എന്താ... ലേ, അർബാനയുന്തിയുള്ള യുവാക്കളുടെ യാത്ര ഒടുവിൽ ലേയിൽ എത്തി

അർബാനയുമായി കർദുംഗ്‌ല പാസിലെത്തിയ മുജ്തബയും ശ്രീരാഗും.
അർബാനയുമായി കർദുംഗ്‌ല പാസിലെത്തിയ മുജ്തബയും ശ്രീരാഗും.
SHARE

തിരൂർ ∙ വഴിയിൽ കാണുന്നതെല്ലാം വരച്ചെടുത്ത് അർബാനയുമുന്തി 7 മാസം നടന്ന് രണ്ട് യുവാക്കൾ ലേ എന്ന ലക്ഷ്യത്തിലെത്തി. വൈലത്തൂർ ഈങ്ങാപ്പടലിൽ മുജ്തബയും കുറ്റിപ്പുറം കുണ്ടുതടത്തിൽ ശ്രീരാഗുമാണ് ആരും പരീക്ഷിക്കാത്ത ഒരു ഹിമാലയൻ യാത്ര നടത്തിയത്. ഡിസംബർ 7ന് ആണ് ഇവർ യാത്ര തുടങ്ങിയത്. വസ്ത്രങ്ങളും ഭക്ഷണത്തിനുള്ള അരിയും മറ്റു സാധനങ്ങളുമാണ് അർബാനയിൽ (ഉന്തുവണ്ടി) കരുതിയത്. ഒരാൾ ഇത് ഉന്തിയും മറ്റൊരാൾ കയറിട്ട് വലിച്ചുമാണു നടന്നിരുന്നത്.

11 സംസ്ഥാനങ്ങൾ കടന്നാണ് ഇവർ ലഡാക്കിലെ ലേയിൽ എത്തിയത്. ഗ്രാമങ്ങൾ കണ്ടും അവിടെ പരിചയപ്പെടുന്നവരുടെ വീട്ടിൽ അതിഥികളായി തങ്ങിയുമായിരുന്നു യാത്ര. തിരൂർ ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികളായ ഇരുവരും യാത്രയിൽ കാണുന്നതെല്ലാം വരച്ചു കൂട്ടുകയും ചെയ്തു. പലർക്കും ചിത്രങ്ങൾ വരച്ചു നൽകി. ഇതുവഴി ലഭിച്ച വരുമാനമാണ് ചെലവിന് ഉപയോഗിച്ചത്.

ഒരാഴ്ച മുൻപ് കർദുംഗ്‌ല പാസിൽ ഇവർ അർബാനയുന്തി കയറിയെത്തി. ഇപ്പോൾ ഇവിടെ താമസിക്കുകയാണ്. 2 ദിവസത്തിനുള്ളിൽ മണാലിയിലേക്കു യാത്ര തിരിക്കും. അവിടെ നിന്ന് ട്രെയിനിൽ വീടുകളിലേക്ക് മടക്കയാത്ര. എന്നാൽ ഇത്രയും ദിവസം തങ്ങൾക്കൊപ്പമുണ്ടായിരുന്ന അർബാനയെ അവിടെ ഉപേക്ഷിക്കാൻ ഇവർ തയാറല്ല. നാട്ടിലേക്ക് മടങ്ങുമ്പോൾ ഇതും കൊണ്ടുവരും. ഇവിടെ എത്തിയാൽ യാത്രയ്ക്കിടെ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വയ്ക്കാനും പദ്ധതിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS