മലപ്പുറം ∙ പതിനേഴര വർഷം മുൻപ് അങ്ങാടിപ്പുറം മാലാപറമ്പിലെ റബർ തോട്ടത്തിൽ സ്ത്രീ കൊല്ലപ്പെട്ട കേസ് വീണ്ടും അന്വേഷിക്കാനും 3 മാസത്തിനകം തീർപ്പുകൽപിക്കാനും ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയോടാണ് നിർദേശം. പത്തത്ത് അബ്ദു എന്ന പൊതുപ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി.
2004 ഡിസംബർ 28ന് ആണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികളെപ്പറ്റി വിവരമൊന്നുമില്ലെന്ന് കാണിച്ച് 2009ൽ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന് തെളിവുകളേറെയുണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിച്ചത്. പരാതിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാനും കോടതി ഉത്തരവിൽ പറയുന്നു.