കോഴിക്കോട് വിമാനത്താവളം: പ്രതിസന്ധികളുടേതും അതിജീവനത്തിന്റേയും 7 വർഷം, അടിമുടി മാറ്റം

 കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം (ഫയൽ ചിത്രം)
കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം (ഫയൽ ചിത്രം)
SHARE

മലപ്പുറം ജില്ലയ്ക്ക് ഓഗസ്റ്റ് ദുരന്തങ്ങളുടെ ഓർമക്കാലം കൂടിയാണ്. 2019 ഓഗസ്റ്റ് 8ന് കവളപ്പാറയിലുണ്ടായത് സംസ്ഥാനത്തെ തന്നെ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്ന്. 2020 ഓഗസ്റ്റ് 7ന് കരിപ്പൂരിലുണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനാപകടം. ഇരു ദുരന്തങ്ങൾക്കും ശേഷമുണ്ടായ പല പ്രഖ്യാപനങ്ങളും ഇനിയും നടപ്പായിട്ടില്ല...കോഴിക്കോട് വിമാനത്താവള ദുരന്തം സംഭവിച്ചിട്ട് നാളെ രണ്ടു വർഷം. കരിപ്പൂരിൽ നിന്നു കേൾക്കുന്നതു മനുഷ്യ സ്നേഹത്തിന്റെ പുതിയ ഗാഥ. ഒപ്പം, വലിയ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ നിരാശയും

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപെട്ടിട്ട് നാളേക്ക് രണ്ടു വർഷം. വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ്, വലിയ വിമാനങ്ങൾക്കു സർവീസ് വിലക്കു വീണിട്ടും നാളെ രണ്ടു വർഷം പൂർത്തിയാകും. 2020 ഓഗസ്റ്റ് 7നു റൺവേയിൽനിന്നു തെന്നി താഴ്ചയിലേക്കു വീണു പിളർന്നത് എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെറു വിമാനമായിരുന്നു. എന്നിട്ടും വിലക്കു വീണതു വലിയ വിമാനങ്ങൾക്ക്.

 കോഴിക്കോട് വിമാനത്താവള വളപ്പിൽ സിഐഎസ്എഫ് ബാരക്കിനു സമീപം സൂക്ഷിക്കുന്ന അപകടത്തിൽപെട്ട വിമാനം. പ്രത്യേകം കോൺക്രീറ്റ് പ്രതലമൊരുക്കിയാണ് വിമാന ഭാഗങ്ങൾ ഇവിടേക്കു മാറ്റിയത്. എയർപോർട്ട് അതോറിറ്റിക്ക് വാടക നൽകിയാണ് വിമാനക്കമ്പനി ഇതു സൂക്ഷിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുംവരെ വിമാന ഭാഗങ്ങൾ ഇവിടെ സൂക്ഷിക്കും.
കോഴിക്കോട് വിമാനത്താവള വളപ്പിൽ സിഐഎസ്എഫ് ബാരക്കിനു സമീപം സൂക്ഷിക്കുന്ന അപകടത്തിൽപെട്ട വിമാനം. പ്രത്യേകം കോൺക്രീറ്റ് പ്രതലമൊരുക്കിയാണ് വിമാന ഭാഗങ്ങൾ ഇവിടേക്കു മാറ്റിയത്. എയർപോർട്ട് അതോറിറ്റിക്ക് വാടക നൽകിയാണ് വിമാനക്കമ്പനി ഇതു സൂക്ഷിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുംവരെ വിമാന ഭാഗങ്ങൾ ഇവിടെ സൂക്ഷിക്കും.

വിമാനത്താവളത്തിന്റെ പരിമിതികളാണോ അപകട കാരണമെന്ന അന്വേഷണത്തിൽ, അല്ല എന്നാണു കണ്ടെത്തൽ. പൈലറ്റിന്റെ പിഴവു ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. മറ്റു വിവിധ ക്രമീകരണങ്ങളും സൗകര്യങ്ങളും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും അപകടത്തിനു തക്ക കാരണമല്ലെന്നതും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ എയർപോർട്ട് അതോറിറ്റി തയാറായിട്ടുമുണ്ട്.

റൺവേയുടെ അനുബന്ധ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. സ്ഥലം ഏറ്റെടുത്ത് റൺവേ സുരക്ഷാ പ്രതലം ഉയർത്തുന്നതിനു സമയമെടുക്കും. അതുവരെ വലിയ വിമാന സർവീസുകളുടെ വിലക്ക് യാത്രക്കാരെ കാര്യമായി ബാധിക്കും. റൺവേ നവീകരണം പൂർത്തിയായ ശേഷം 2018 ഡിസംബറിൽ വലിയ വിമാന സർവീസ് പുനരാരംഭിച്ചത് ഉപാധികളോടെയാണ്. റൺവേ അനുബന്ധ വികസനം പൂർത്തിയാകുംവരെ സമാന രീതിയിൽ അനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്.

7 വർഷത്തെ പ്രതിസന്ധി

1988 മുതൽ 2015വരെയുള്ള 27 വർഷം വികസനത്തിന്റെയും നേട്ടങ്ങളുടെയും ചരിത്രം മാത്രമാണ് കോഴിക്കോട് വിമാനത്താവളത്തിന് പറയാനുണ്ടായിരുന്നത്. 2015 മുതലുള്ള 7 വർഷം പ്രതിസന്ധികളുടേതും അതിജീവനത്തിന്റേതുമാണ്. റൺവേയിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് ബലപ്പെടുത്തലിനായി 2015 മേയ് മുതൽ വലിയ വിമാനങ്ങൾ വിലക്കി.

എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളും എമിറേറ്റ്സിന്റെയും സൗദി എയർലൈൻസിന്റെയും മുഴുവൻ വിമാനങ്ങളും കരിപ്പൂർ വിട്ടു. പിന്നീട് തിരിച്ചെത്തിയത് സൗദി എയർലൈൻസും, ഏറെ മുറവിളികൾക്കൊടുവിൽ എയർ ഇന്ത്യയും. അതും ഭാഗികമായി. വൈകാതെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള സർവീസ് നിർത്തലും തൊട്ടു പിറകേ വിമാനാപകടവും വലിയ വിമാന വിലക്കും.

പ്രവാസികളുടെ മനസ്സ്

ഗൾഫ് നാടുകളും കരിപ്പൂരും തമ്മിൽ വളർന്നു പന്തലിച്ചൊരു ആത്മബന്ധമുണ്ട്. ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സാണു കരിപ്പൂരിന്റെ കരുത്ത്. എല്ലാ വിമാനത്താവളങ്ങളിലെയും വിമാന സർവീസുകളെ ഒരുപോലെ ബാധിച്ച കാലഘട്ടമായിരുന്നു കോവിഡിന്റെ തുടക്കസമയം. പതിവു സർവീസുകൾ നിലച്ചു. എയർ ബബ്ൾ, വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളായിരുന്നു ആശ്രയം.

വലിയ വിമാന സർവീസുകൾ ഇല്ലാതിരുന്നിട്ടും പ്രവാസികൾ കരിപ്പൂരിനൊപ്പം നിന്നു. 2020 മേയ് മുതൽ 2021 മേയ് വരെ ഗൾഫ് നാടുകളിൽനിന്നു കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയതു കോഴിക്കോട് വിമാനത്താവളത്തിലാണ്. നോർക്ക ശേഖരിച്ച കണക്കനുസരിച്ച് 13.67 ലക്ഷം പേരാണ് ഇക്കാലയളവിൽ കേരളത്തിലെത്തിയത്. ഇതിൽ 4.6 ലക്ഷം പേരും വിമാനം കയറിയതു കരിപ്പൂരിലേക്ക്.2018ലെ പ്രളയകാലത്തു രക്ഷാപ്രവർത്തനത്തിന്റെ നേതൃസ്ഥാനമാണു കരിപ്പൂർ ഏറ്റെടുത്തത്.

‘ടേബിൾ ടോപ് റൺവേ’ എന്നത് പലപ്പോഴും പരിമിതിയായി കണ്ടവർ അന്നു വിമാനമിറക്കാൻ തിരഞ്ഞെടുത്തത് കരിപ്പൂരിനെ. സമീപ വിമാനത്താവളങ്ങളും പരിസരവും പ്രളയ പ്രതിസന്ധികളിലായപ്പോൾ വ്യോമസേനയുടെ വലിയ വിമാനങ്ങളിൽ ദേശീയ രക്ഷാ സേനകൾ കരിപ്പൂരിൽ പറന്നിറങ്ങി. റൺവേ നവീകരണത്തിന്റെ പേരിൽ ചെറു വിമാനങ്ങൾക്കു മാത്രം അനുമതിയുണ്ടായിരുന്ന അക്കാലത്ത് ‘ഗജരാജ്’ എന്നു വിളിക്കുന്ന ഐഎൽ 76, ഗ്ലോബ് മാസ്റ്റർ (സി 17), ഹെർക്കുലീസ് (സി130) തുടങ്ങിയ വിമാനങ്ങൾ ബോട്ടും മറ്റു ക്രമീകരണങ്ങളുമായി കരിപ്പൂരിൽ പറന്നിറങ്ങി.

രക്ഷാകരം നീട്ടിയ നന്മയ്ക്ക് ആദരമായി സ്മാരകമുയരും

വിമാനത്താവളത്തിൽനിന്നു നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിനായി അധികം വൈകാതെ പുതിയൊരു കെട്ടിടമുയരും. ആ കെട്ടിടം ഒരേ സമയം സഹജീവി സ്നേഹത്തിനുള്ള ആദരവും മനുഷ്യ നന്മയുടെ നിത്യ സ്മാരകവുമാകും. വിമാന ദുരന്ത സമയത്ത് എല്ലാം മറന്നു ഓടിയെത്തി രക്ഷാകരം നീട്ടിയ നാട്ടുകാർക്ക്, അപകടത്തിൽ രക്ഷപ്പെട്ടവരുടെയും മരിച്ചവരുടെ ബന്ധുക്കളുടെയും ആദരം. വിമാന ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനമായ നാളെ സംഭവ സ്ഥലത്തു നടക്കുന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനമുണ്ടാകും.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ക്രൂ ഉൾപ്പെടെ 190 പേരാണുണ്ടായിരുന്നത്.ഇതിൽ 2 പേരൊഴികെയുള്ളവർക്കു പൂർണമായി ഇൻഷുറൻസ് തുക ലഭിച്ചു. ലഭിച്ച ചുരുങ്ങിയ ഇൻഷുറൻസ് തുക 12 ലക്ഷമാണ്. ഏറ്റവും കൂടിയത് 7.2 കോടി.ലഭിച്ച നഷ്ടപരിഹാത്തിൽ നിന്നു ഒരു വിഹിതം നീക്കിവച്ചാണു നാടിനുള്ള സമ്മാനമായി ആശുപത്രി കെട്ടിടം നിർമിക്കുന്നത്. എംഡിഎഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണു പദ്ധതി പൂർത്തിയാക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കളുൾപ്പെടെ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നു നേതൃത്വം നൽകുന്ന എംഡിഎഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ ഭാരവാഹിൻ അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു മലബാർ ഡവലപ്പ്മെന്റ് ഫോറമെന്ന സന്നദ്ധ സംഘടനയാണ്.

അവരുമായി നടത്തിയ കൂടിയാലോചനയ്ക്കൊടുവിലാണു ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു കെട്ടിടം നിർമിച്ചു നൽകാൻ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ എൻഎച്ച് കോളനിയിലെ താമസക്കാർ പ്രധാനമായി ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനമാണിത്.

അടിമുടി മാറി വിമാനത്താവളം

റൺവേ ബലപ്പെടുത്തിയതിനു ശേഷം 2018 മുതൽ കോഴിക്കോട് വിമാനത്താവളം അടിമുടി മാറിയിട്ടുണ്ട്.‍ ഒട്ടേറെ ആധുനിക സംവിധാനങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയത്. റൺവേയിൽ ലാൻഡിങ്ങിന് ഉപകാരപ്പെടുന്ന പ്രകാശ സംവിധാനം, വൈമാനികരെയും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനെയും സഹായിക്കുന്ന ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവൈലസൻസ് -ബ്രോഡ്കാസ്റ്റ് തുടങ്ങിയവ സ്ഥാപിച്ചു. അപകടത്തിൽ തകർന്ന ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) മാറ്റി പുതിയതു സ്ഥാപിച്ചു. റൺവേയിൽ വിമാനങ്ങളുടെ നീക്കം വേഗത്തിലാക്കാനും അപകടം തടയാനും വിവിധ നടപടികളും ഉണ്ടായി.

∙ വിമാനം തെന്നിയാലുള്ള അപകടം ഒഴിവാക്കാൻ റൺവേയുടെ ഇരുവശവും മണ്ണിട്ട് നിരപ്പാക്കി.
∙ അഗ്നിരക്ഷാ സേനാ വാഹനത്തിൽ സേർച് ലൈറ്റ് സ്ഥാപിച്ചു.
∙ റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള സുരക്ഷാ പ്രതലമായ റിസ ഉഴുതുമറിച്ച് ചതുപ്പുനിലമാക്കി.
∙ റൺവേയിൽനിന്നു വിമാനം തിരിക്കുന്ന ടാക്സി വേ രണ്ടും വീതികൂട്ടി നവീകരിച്ചു.
∙ ഏപ്രൺ, ടെർമിനൽ തുടങ്ങിയവയ്ക്കു മുൻപിലെ റോഡ് ടാറിട്ടു.
∙ കാറ്റിന്റെ വേഗം നിർണയിക്കുന്ന സംവിധാനം വിദഗ്ധ ഉപദേശ പ്രകാരം ഉയർത്തി സ്ഥാപിച്ചു.
∙ മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}