ഇൻക്വിലാബ് വിളികളുടെ അകമ്പടിയിൽ വിപ്ലവ സൂര്യന് യാത്രാമൊഴി; ടി.ശിവദാസമേനോൻ ഇനി ഓർമകളിലെ തീനാളം

മഞ്ചേരിയിലെ വസതിയിൽ പൊതുദർശനത്തിനുവച്ച ടി.ശിവദാസമേനോന്റെ ഭൗതിക ശരീരത്തിൽ അന്ത്യാഭിവാദ്യം അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, എം.വി.ഗോവിന്ദൻ, പി.രാജീവ്, കെ.രാധാകൃഷ്ണൻ, സ്പീക്കർ എം.ബി.രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, സെക്രട്ടേറിയറ്റ് അംഗം വി.പി.അനിൽ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
SHARE

മഞ്ചേരി ∙ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോനു വിട. മകൾ ടി.കെ.ലക്ഷ്മീദേവിയുടെ മഞ്ചേരി കച്ചേരിപ്പടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഭാര്യ ഭവാനിയമ്മയുടെ ശവകുടീരത്തിനു സമീപമാണു ചിതയൊരുക്കിയത്. കൊച്ചുമകൾ ഡോ. നീത ശ്രീധരനും ഭർത്താവ് ഡോ. എം.എസ്.നെബുവും ചേർന്നു ചിതയ്ക്കു തീകൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും വിവിധ മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും  സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.

പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം ചെങ്കൊടി പുതപ്പിച്ച മൃതദേഹം ചിതയിൽ വച്ചപ്പോൾ ആദര സൂചകമായി റെഡ് വൊളന്റിയർമാർ മുദ്രാവാക്യം വിളിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു കഴിഞ്ഞദിവസം രാവിലെ 11.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് മൂന്നുമുതൽ മഞ്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളുമടക്കം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സംസ്കാരച്ചടങ്ങിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും പങ്കെടുക്കാനായി ഇന്നലത്തെ നിയമസഭാസമ്മേളനം ഒഴിവാക്കിയിരുന്നു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, പി.രാജീവ്, ആർ.ബിന്ദു, വി.അബ്ദുറഹിമാൻ, എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, യു.എ.ലത്തീഫ്, എ.പി.അനിൽകുമാർ തുടങ്ങി ഒട്ടേറെ നേതാക്കൾ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

ഇൻക്വിലാബ് വിളികളുടെ അകമ്പടിയിൽ വിപ്ലവ സൂര്യന് യാത്രാമൊഴി

ടി.ശിവദാസമേനോന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കൗൺസിലർ യാഷിക് മേച്ചേരി, എം.റഹ്‍മത്തുല്ല, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, എം.ഉമ്മർ, വല്ലാഞ്ചിറ മുഹമ്മദാലി തുടങ്ങിയവർ സമീപം.

മഞ്ചേരി∙ കമ്യൂണിസ്റ്റ് ആദർശത്തിന്റെ പേരും പെരുമയും ചരിത്രത്തിൽ അടയാളപ്പെടുത്തിയ ടി.ശിവദാസ മേനോന്റെ ഭൗതിക ശരീരം ചിതയേറ്റു വാങ്ങുമ്പോൾ മുഴങ്ങിയ ഇൻക്വിലാബ് വിളികൾക്ക് എന്നത്തെക്കാളും മുഴക്കമുണ്ടായിരുന്നു. സഹപ്രവർത്തകരോടും അനുഭാവികളോടുമുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധം തന്നെയായിരുന്നു അഭിവാദ്യങ്ങളുടെ മുഴക്കത്തിനു പിന്നിലും. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം മഞ്ചേരിയിലെ ‘നീതി’യിൽ പൊതുദർശനത്തിനായി എത്തിച്ചത്.

ജില്ലയ്ക്കകത്തും പുറത്തുംനിന്ന് ഒട്ടേറെപ്പേർ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ എത്തി. അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്ന പാലക്കാട്ടു നിന്നു പ്രത്യേക വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്. ഇന്നലെ രാവിലെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ തുടങ്ങിയപ്പോൾവീടും പരിസരവും നിറഞ്ഞു കവിഞ്ഞു. ചിതയൊരുക്കിയ സ്ഥലത്തെ തിരക്കൊഴിവാക്കാൻ അടുത്ത ബന്ധുക്കളെയും നേതാക്കളെയും മാത്രമാണ് കടത്തിവിട്ടത്.

ഇടതുപക്ഷ സംഘടനാ പ്രവർത്തകർക്കും അനുഭാവികൾക്കും പുറമേ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. എ.പി.അബ്ദുൽ വഹാബ്, പി.ജയരാജൻ, പി.ശ്രീരാമകൃഷ്ണൻ, പി.ശശി, എസ്.ശർമ, പി.കെ.സൈനബ, കലക്ടർ വി.ആർ.പ്രേംകുമാർ, കൃഷ്ണൻ കോട്ടുമല, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, സന്ദീപ് വാരിയർ, എം.റഹ്‌മത്തുല്ല, ശ്രീകുമാർ മേനോൻ, മഞ്ചേരി നഗരസഭാധ്യക്ഷ വി.എം.സുബൈദ‍ തുടങ്ങി ഒട്ടേറെ നേതാക്കൾ  വീട്ടിലെത്തി ശിവദാസ മേനോന് യാത്രാമൊഴി നൽകി.

ആദ്യാവസാനം പങ്കെടുത്ത് മുഖ്യമന്ത്രി 

മഞ്ചേരി ∙ ടി.ശിവദാസ മേനോന്റെ സംസ്കാരച്ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ.  അദ്ദേഹം രാവിലെ 9.45ന് മഞ്ചേരിയിലെ വീട്ടിലെത്തി ശിവദാസ മേനോന് അന്ത്യാഭിവാദ്യം അർപ്പിച്ചു. ഗാർഡ് ഓഫ് ഓണർ നൽകാൻ ഭൗതികശരീരം മുറ്റത്തേക്ക് എടുത്തപ്പോഴും സംസ്കാരത്തിനു വീടിന്റെ പിൻഭാഗത്ത് ചിതയിലേക്ക് എടുത്തപ്പോഴും അദ്ദേഹം അനുഗമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS