സ്മരണകളിരമ്പി പൊന്നാനി കാരക്കുന്നത്ത് തറവാട്

HIGHLIGHTS
  • കസ്തൂർബാ ഗാന്ധി താമസിച്ച വീടിന് പറയാൻ സ്വാതന്ത്ര്യസമര ഗാഥകൾ ഏറെ
 പൊന്നാനി കാരക്കുന്നത്ത് തറവാട്.
പൊന്നാനി കാരക്കുന്നത്ത് തറവാട്.
SHARE

മലപ്പുറം ∙ പ്രൗഢമായ സ്വാതന്ത്ര്യസമര സ്മരണകളാൽ ദീപ്തമാണ് പൊന്നാനി കാരക്കുന്നത്ത് തറവാടിന്റെ അകത്തളങ്ങളിപ്പോഴും. കെ.വി.രാമൻ മേനോൻ, കെ.വി.ബാലകൃഷ്ണ മേനോൻ, കെ.വി.ഗോപാലമേനോൻ എന്നീ സ്വാതന്ത്ര്യസമര ഭടന്മാരുടെ പാരമ്പര്യം പേറുന്നു എന്നതുമാത്രമല്ല ആ തെളിച്ചത്തിനു കാരണം. മഹാത്മാ ഗാന്ധിയുടെ പത്നി കസ്തൂർബാ ഗാന്ധി ഏതാനും ദിവസങ്ങൾ താമസിച്ച വീടെന്ന പ്രശസ്തിയും ഈ നാലുകെട്ടിനുണ്ട്. അന്നു കസ്തൂർബാ ഗാന്ധി നൂൽനൂൽക്കാൻ ഉപയോഗിച്ചിരുന്ന ചർക്ക ഇന്നും ഒരു അമൂല്യനിധിയായി ഈ വീട്ടുകാർ കാത്തുസൂക്ഷിക്കുന്നു.

പൊന്നാനി കാരക്കുന്നത്ത് തറവാട്ടിൽ കസ്‌തൂർബാ ഗാന്ധി  ഉപയോഗിച്ച ചർക്കയ്ക്ക് സമീപം ഹരിനാരായണൻ.
പൊന്നാനി കാരക്കുന്നത്ത് തറവാട്ടിൽ കസ്‌തൂർബാ ഗാന്ധി ഉപയോഗിച്ച ചർക്കയ്ക്ക് സമീപം ഹരിനാരായണൻ.

ഗുരുവായൂർ ക്ഷേത്രത്തിൽ അവർണർക്കു പ്രവേശനം നൽകുന്നതു സംബന്ധിച്ച് പൊന്നാനി താലൂക്കിലെ സർവർണർക്കിടയിൽ ഹിതപരിശോധന നടത്താനാണ് ഗാന്ധിജിയുടെ നിർദേശപ്രകാരം 1932 ഡിസംബറിൽ കസ്തൂർബ ഗാന്ധിയും ഊർമിളാദേവിയും എത്തുന്നത്. വി.ടി.ഭട്ടതിരിപ്പാടിന്റെ ആലൂരിലെ വീടായ രസികസദനത്തിൽ ആയിരുന്നു തുടക്കത്തിൽ താമസം.പിന്നീട് കാരക്കുന്നത്ത് തറവാട്ടിലെ രാമൻ മേനോന്റെ ഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരി മുഖേന കസ്തൂർബാ ഗാന്ധി കാരക്കുന്നത്ത് തറവാട്ടിലെത്തി. നാലുകെട്ടിന്റെ മുകൾ നിലയിലായിരുന്നു ഏതാനും ദിവസം താമസിച്ച് കസ്തൂർബാ ഗാന്ധി പൗരപ്രമുഖരുമായി ചർച്ചകൾ നടത്തിയതും യോഗങ്ങൾ ചേർന്നതും.

കസ്തൂർബാ ഗാന്ധി മാത്രമല്ല, ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരി, ഇന്ത്യയുടെ ആദ്യ പ്രസിഡന്റായ ഡോ.രാജേന്ദ്രപ്രസാദ് തുടങ്ങിയവരും ഈ ഭവനത്തിന്റെ ആതിഥ്യം അനുഭവിച്ചവരാണ്. സ്വാതന്ത്ര്യസമരകാലത്ത് കെ.കേളപ്പനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രധാന ഇടത്താവളമായിരുന്നു ഈ തറവാട്. കുടുംബതാവഴികളിൽപെട്ട ഹരിനാരായണൻ, ഭാര്യ പുഷ്പ, ഭാര്യാ സഹോദരി ജയശ്രീ എന്നിവരാണ് നിലവിലെ താമസക്കാർ. പൊന്നാനി ചന്തപ്പടി– പുല്ലോണത്താണി റോഡരികിൽ തൃക്കാവ് ക്ഷേത്രത്തിന് ഏതാണ്ടു സമീപത്താണ് കാരക്കുന്നത്ത് തറവാട്.

മലബാറിലെആദ്യ രക്തസാക്ഷി

കാരക്കുന്നത്ത് തറവാട്ടിലെ അംഗമായിരുന്ന കെ.വി.ബാലകൃഷ്ണ മേനോൻ മംഗളൂരുവിലെ മെഡിക്കൽ പഠനം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിൽ സജീവമായ ആളാണ്. മലബാർ കലാപകാലത്ത് ബ്രിട്ടിഷുകാർ അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി കണ്ണൂരിലെ ജയിലിലേക്കയയ്ക്കുകയായിരുന്നു. ജയിലിൽവച്ച് ടൈഫോയ്ഡ് ബാധിച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ല.

ഒടുവിൽ ബന്ധുക്കളുടെ അഭ്യർഥന പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കാൻ തീരുമാനമെടുത്തു. എന്നാൽ അതു നടപ്പാകും മുൻപേ ജയിലിൽ അദ്ദേഹം മരിച്ചു. 23 വയസ്സുമാത്രമായിരുന്നു പ്രായം. കെ.വി.ബാലകൃഷ്ണ മേനോനാണ് മലബാറിലെ ആദ്യ സ്വാതന്ത്ര്യസമര രക്തസാക്ഷിയെന്ന് കെ.പി.കേശവമേനോൻ തന്റെ കൃതികളിലൊന്നിൽ എഴുതിയിരുന്നു.

പൊന്നാനി ഗാന്ധി

പൊന്നാനി ഗാന്ധിയെന്നറിയപ്പെടുന്ന കെ.വി.രാമൻ മേനോൻ കാരക്കുന്നത്ത് തറവാട്ടംഗവും കെ.വി.ബാലകൃഷ്ണ മേനോന്റെ മരുമകനുമാണ്. മലബാർ കലാപകാലത്ത് കെ. കേളപ്പൻ, കെ.വി.ബാലകൃഷ്ണ മേനോൻ, കെ.വി. രാമൻ മേനോൻ എന്നിവരെ കള്ളക്കേസിൽ കുടുക്കി ബ്രിട്ടിഷുകാർ ജയിലിലാക്കി. ബാലകൃഷ്ണ മേനോൻ കണ്ണൂർ ജയിലിൽ വച്ചു മരിച്ചു. 

കെ.കേളപ്പനെ ഏതാനും മാസങ്ങൾ കഴിഞ്ഞ് വിട്ടു. രാമൻ മേനോനെ പൊന്നാനി ജയിലിലേക്ക് തിരിച്ചയയ്ക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തു. മോചിതനായ ശേഷം കോൺഗ്രസിന്റെ ദേശീയ സമ്മേളനം ഗയയിൽ നടന്നപ്പോൾ പ്രതിനിധിയായി രാമൻ മേനോനും പങ്കെടുത്തിരുന്നു.

സ്വാതന്ത്ര്യസമരരംഗത്തു നിസ്വാർഥ സേവനം നടത്തിയ രാമൻ മേനോൻ നിയമപഠനത്തിനുശേഷം 1969 വരെ പൊന്നാനി ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. അദ്ദേഹത്തിന്റെ ഗുമസ്തനായിരുന്നു മഹാകവി ഇടശ്ശേരി. 1975 ഒക്ടോബറിൽ 75–ാം വയസ്സിലാണ് രാമൻ മേനോൻ മരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA