വെയിൽസ് രാജകുമാരൻ പട്ടും വളയും നൽകാൻ തീരുമാനിച്ചു: സ്വീകരിക്കില്ലെന്നായിരുന്നു ധീരതയോടെ മഹാകവിയുടെ മറുപടി

HIGHLIGHTS
  • സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്നവയിൽ വള്ളത്തോൾ കവിതകളും
മഹാകവി വള്ളത്തോൾ ജനിച്ച കൊണ്ടയൂർ വള്ളത്തോൾ തറവാട്. ഇന്‍സെറ്റിൽ വള്ളത്തോൾ നാരായണ മേനോൻ.
SHARE

തിരൂർ ∙ ‘ഭാരതമെന്നു കേട്ടാ ൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ ഓരോ ഭാരതീയനെയും അഭിമാനപുളകിതരാക്കിയ വരികൾ. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ തൂലികയുടെ ശക്തിയും സ്വാതന്ത്ര്യസമരത്തിന് വളമേകി.

‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകൾ’’ സമരഭടന്മാർക്ക് ഉറക്കെ പാടാനായി സാഹിത്യ മഞ്ജരിയിൽ എഴുതിയതാണിത്. മാതൃവന്ദനം, ചക്രഗാഥ, ഖാദിവസനങ്ങൾ കൈക്കൊൾവിൻ ഏവരും, എന്റെ ഗുരുനാഥൻ, ബാപ്പുജി തുടങ്ങിയ കാവ്യങ്ങളിലെല്ലാം മഹാകവിയുടെ ദേശസ്നേഹം സ്ഫുരിക്കുന്നുണ്ട്.

1878 ഒക്ടോബർ 16ന് മംഗലം ചേന്നരയിലെ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായാണ് വള്ളത്തോൾ നാരായണ മേനോന്റെ ജനനം. വൈക്കം സത്യാഗ്രഹ കാലത്താണ് ഗാന്ധിജിയെ നേരിട്ടു കാണുന്നത്. അന്നു മുതൽ ഗാന്ധിജിയുടെ ആദർശങ്ങൾ സ്വന്തം ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു. പരിചയപ്പെടാൻ അടുത്തെത്തിയപ്പോൾ ‘നൂൽ നൂൽക്കുമോ’ എന്ന് ഗാന്ധിജി മഹാകവിയോടു ചോദിച്ചു. 

‘നൂൽ നൂൽക്കാൻ അറിയില്ല, ഞങ്ങൾ കവികൾ മനോരാജ്യക്കാരാണ്. അവർ നൂൽ നൂൽപ്പിക്കുകയാണ് ചെയ്യുന്നത്’ എന്നാണ് മഹാകവി പറഞ്ഞത്. ടഗോറും ഇങ്ങനെ തന്നെയാണ് പറയാറുള്ളതെന്നായിരുന്നു ഗാന്ധിജിയുടെ  മറുപടി. ഗാന്ധിയെ മുൻപും കാണാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ദൂരെ നിന്ന് കാണാനേ സാധിച്ചുള്ളൂ. ആ സന്ദർഭം പാപമോചനം എന്ന കവിതയായി.

‘കിട്ടിയില്ലിടമെനിക്ക് ആൾത്തിക്ക് മൂലം ആ ശിഷ്ടന്റെ മുന്നിൽ വടി പോലെ വീഴുവാൻ. തൊട്ടു തലയിൽ വയ്ക്കാനേ കഴിഞ്ഞുള്ളൂ പട്ടു പോലുള്ള ആ പവിത്ര പദതലം.’ എന്നാണ് രചിച്ചത്.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കോൺഗ്രസ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൊൽക്കത്തയിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് പതാക ഉയർത്തി. 

ദേശീയതയുടെ ഭാഗമായിത്തന്നെയാണ് കഥകളിയുടെ പ്രചാരണത്തിനായി അദ്ദേഹം രാജ്യമൊട്ടുക്കും, വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചതെന്ന് മലയാള സർവകലാശാല വിസി ഡോ. അനിൽ വള്ളത്തോൾ പറയുന്നു.കിളിക്കൊഞ്ചൽ എന്ന കവിതയിൽ സീതയുടെ ബാല്യകാലം വിവരിക്കുമ്പോൾ 2 പക്ഷികളെ കൂട്ടിലടയ്ക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയ വരികളിലും സ്വാതന്ത്ര്യത്തിന്റെ വില എടുത്തു പറയുന്നുണ്ട്. 

‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’ എന്നതാണ് ആ വരികൾ. പുരാണവുമായി ബന്ധപ്പെട്ട കവിതകളിൽ പോലും ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെയുള്ള കുന്തമുന ഒളിഞ്ഞു കിടപ്പുണ്ട്. കർമഭൂമിയുടെ പിഞ്ചുകാൽ എന്ന കവിതയിൽ ശ്രീകൃഷ്ണൻ കാളിയനെ മർദിക്കുന്നത് വിശദീകരിക്കുന്ന ഭാഗത്ത് ‘ഈ പിഞ്ചുകാൽ പോരുമേ ചിക്കെന്നിതൊക്കെ ചവിട്ടിത്താഴ്ത്താൻ’ എന്നു പറയുന്നിടത്ത് ഗാന്ധിജിയെയും സ്വാതന്ത്ര്യസമര പോരാളികളെയും ധീരരായി കാണിക്കുകയാണ്.

കവിയെന്ന നിലയിൽ പേരും പ്രശസ്തിയും വാനോളം ഉയർന്നപ്പോൾ ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ മഹാകവിക്കു പട്ടും വളയും നൽകാൻ തീരുമാനിച്ചു. എന്നാൽ തന്റെ രാജ്യത്തിനു സ്വാതന്ത്യം കിട്ടാത്ത കാലത്തോളം അത് സ്വീകരിക്കില്ലെന്നായിരുന്നു ധീരതയോടെ മഹാകവിയുടെ മറുപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}