ADVERTISEMENT

മലപ്പുറം∙ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ പാലും മുട്ടയും എത്തി. ഇന്നലെ ജില്ലയിലെ എല്ലാ അങ്കണവാടികളിലും പാൽവിതരണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഒരു കുട്ടിക്ക് 125 മില്ലി പാൽ വീതമാണ് നൽകുന്നത്. പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടുദിവസം മുട്ടയും നൽകുന്ന പദ്ധതിയിൽ ജില്ലയിലെ 3808 അങ്കണവാടികൾക്കു കീഴിലുള്ള എഴുപതിനായിരത്തിലധികം കുട്ടികൾ ഗുണഭോക്താക്കളായുണ്ട്. മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളാണ് പദ്ധതിക്കു കീഴിൽ വരിക. മിൽമ, ക്ഷീരസംഘങ്ങൾ, പ്രാദേശിക ക്ഷീരകർഷകർ എന്നിവരിൽ ടെൻഡർ ക്ഷണിച്ചാണ് പാലും മുട്ടയും അങ്കണവാടികളിൽ എത്തിക്കുന്നത്. 

നിലവിൽ 5 മാസമാണ് കരാർ കാലാവധി. അങ്കണവാടിയിൽ എത്തിക്കുന്നതിനുള്ള കടത്തുകൂലി ഉൾപ്പെടെ ഒരു ലീറ്റർ പാലിന് 50 രൂപയും മുട്ടയ്ക്ക് 6 രൂപയും സർക്കാർ നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള ജില്ലയാണു മലപ്പുറം. അതേസമയം, ടെൻഡറെടുക്കാൻ ആളെക്കിട്ടാത്തതിനാൽ പ്രയാസത്തിലായ സംഭവങ്ങളുമുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പറയുന്നു.

മുട്ട വിതരണത്തിന് ആളെക്കിട്ടാൻ വലിയ പ്രയാസം നേരിടുന്നില്ലെങ്കിലും പാൽ വിതരണച്ചുമതല ഏറ്റെടുക്കാൻ ആരും വരാത്ത പ്രദേശങ്ങൾ ജില്ലയിലുണ്ട്. ഇന്നലെ പദ്ധതിയുടെ ഉദ്ഘാടനത്തിനായി ചിലയിടങ്ങളിൽ അധ്യാപികമാർ സ്വന്തം കയ്യിൽനിന്ന് പണമെടുത്ത് പാൽ വാങ്ങി. ചിലയിടങ്ങളിൽ ജനപ്രതിനിധികൾ എത്തിച്ചു കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com