ADVERTISEMENT

മലപ്പുറം ∙ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ സ്വീകരണ മുറിയിലെ ഷോകേസിൽ നിറയെ ക്ലോക്കുകളും ടൈംപീസുകളും കാണാം. പല വലുപ്പത്തിൽ, വിവിധ രൂപത്തിലുള്ളത്. അവയിൽ നിറയെ ജീവിതത്തിലുടനീളം ഘടികാര സൂചിയുടെ കൃത്യത പാലിക്കുകയും അനേകായിരങ്ങൾക്കു മാതൃകയാകുകയും ചെയ്ത നേതാവിന്റെ ഓർമകളാണ്. മുസ്‌ലിം ലീഗിന്റെ മുൻ സംസ്ഥാന അധ്യക്ഷനും മത സൗഹാർദത്തിന്റെ ദീപസ്തംഭവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ വിനോദമായിരുന്നു ക്ലോക്ക്, ടൈംപീസ് ശേഖരണം. കൊടപ്പനയ്ക്കൽ തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ മകൻ മുനവ്വറലി തങ്ങൾ അവ പൊന്നുപോലെ സൂക്ഷിക്കുന്നു.

വിടവാങ്ങലിന്റെ 13–ാം വാർഷികത്തിലും ആ ഓർമകൾ പോലെ അദ്ദേഹത്തിന്റെ ശേഖരങ്ങൾക്കും നല്ല തിളക്കം. 2009 ഓഗസ്റ്റ് ഒന്നിനാണു മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞത്.സമയമറിയിക്കുന്ന വസ്തുക്കളോടെല്ലാം അദ്ദേഹത്തിനു പ്രത്യേക താൽപര്യമുണ്ടായിരുന്നു. ക്ലോക്കുകളോടും ടൈംപീസുകളോടുമുള്ള ഇഷ്ടം വാച്ചുകളോടുമുണ്ടായിരുന്നു. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളിൽ പോകാൻ സമയം കണ്ടെത്തുമായിരുന്നെന്നു മുനവ്വറലി പറയുന്നു. കൗതുകമുള്ള ക്ലോക്കുകളും ടൈംപീസുകളും വാച്ചുകളുമാണു വാങ്ങുക. 

പിന്നീട് അദ്ദേഹത്തിന്റെ താൽപര്യം കണ്ടറിഞ്ഞു പലരും ഇത്തരം വസ്തുക്കൾ സമ്മാനമായി നൽകാൻ തുടങ്ങി. ടൈംപീസുകളും ക്ലോക്കുകളും മാത്രം നൂറോളമുണ്ട്.രഥത്തിന്റെ മാതൃകയിലുള്ളത്, കപ്പലിന്റെ രൂപത്തിലുള്ളത്, വലിയ ക്ലോക്ക് ടവറിൽ സ്ഥാപിച്ചത് തുടങ്ങി വിവിധ രൂപത്തിലുള്ള ടൈംപീസുകൾ ശേഖരത്തിലുണ്ട്. 80 വർഷം വരെ പഴക്കമുള്ളവ അവയിൽ കാണാം. സമയത്തിന്റെ വില നല്ല പോലെ അറിയാവുന്ന വ്യക്തിയായിരുന്നു തങ്ങൾ. ദിവസം 18 മണിക്കൂർവരെ പ്രവർത്തനനിരതനായിരുന്നു. 

അതുകൊണ്ടായിരിക്കണം സമയവുമായി ബന്ധപ്പെട്ട വസ്തുക്കൾ അദ്ദേഹത്തിനിത്ര പ്രിയപ്പെട്ടതായതെന്നു മുനവ്വറലി തങ്ങൾ പറയുന്നു. സമയത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഖുർആൻ സൂക്തവും അദ്ദേഹത്തെ ഏറെ സ്പർശിച്ചിരുന്നു.തലമുറകൾക്ക് ഓർമിക്കാൻ ജീവിത വഴിയിൽ സേവനത്തിന്റെ ഒട്ടേറെ മുദ്രകൾ പതിപ്പിച്ചാണു മുഹമ്മദലി ശിഹാബ് തങ്ങൾ കടന്നു പോയത്. അവയ്ക്കൊപ്പം, വലിയൊരു മനുഷ്യൻ കുഞ്ഞുകാര്യങ്ങളിൽ കാണിച്ചിരുന്ന ഇഷ്ടത്തിന്റെ ഓർമയായി കൊടപ്പനയ്ക്കൽ തറവാട്ടിലെ ഈ അപൂർവ ശേഖരവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com