മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു

t-sivadasa-menon-1
SHARE

മഞ്ചേരി ∙ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  രാവിലെ 11.20ന് ആയിരുന്നു അന്ത്യം. മകൾ ടി.കെ.ലക്ഷ്മീദേവിക്കൊപ്പം മഞ്ചേരി കച്ചേരിപ്പടിയിലെ ‘നീതി’യിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം വർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പിൽ.

ഈമാസം 14ന് ആണ് നവതി ആഘോഷിച്ചത്. ഭാര്യ ഭവാനി അമ്മ 2003ൽ അന്തരിച്ചു. മക്കൾ: ടി.കെ.ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: സി.കെ.കരുണാകരൻ (എറണാകുളം), മഞ്ചേരി സി.ശ്രീധരൻനായർ (മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ). മണ്ണാർക്കാട് തച്ചങ്ങോട് വി.എസ്.കെ.പണിക്കരുടെയും കല്ല്യാണിക്കുട്ടിയമ്മയുടെയും മകനായി 1932 ജൂൺ 14ന് ആയിരുന്നു ജനനം.  അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1952ൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായി. 1956ൽ പ്രധാനാധ്യാപകനായി. 1977ൽ  വിആർഎസ് വാങ്ങി സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1977, 80, 84 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട്ടുനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മലമ്പുഴയിൽനിന്ന് മൂന്നു തവണ (1987,1991,1996) നിയമസഭയിലെത്തി.

1987ലെ മന്ത്രിസഭയിൽ  വൈദ്യുതി–ഗ്രാമവികസന മന്ത്രിയും 1996ലെ മന്ത്രിസഭയിൽ ധനകാര്യ– എക്‌സൈസ് മന്ത്രിയുമായി. 1993– 96 കാലഘട്ടത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു. മന്ത്രിയായിരിക്കെ, കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപിച്ചു കൊടുത്ത തീരുമാനവും മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനെടുത്ത നടപടികളും എക്കാലവും ഓർമിക്കപ്പെടും.

അധ്യാപക പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ തുടങ്ങിയ സൗത്ത് മലബാർ ഹൈസ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ (കെപിടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1955ൽ ആണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്. പിന്നീട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാലാ സെനറ്റ്, സിൻഡിക്കറ്റ് അംഗമായും പ്രവർത്തിച്ചു.

മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം എംപി, വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തുടങ്ങിയവർ മഞ്ചേരിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ് എന്നിവർ ഇന്നു മഞ്ചേരിയിലെത്തി അന്തിമോപചാരം അർപ്പിക്കും. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ ആദരാഞ്ജലി അർപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS