീക്ഷണം

മലപ്പുറം ∙ ‘‘അതിരാവിലെ വന്ന് വരി നിൽക്കുന്നതാ സാറേ... ഒന്നും കഴിച്ചിട്ടില്ല. മഴ മുഴുവൻ കൊണ്ടു... എന്നിട്ട് അവസാനം പറയാണ് ഇന്ന് ടോക്കൺ തരാൻ പറ്റില്ലാന്ന്. ഞങ്ങൾ എന്തു ചെയ്യും?’’ കോണോംപാറ അഞ്ചീനിക്കുളത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നീന്തൽ പ്രാവീണ്യ പരിശീലനത്തിനെത്തിയെങ്കിലും നടപടികൾ നിർത്തിവച്ചതോടെ നിരാശനായി മടങ്ങേണ്ടിവന്ന ഒരു വിദ്യാർഥിയുടെ വാക്കുകളാണ്. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയവരടക്കമാണ് ഇവിടെ നീന്തൽ പരിശോധയ്ക്കെത്തിയത്.

കോണോംപാറ അഞ്ചീനിക്കുളത്തിൽ നടന്ന നീന്തൽ പ്രാവീണ്യ പരിശോധനയിൽ നിന്ന്.                ചിത്രം: മനോരമ
കോണോംപാറ അഞ്ചീനിക്കുളത്തിൽ നടന്ന നീന്തൽ പ്രാവീണ്യ പരിശോധനയിൽ നിന്ന്. ചിത്രം: മനോരമ

ഹയർ സെക്കൻഡറി പ്രവേശനത്തിന് 2 ബോണസ് പോയിന്റ് കിട്ടാൻ വേണ്ടിയാണ് ഈ സാഹസമെല്ലാം.ജില്ലയിൽ 4 സ്ഥലങ്ങളിലായാണ് ഇന്നലെ നീന്തൽ പരിശോധന തുടങ്ങിയത്. കുളത്തിലിറക്കി നിശ്ചിതദൂരം നീന്തിയാലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. തുടക്കത്തിൽ പരിശോധന കൃത്യമായി നടന്നെങ്കിലും അധികൃതർ പ്രതീക്ഷിച്ചതിലും കൂടുതൽ പേരെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകൾ കുറവാണെന്ന ആശങ്കയുള്ളതിനാൽ കൂടുതൽ വിദ്യാർഥികൾ നീന്തൽ സർട്ടിഫിക്കറ്റിനായി എത്തിയത്.

പലരും കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് നീന്തൽ പഠിച്ചെടുത്തതുപോലും. നീന്തലറിയാത്തവരും എത്തിയിരുന്നു. ചിലരൊക്കെ വെള്ളത്തിലിറങ്ങിയപ്പോഴേ മുങ്ങിയെങ്കിലും ട്രോമാ കെയർ വൊളന്റിയർമാർ രക്ഷയ്ക്കെത്തി. ചിലർ പാതി നീന്തിയും ബാക്കി കയറിൽ പിടിച്ചും കരയ്ക്കെത്തി. എന്നാൽ ഇതൊക്കെയെന്ത് എന്ന മട്ടിൽ ഒറ്റച്ചാട്ടത്തിന് നിശ്ചിത ദൂരം പിന്നിട്ട് തിരിച്ചെത്തിയവരും ഏറെ. 

പെരിന്തൽമണ്ണയിലും പ്രതിഷേധം

പെരിന്തൽമണ്ണ∙ കക്കൂത്ത് സിൽവർ മൗണ്ട് ഇന്റർനാഷനൽ സ്‌കൂളിലെ നീന്തൽക്കുളത്തിൽ നടന്ന പരിശോധന ഇന്നലെ  വിദ്യാർഥികൾക്കും സംഘാടകർക്കും ഒരുപോലെ പരീക്ഷണമായി. രാവിലെ പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലുള്ള വിദ്യാർഥികളുടെ പരിശോധന നടന്നെങ്കിലും തിരക്കേറിയതു കാരണം ഏറെ സമയം നീണ്ടു. ഇതോടെ ഉച്ചയ്‌ക്കുശേഷം നടത്താനിരുന്ന പെരിന്തൽമണ്ണ നഗരസഭാ പരിധിയിലുള്ളവരുടെ പരിശോധന അടുത്ത ദിവസത്തേക്കു മാറ്റി.

രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെയാണ് പെരിന്തൽമണ്ണ ബ്ലോക്കിലെ കുട്ടികൾക്ക് അവസരം നൽകിയിരുന്നത്. നൂറുകണക്കിനു വിദ്യാർഥികൾ ഒന്നിച്ചെത്തിയതോടെ പ്രതിസന്ധിയായി. തുടക്കത്തിൽ ഒരേസമയം 10 കുട്ടികൾക്ക് അവസരം നൽകിയാണ് പരിശോധിച്ചത്. രക്ഷിതാക്കളിൽ നിന്നുൾപ്പെടെ പ്രതിഷേധമുയർന്നതോടെ ഇത് 25 വീതമാക്കി. എന്നിട്ടും നിശ്ചയിച്ച സമയത്തു തീർന്നില്ല.  ഒട്ടേറെ വിദ്യാർഥികൾ പങ്കെടുക്കാനാവാതെ മടങ്ങി. 

എടപ്പാളിലും തിരക്ക്

എടപ്പാൾ ∙ തട്ടാൻപടി തറക്കൽ ചാത്തൻ കുളത്തിൽ നീന്തൽ പ്രാവീണ്യം തെളിയിക്കാൻ എത്തിയത് നൂറുകണക്കിന് വിദ്യാർഥികൾ. ഇവിടെയും ഏറെ നേരം വരിനിന്നാണ് കുട്ടികൾക്ക് കുളത്തിലിറങ്ങാനായത്. തറക്കൽ വിക്ടറി നീന്തൽ ക്ലബ്, പൊന്നാനി ഗുഡ് ഹോപ് സ്വിമ്മിങ് അക്കാദമി, ട്രോമാ കെയർ തുടങ്ങിയവരുടെ സഹായത്തോടെ ആണ് ഇവിടെ പരിശോധന നടന്നത്. 

തേഞ്ഞിപ്പലത്ത് വൈകി

തേഞ്ഞിപ്പലം ∙ സർവകലാശാല നീന്തൽക്കുളത്തിൽ സംഘടിപ്പിച്ച പരിശോധന ഇന്നലെ അവസാനിച്ചത് രാത്രി 7.30ന്. 1,800 പേരാണ് ഇവിടെ പങ്കെടുത്തത്. വൈകിട്ട് 4ന് അവസാനിപ്പിക്കാനിരുന്ന പരിശോധനയാണ് ഏറെ നീണ്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS