ടി.ശിവദാസമേനോൻ; സമരങ്ങളിലെ മുൻനിരപ്പോരാളി

ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിക്കാൻ എത്തുന്ന ടി.ശിവദാസമേനോൻ. (ഫയൽ ചിത്രം) 2. ടി.ശിവദാസമേനോൻ പഴയകാല ചിത്രം.
SHARE

മഞ്ചേരി ∙ പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ കണിശത കാണിച്ച നേതാവായിരുന്നു ടി.ശിവദാസമേനോൻ. സമരങ്ങളിലൂടെ മാത്രമേ സാമൂഹിക മാറ്റം സാധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാലക്കാട് കലക്ടറേറ്റിന് മുൻപിൽ ഇടതുപക്ഷ സമരങ്ങളുടെ മുൻനിരയിൽ എന്നുമുണ്ടായിരുന്നു. മുത്തങ്ങ വെടിവയ്പു സംഭവം അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന തലത്തിൽ ഉയർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിനായി. സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ ‍ഡിവൈഎസ്പി ഓഫിസ് മാർച്ച് അക്രമത്തിലാണ് കലാശിച്ചത്. പൊലീസ് ലാത്തിച്ചാർജിൽ ശിവദാസമേനോന് തലയ്ക്കു ഗുരുതര പരുക്കേറ്റു.

ദിവസങ്ങളോളം ഐസിയുവിലായിരുന്നു. ശിവദാസമേനോന് മർദനമേറ്റത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അന്വേഷണത്തോട് അദ്ദേഹം സഹകരിച്ചില്ല.  നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ശഠിച്ചു. പാലക്കാട്ട് സിറാജുന്നീസ എന്ന പെ‍ൺകുട്ടി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശിവദാസമേനോന്റെ നിലപാടും നിയമസഭയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കി. 

പള്ളിയിൽ പൊലീസ് ബൂട്ടിട്ടു കയറിയതും വെടിവയ്പും സംബന്ധിച്ച വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. എഫ്ഐആറിന്റെ കോപ്പി സഭയിൽ വലിച്ചുകീറി. 11 വയസ്സുള്ള സിറാജുന്നീസയെ ശവംതീനികൾ ബലിയാടാക്കി എന്നാണ് അന്നു സഭയിൽ പ്രസംഗിച്ചത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളുമായി അവസാന നിമിഷം വരെ അടുത്ത ബന്ധം പുലർത്തി. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്.അച്യുതാനന്ദൻ തുടങ്ങിയവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. മഞ്ചേരിയിലോ മലപ്പുറത്തോ എത്തിയാൽ മഞ്ചേരിയിലെ ശിവദാസമേനോന്റെ വീട്ടിൽ ഇവർ എത്തുന്നതു പതിവായിരുന്നു.

2003ൽ പാലക്കാട് എസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ ടി.ശിവദാസ മേനോൻ. (ഫയൽ ചിത്രം)

മലബാറിന്റെ ‘വെളിച്ചം’

മഞ്ചേരി ∙ ഭരണാധികാരിയെന്ന നിലയിൽ ഒട്ടേറെ വികസന പ്രവൃത്തികൾക്കും പുത്തൻ ആശയങ്ങൾക്കും വിത്തുപാകിയ നേതാവായിരുന്നു ടി.ശിവദാസ മേനോൻ. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് പദ്ധതികൾ നടപ്പാക്കാൻ രൂപീകരിച്ച ‘കിഫ്ബി’യുടെ ആദ്യ ആശയം നൽകിയത് ടി.ശിവദാസമേനോനാണ്. 1996–2001ൽ ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരളം വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ട സമയത്താണ് കിഫ്ബി എന്ന പേരിൽ ഫണ്ട് ബോർഡ് സ്ഥാപിക്കണമെന്ന് അന്ന് ധനമന്ത്രിയായിരുന്ന ടി.ശിവദാസ മേനോൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ മുന്നോട്ടുപോയെങ്കിലും വായ്പ ലഭിക്കാൻ വഴി തുറക്കാത്തതിനാൽ പദ്ധതി നടന്നില്ല. ഈ ആശയ‍‍ം പിന്നീട് യാഥാർഥ്യ‌മാകുന്നതു കേരളം കണ്ടു.  മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതും അദ്ദേഹമാണ്. പാലക്കാട് പുതുശ്ശേരി, മലപ്പുറം ജില്ലയിലെ അരീക്കോട്, കണ്ണൂരിലെ വാരം എന്നിവിടങ്ങളിലെല്ലാം സബ്സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നീക്കമുണ്ടായത് അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ്. അരീക്കോട് 220 കെവി സബ് സ്റ്റേഷനു സ്ഥലം ഏറ്റെടുക്കുന്ന നിർണായക തീരുമാനം വന്നത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയായിരുന്നു.

സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായി പാലക്കാട് കഞ്ചിക്കോടിനെ കൈപിടിച്ചുയർത്തിയതിൽ ടി.ശിവദാസ മേനോൻ എന്ന മന്ത്രിക്കുള്ള പങ്ക് വളരെ വലുതാണ്. അദ്ദേഹം മന്ത്രിയായിരിക്കെയാണ് ന്യൂ ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് (നിഡ)പദ്ധതി നടപ്പാക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതും. ഇതോടെയാണു സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിൽ കഞ്ചിക്കോട് രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയർന്നത്. ഒപ്പം നൂറു കണക്കിനു വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തനം തുടങ്ങി. ആയിരങ്ങൾക്കു തൊഴിൽ ലഭിച്ചു. ധനമന്ത്രിയായിരിക്കെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിർമാണത്തിനു ബജറ്റിൽ തുക വകയിരുത്തിയത് പ്രവൃത്തികൾക്ക് ആക്കം കൂട്ടി.

മുൻ മന്ത്രി ടി.ശിവദാസമേനോന്റെ ഭൗതിക ശരീരം മഞ്ചേരിയിലെ വീട്ടിലെത്തിച്ചപ്പോൾ വിതുമ്പുന്ന മകൾ ലക്ഷ്മി ദേവിയെ ആശ്വസിപ്പിക്കുന്ന ബന്ധു. ശിവദാസമേനോന്റെ സഹോദരിമാരായ സൂര്യ കുമാരി, ഇന്ദു കുമാരി എന്നിവർ സമീപം. ചിത്രം: മനോരമ

ശിവദാസ മേനോന്റെ നിര്യാണത്തിൽ അനുശോചനം

മലപ്പുറം∙ മുൻ ധനകാര്യ മന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കമ്യൂണിസ്റ്റ് തറവാട്ടിലെ തലമുതിർന്ന നേതാവായിരുന്നു ശിവദാസ മേനോനെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിഷ്കളങ്കമായി പൊതുപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്നു. 

മുൻമന്ത്രി ടി.ശിവദാസമേനോന്റെ ഭൗതിക ശരീരം മഞ്ചേരിയിലെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.അനിൽ, സെക്രട്ടറി ഇ.എൻ.മോഹൻദാസ്, പാലോളി മുഹമ്മദ് കുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.രമേശൻ, മരുമകൻ മഞ്ചേരി സി.ശ്രീധരൻ നായർ, മകൾ ലക്ഷ്മി ദേവി എന്നിവർ. ചിത്രം: മനോരമ

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ, ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി, സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി,  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് തുടങ്ങിയവർ അനുശോചിച്ചു.

വഴിവിളക്കുകൾ മറഞ്ഞാലും വെളിച്ചം ബാക്കിയാകും

മഞ്ചേരി∙ ‘ഇ.കെ.നായനാർ മന്ത്രിസഭയിൽ ഇനി ബാക്കിയുള്ളത് ഞങ്ങൾ രണ്ടു പേർ. ഞാനും നീലലോഹിതദാസൻ‍ നാടാരും. ഓരോരുത്തരായി വിട പറയുമ്പോൾ അവരുടെ ജ്വലിക്കുന്ന ഓർമകളാണ് ഞങ്ങളുടെ ഊർജം’. മുൻ മന്ത്രി ടി.കെ.ഹംസയുടെ ഓർമകളിൽ ടി.ശിവദാസ മേനോൻ വെറും മന്ത്രി മാത്രമല്ല. ഒരാൾ നാടുനീളെ പുതുവഴികൾ തുറന്ന മരാമത്ത് മന്ത്രി. മറ്റേയാൾ ആ വഴികളിൽ വിളക്കു തെളിച്ച വൈദ്യുതി മന്ത്രി. അന്നത്തെ മന്ത്രിസഭയിലെ ‘വഴി വിളക്കുകൾ’ ആയിരുന്നു ഇവർ രണ്ടുപേരുമെന്നു പറയാം.

‘ മലബാറിൽ നിന്നു ട്രെയിനിൽ തിരുവനന്തപുരംവരെ ഞങ്ങൾ ഒന്നിച്ചായിരിക്കും. അവിടെ എത്തിയാൽ ടി.കെ.രാമകൃഷ്ണൻ, കെ.ആർ.ഗൗരിയമ്മ തുടങ്ങി പ്രമുഖരുടെ നിര കാത്തിരിപ്പുണ്ടാകും. ഞങ്ങൾ ഇരുവരും മലബാറിൽ നിന്നുള്ളവർ. ‍ഞാൻ മലപ്പുറത്തു നിന്നും അദ്ദേഹം പാലക്കാട്ടു നിന്നും. ഞങ്ങൾ അടുക്കുന്നതിനു മുൻപേ ഞങ്ങളുടെ ജില്ലകൾ അടുപ്പത്തിലായിരുന്നു. 1987ൽ ഞാൻ മരാമത്ത് മന്ത്രി ആയപ്പോൾ അദ്ദേഹം വൈദ്യുതി മന്ത്രി. പിന്നീട് ഞാൻ ചീഫ് വിപ്പ് ആയപ്പോൾ അദ്ദേഹം ധനകാര്യ മന്ത്രി. അദ്ദേഹത്തിന് ചെറുപ്പം മുതലേ പാർട്ടിയുമായി ബന്ധമുണ്ട്. ഞാൻ അൽപം വൈകിയാണ് എത്തിയത്.

നാട്ടിൽ സർക്കാർ പരിപാടികളും പാർട്ടി നിലപാടും വിശദീകരിക്കാൻ പാർട്ടി നേതൃത്വം ഞങ്ങളെയാകും നിയോഗിക്കുക. രണ്ടു പേർക്കും ഓരോ പ്രസംഗ ശൈലി ഉണ്ട്. നാട്ടുകാരെ കയ്യിലെടുക്കണം. അതിന് അച്ചടി ഭാഷ പറ്റില്ല. നാടൻ പ്രയോഗങ്ങളും കുറച്ച് തമാശകളും തട്ടി വിടണം. കയ്യടി കിട്ടണം. വേദിയിൽ ആളെ പിടിച്ചിരുത്താൻ അല്ലറ ചില്ലറ പൊടിക്കൈ പ്രയോഗമൊക്കെ ആകാം. ഞങ്ങളുടെ ശൈലി പാർട്ടി നേതൃത്വവും അംഗീകരിച്ചു. പാർട്ടി കോൺഗ്രസിനു പോകുമ്പോൾ ഒന്നിച്ച് ആയിരിക്കും. കൊൽക്കത്തയിൽ ഒരു മുറിയിൽ ആയിരുന്നു താമസം. ചുമതലകളിൽ നിന്ന് മാറിയ അദ്ദേഹത്തിന്റെ വിശ്രമ ജീവിതം മഞ്ചേരിയിലായിരുന്നു. ഞാനും മഞ്ചേരിയിൽ തന്നെയാണ്. സംഭവ ബഹുലമായ ഒരു കാലം ആണ് മേനോന്റെ വിയോഗത്തിലൂടെ ഓർമയാകുന്നത്.’

രാഷ്ട്രീയക്കാരുടെ അധ്യാപകൻ ഇ.എൻ.മോഹൻദാസ് സിപിഎം ജില്ലാ സെക്രട്ടറി

‘ഞാൻ കോട്ടപ്പടി ഗവ. ടിടിഐയിൽ പഠിക്കുന്ന കാലത്താണ് രാഷ്ട്രീയക്കാരുടെയെല്ലാം അധ്യാപകനായ ടി.ശിവദാസ മേനോനെ ‌‌ആദ്യമായി കാണുന്നത്.  ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. ലളിത സുന്ദരമായ പ്രസംഗശലിയാണ് ആദ്യം ആകർഷിച്ചത്. പിന്നീട് ഞാൻ സംഘടനാ രംഗത്തേക്കു വന്നപ്പോഴും അദ്ദേഹത്തിന്റെ എത്രയോ പാർട്ടി പഠനക്ലാസുകളിൽ പങ്കെടുത്തു. ദക്ഷിണ മലബാറിൽ പാർട്ടിയുടെ ജനസ്വാധീനം വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കു പ്രധാന പങ്കുണ്ട്. യോഗങ്ങളിൽ പ്രസംഗിക്കാനെത്തിയാൽ ആദ്യം മൈക്ക് സ്റ്റാൻഡ് (പോഡിയം) എടുത്തുമാറ്റി, മുന്നിൽ ഒരു കസേരയിടും.

എന്നിട്ട് അതിൽപിടിച്ചിട്ടായിരിക്കും പ്രസംഗിക്കുക. പ്രസംഗം മണിക്കൂറുകൾ നീണ്ടാലും കേൾവിക്കാർ ഹാപ്പി. ഞങ്ങളുടെ തലമുറയിൽപെട്ട പ്രവർത്തകർ അദ്ദേഹത്തെ രക്ഷിതാവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത്. ഭരണാധികാരിയെന്ന നിലയിൽ മലബാറിനും മലപ്പുറത്തിനും പ്രത്യേക പരിഗണന  അദ്ദേഹം നൽകി. മലപ്പുറത്തിന്റെ കായികസ്വപ്‌നങ്ങൾക്ക്‌ നിറംപകർന്ന പയ്യനാട്‌ സ്‌റ്റേഡിയത്തിന്‌ ഫണ്ട്‌ അനുവദിച്ചത്‌ അദ്ദേഹം ധനമന്ത്രിയായിരിക്കെയാണ്‌. മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന്‌ പരിഹാരം കാണാൻ അരീക്കോട്‌ 220 കെവി സബ്‌സ്‌റ്റേഷൻ സ്ഥാപിച്ചത്‌ അദ്ദേഹം വൈദ്യുതി മന്ത്രിയായിരിക്കെയാണ്‌. പഞ്ചായത്ത്‌ ഓഫിസുകൾക്ക്‌ സ്വന്തം കെട്ടിടം ഒരുക്കിയതും ശിവദാസമേനോന്റെ കാലത്താണ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS