ADVERTISEMENT

കാലിക്കറ്റ് ഉൾപ്പെടെയുള്ള കേരളത്തിലെ സർവകലാശാലകൾ വിദൂരപഠന വിഭാഗം, പ്രൈവറ്റ് റജിസ്ട്രേഷൻ വഴി ബിരുദം, ബിരുദാന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതു തടഞ്ഞുകൊണ്ടു ഈ മാസം 9ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കു കോഴ്സുകൾ നടത്താൻ യുജിസി വിദൂര പഠന ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സർവകലാശാലകൾക്ക് അനുമതി നൽകൂവെന്നാണു സർക്കാർ നിലപാട്. കഴിഞ്ഞവർഷം 32,527 വിദ്യാർഥികളാണു കാലിക്കറ്റ് വിദൂരപഠന വിഭാഗത്തിൽ റജിസ്റ്റർ ചെയ്തത്. സീറ്റുകൾ കുറവും അപേക്ഷകർ കൂടുതലുമുള്ള മലബാർ മേഖലയിലെ വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയുടെ വഴിയടയ്ക്കുന്നതാണു പുതിയ ഉത്തരവ്.

തേഞ്ഞിപ്പലം ∙കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ വിദൂര പഠന വിഭാഗം, പ്രൈവറ്റ് റജിസ്ട്രേഷൻ എന്നിവ നിർത്തലാക്കിയതോടെ റഗുലർ കോളജുകളിൽ സീറ്റ് ലഭിക്കാത്ത മലബാറിലെ വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം കൂടുതലും റഗുലർ സീറ്റുകളുടെ എണ്ണം കുറവുമുള്ള മലബാറിലാണു സർക്കാരിന്റെ പുതിയ നീക്കം വലിയ തിരിച്ചടിയാകുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സിൻഡിക്കറ്റ് പ്രതിനിധി സംഘം സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു മലബാറിലെ ആയിരക്കണക്കിനു വിദ്യാർഥികൾ. ഓപ്പൺ സർവകലാശാലയ്ക്ക് നടത്തിപ്പിന് അനുമതി ലഭിക്കാത്ത കോഴ്സുകൾ ഉണ്ടെങ്കിൽ അക്കാര്യം പരിശോധിച്ച് അപ്പോൾ തീരുമാനിക്കാമെന്ന ഉറപ്പാണ് നിവേദക സംഘത്തിന് ലഭിച്ചത്. ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സ് നടത്തിപ്പിന് ഇക്കൊല്ലം യുജിസി വിദൂര പഠന ബ്യൂറോയുടെ അനുമതി കിട്ടുമെന്നോ, ഇല്ലെന്നോ ഉറപ്പില്ല. അനുമതി കിട്ടിയില്ലെങ്കിൽ മറ്റു  സർവകലാശാലകളെ ഇക്കൊല്ലം കൂടി  വിദൂര പഠന കോഴ്സുകൾ തുടരാൻ അനുവദിക്കും. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിക്കാത്ത കോഴ്സുകൾ ഉണ്ടെങ്കിൽ അവ മറ്റു സർവകലാശാലകളിൽ തുടരാൻ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

കണക്കുകൾ പറയും കാര്യം

കാലിക്കറ്റ് സർവകലാശാലാ വിദൂര പഠന വിഭാഗം പരീക്ഷാ ഭവൻ.

സർക്കാർ തീരുമാനത്തിന്റെ പൊള്ളത്തരവും ഇതു മലബാറിലെ വിദ്യാർഥികളോടു  ചെയ്യുന്ന ചതിയും ചില കണക്കുകളിലൂടെ എളുപ്പത്തിൽ മനസ്സിലാകും. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 427 കോളജുകളുണ്ട്. യൂണിവേഴ്സിറ്റി തേഞ്ഞിപ്പലം, തൃശൂർ, ചെതലയം (വയനാട്) ക്യാംപസുകളിലായി 34 പഠന വകുപ്പുകളുമുണ്ട്. കോളജുകളിൽ 301 എണ്ണം ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്നവയാണ്. ആ കോളജുകളിലായി ബിഎ, ബികോം, ബിഎസ്‌‌സി തുടങ്ങിയ ബിരുദ കോഴ്സുകൾക്കായി ഒരു ലക്ഷത്തിലേറെ സീറ്റുകളുമുണ്ട്.

അവയിൽ കാൽ ലക്ഷത്തിലേറെ സീറ്റുകൾ കഴിഞ്ഞ അധ്യയന വർഷം ഒഴിഞ്ഞുകിടക്കുകയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. എന്നിട്ടും കഴിഞ്ഞ അധ്യയന വർഷം 32,527 കുട്ടികളാണ് വിദൂര പഠന വിഭാഗത്തിൽ ചേർന്നത്. സീറ്റുകൾ മിക്കവാറും ഒഴിഞ്ഞ് കിടക്കുന്നത് സ്വാശ്രയ കോളജുകളിൽ ആണെന്നതാണെന്നതാണ് പ്രശ്നം. പാവപ്പെട്ട വിദ്യാർഥികളെ സംബന്ധിച്ച് അവിടത്തെ ഫീസ് താങ്ങാനാകില്ല. മാത്രവുമല്ല വിവിധ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി അതിനൊപ്പം പഠനം നടത്തുന്നവർക്ക് കോളജുകളെ ആശ്രയിക്കാനും കഴിയില്ല.

വിദൂരപഠന വിഭാഗത്തിന്റെ വരുമാനം

കാലിക്കറ്റ് വിദൂര പഠന വിഭാഗത്തിന്റെ വരുമാനക്കണക്ക് ഇങ്ങനെ– വർഷം ബ്രാക്കറ്റിൽ: ∙ 12 കോടി രൂപ (2017–18), 23.17 കോടി (2018–19), 29.85 കോടി (2019–20), 18.83 കോടി (2020–21).

വിദ്യാർഥികളുടെ എണ്ണം

∙ 44,891 (2017–18), 50,476 (18–19), 53,531 (19–20), 33,570 (20–21), 32,527 (2021–22).യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അനുവദിക്കാതെ തട്ടിക്കൂട്ടിയ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ  പഠിച്ചാൽ മതിയെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. കാലിക്കറ്റ് അടക്കമുള്ള കേരളത്തിലെ സർവകലാശാലകൾ പണമുള്ള വീട്ടിലെ കുട്ടികൾക്കും ഓപ്പൺ സർവകലാശാല പാവപ്പെട്ട കുട്ടികൾക്കും എന്നതിൽ നീതിയില്ല.  എ. പ്രഭാകരൻ  പ്രസിഡന്റ്, സ്റ്റേറ്റ് പാരലൽ കോളജ് അസോസിയേഷൻ

ജോലിയിലും ആശങ്ക

5 ജില്ലകളിലായി നൂറുക്കണക്കിന് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരക്കണക്കിന് അധ്യാപകരും. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സർക്കാർ ജോലി കിട്ടാതെ സമാന്തര വിദ്യാഭ്യാസ മേഖലയിലൂടെ ജീവിത വഴി തുറന്നവരാണ് അവർ. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് പലരും പാരലൽ കോളജുകളും കോഓപ്പറേറ്റീവ് കോളജുകളും സ്ഥാപിച്ചത്. കുട്ടികളുടെ പേര് വിദൂര പഠന വിഭാഗത്തിൽ റജിസ്റ്റർ ചെയ്താണ് പരീക്ഷാ സൗകര്യം ഉറപ്പാക്കുന്നത്.

നിലവിലെ കോഴ്സുകൾ

∙ ബിരുദം– ബിഎ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, അഫ്‌സലുൽ ഉലമ, ബിബിഎ, ബികോം.

∙ പിജി– എംഎസ്‌സി മാത്തമാറ്റിക്സ്, എംകോം, എംഎ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്കൃതം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com