എടക്കര ∙ ആനക്കൂട്ടം നാട്ടിലിറങ്ങുന്നതു പതിവായതോടെ നാട്ടുകാർ ഭീതിയിൽ. പോത്തുകല്ല് വെള്ളുമ്പിയംപാടം, അമ്പുട്ടാൻപൊട്ടി, കുനിപ്പാല പ്രദേശത്താണ് രണ്ടാഴ്ചയോളമായി രാത്രിയായാൽ ആനക്കൂട്ടമെത്തുന്നത്. കായ്ഫലമുള്ള തെങ്ങും കമുകും കുലച്ച വാഴകളും ഉൾപ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ച് നേരം പുലരുമ്പോഴാണ് ആനക്കൂട്ടം കാട്ടിലേക്കു മടങ്ങുന്നത്. കെ.ടി.അബ്ദുൽ കരീം, മുഹമ്മദലി ഉലുവാൻ, ഹൈദ്രു സ്രാമ്പിക്കൽ, അബു കാരാടൻ, അമീർ കുനിപ്പാല എന്നിവരുടെ കൃഷികളാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. കൃഷി നശിപ്പിക്കുന്നത് കൂടാതെ ആനക്കൂട്ടം ജീവനം ഭീഷണിയാണെന്നാണ് നാട്ടുകാർ പറയുന്നു. വീടുകളുടെ മുറ്റത്തുവരെ ആനക്കൂട്ടം എത്തുന്നുണ്ട്. സ്ഥിരമായി ഒരു കൂട്ടം ആനകളാണ് നാട്ടിലിറങ്ങുന്നത്. ഈ ആനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് അധികൃതർ തയാറാവാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ചക്കക്കാലമല്ലേ എന്ന് വനം വകുപ്പ്
‘ചക്കക്കാലമല്ലേ, ചക്ക തീരുമ്പോൾ ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിക്കോളും...’ ആനക്കൂട്ടം നാട്ടിലിറങ്ങുന്നതു തടയാൻ നടപടി ആവശ്യപ്പെടുമ്പോൾ വനപാലകർ നൽകുന്ന മറുപടി ഇങ്ങനെയാണ്. എന്നാൽ, ചക്ക മാത്രം തിന്ന് ആനക്കൂട്ടം മടങ്ങുകയാണെങ്കിൽ പരാതിയില്ലെന്നും അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ മുഴുവനായി ആനക്കൂട്ടം നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു.