ADVERTISEMENT

എടക്കര ∙ കവളപ്പാറ ദുരന്തത്തിൽ‌ വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങളോട് പുനരധിവാസത്തിനു നിർമിച്ച വീടുകളിലേക്ക് മടങ്ങണമെന്ന് ഐടിഡിപി അധികൃതർ. വീടുകളിൽ വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാൽ താമസം മാറ്റാനാകാതെ ആദിവാസികൾ ദുരിതത്തിൽ. പോത്തുകല്ല് ടൗണിൽ കുടുംബങ്ങൾ താമസിക്കുന്ന ഓഡിറ്റോറിയത്തിന് ഇനി വാടക നൽകില്ലെന്ന നിലപാടിലാണ് അധികൃതർ. ജൂൺ 30 വരെ മാത്രമേ വാടക നൽകുകയുള്ളൂ എന്നും ക്യാംപ് ഒഴിയണമെന്നും കാണിച്ചാണ് ഐടിഡിപി പ്രോജക്ട് ഓഫിസർ കത്തു നൽകിയത്.

കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിൽ നിർമിക്കുന്ന വീടുകൾ.

ഓഗസ്റ്റ് 9 ആകുമ്പോൾ ക്യാംപ് തുടങ്ങിയിട്ട് 3 വർഷകമാകും. 33 ആദിവാസി കുടുംബങ്ങളാണ് ക്യാംപിലുണ്ടായിരുന്നത്. ഇത്രയും കുടുംബങ്ങൾ താമസിക്കാൻ സൗകര്യമില്ലാതെ വന്നപ്പോൾ വാടകവീടുകളിലും ബന്ധുവീടുകളിലുമായി താമസം മാറി. ഇപ്പോൾ 14 കുടുംബങ്ങളുണ്ട്.  ഉപ്പട ആനകല്ലിൽ പുനരധിവാസത്തിനു വാങ്ങിയ സ്ഥലത്ത് 15 വീടുകളുടെ നിർമാണം മാത്രമാണ് പൂർത്തീകരിച്ചത്. ബാക്കി വീടുകൾ തറപ്പണിയിലും ഭിത്തി നി‍ർമാണത്തിലുമെത്തി മുടങ്ങിക്കിടക്കുകയാണ്. 27 വീടുകളുടെ നിർമാണം പോത്തുകല്ല് പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്. ഫണ്ട് ലഭിക്കാത്തതിനാലാണ് വീടുകളുടെ പണി പൂർത്തീകരിക്കാത്തതെന്നു സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

പണം അക്കൗണ്ടിൽ വന്നെങ്കിലും ഗുണഭോക്താക്കൾ അതു ചെലവഴിക്കുകയായിരുന്നു. അക്കൗണ്ടിൽ വന്ന പണം ഭവന നിർമാണത്തിന് അനുവദിച്ചതാണെന്ന് അറിയാതെയാണ് ചെലവഴിച്ചതെന്നാണ് ആദിവാസികൾ പറയുന്നത്. സർക്കാരിന്റെ 4 ലക്ഷവും ഐടിഡിപിയുടെ 2 ലക്ഷവും ചേർത്ത് 6 ലക്ഷം രൂപയാണ് ഒരു വീടിന് നൽകുന്നത്. ഇതിൽ ഐടിഡിപിയുടെ ഫണ്ട് അവസാന ഗഡുവായി മാത്രമേ ലഭിക്കൂ. വീട്ടിൽ വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് ഒരു പദ്ധതിയും അനുവദിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com