ADVERTISEMENT

വെളിയങ്കോട് ∙ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് വെളിയങ്കോട് പത്തുമുറിയിൽ 20 വീടുകൾ വെള്ളക്കെട്ടിൽ. തുടർച്ചയായുള്ള കടൽക്ഷോഭത്തിലാണ് വെളിയങ്കോട് പഞ്ചായത്തിലെ 17–ാം വാർഡിൽ ഉൾപ്പെടുന്ന പത്തുമുറിയിലെ വീടുകൾക്ക് ചുറ്റുമാണു വെള്ളക്കെട്ട് തുടരുന്നത്. ശക്തമായി തിരമാലകൾ കയറുന്ന സാഹചര്യത്തിൽ ഇൗ മേഖലയിലെ കുടുംബങ്ങൾ ഏത് സമയത്തും വീട് ഒഴിയേണ്ട അവസ്ഥയിലാണ്. 

വീടിന് ചുറ്റും വെള്ളക്കെട്ട് ആയതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കുഴൽ കിണറുകളിലേക്ക് കടൽ വെള്ളം കയറിയതോടെ ശുദ്ധ ജലക്ഷാമവും രൂക്ഷമായിട്ടുണ്ട്. വെളിയങ്കോട് തണ്ണിത്തുറയിലും പാലപ്പെട്ടി മേഖലയിലും കടൽ ക്ഷോഭം തുടരുകയാണ്. തണ്ണിത്തുറയിലും കാപ്പിരിക്കാട്ടും കര കടൽ കവർന്നു കൊണ്ടിരിക്കുകയാണ്. കാപ്പിരിക്കാട് കടൽ ഭിത്തിക്ക് പകരം സ്ഥാപിച്ച ജിയോ ബാഗും കടൽക്ഷോഭത്തിൽ തകർന്നിട്ടുണ്ട്.‌

തോടുകൾ  മണൽ മൂടി

∙ കടൽക്ഷോഭത്തിൽ മണൽ ഒഴുകി എത്തിയതോടെ പഞ്ചായത്ത് നവീകരിച്ച വെളിയങ്കോട് പത്തുമുറിയിലെ തോടുകൾ മണൽ മൂടി. വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് ഒരു വർഷം മുൻപ്  വെളിയങ്കോട് പഞ്ചായത്ത് തോട് നവീകരിച്ചത്. 2 ദിവസങ്ങളിലായി ഉണ്ടായ കടൽക്ഷോഭത്തിൽ തോട് മണൽ മൂടി കിടക്കുകയാണ്.തോട്ടിലെ മണൽ നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

പൊന്നാനി ഭാഗത്തും കടലാക്രമണം രൂക്ഷം

കടൽക്ഷോഭത്തെ തുടർന്ന് വെളിയങ്കോട് പത്തുമുറിയിലെ തോട്ടിൽ മണൽ നിറഞ്ഞപ്പോൾ.
കടൽക്ഷോഭത്തെ തുടർന്ന് വെളിയങ്കോട് പത്തുമുറിയിലെ തോട്ടിൽ മണൽ നിറഞ്ഞപ്പോൾ.

പൊന്നാനി ∙ കരയിലേക്ക് ആഞ്ഞടിച്ച് തിരമാലകൾ. കടലോരത്ത് വെള്ളക്കെട്ട്. നൂറോളം വീടുകളിൽ വെള്ളം കയറി. റോഡുകളിൽ നിന്നും വീടുകൾക്കു മുൻപിൽ നിന്നും വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥ. എംഇഎസ് കോളജിന് പിറകുവശം, മുറിഞ്ഞഴി, ഹിളർ പള്ളി പരിസരം, അഴീക്കൽ മേഖല, പുതുപൊന്നാനി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായിരിക്കുന്നത്. തിരയടിയിൽ തീരത്തേക്ക് ഒഴുകിയെത്തിയ വെള്ളം വീടുകൾക്ക് മുൻപിൽ കെട്ടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡുകൾ പലതും വെള്ളക്കെട്ടിലായതിനാൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.

വെള്ളം ഒഴുകിപ്പോകാൻ മറ്റ് സംവിധാനങ്ങളില്ലാത്തതിനാൽ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. അഴുക്കുചാൽ സംവിധാനങ്ങൾ ഇപ്പോഴും ശരിയല്ല. മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ നഗരസഭയിൽ ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും പണികളൊന്നും കാര്യക്ഷമമായിരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കടൽ ഭിത്തിയില്ലാത്ത മേഖലകളിൽ തീരത്തെ വീടുകളിലേക്കാണ് ശക്തിയായ തിരയടിക്കുന്നത്. പല വീടുകളും തകർച്ചാ ഭീഷണിയിലാണ്. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെ വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് കടൽ ഭിത്തിയുള്ളത്. ഭിത്തിയുള്ള ഭാഗങ്ങളിൽ പലയിടത്തും തകർച്ച സംഭവിച്ചിട്ടുമുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ജിയോ ടെക്സ്റ്റൈൽ ട്യൂബുകളടക്കം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com