ADVERTISEMENT

തേഞ്ഞിപ്പലം  ∙ ഒന്നര കിലോമീറ്ററിനുള്ളിലെ 2 ക്ഷേത്രങ്ങളുടെ 8 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച. പാണമ്പ്രയ്ക്കടുത്ത വടക്കേത്തൊടി സുബ്രഹ്മണ്യ ക്ഷേത്രത്തിലും കടക്കാട്ടുപാറ റോഡിനടുത്ത ചൊവ്വയിൽ ശിവക്ഷേത്രത്തിലുമാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. തേഞ്ഞിപ്പലത്തെ മറ്റൊരു ക്ഷേത്രത്തിൽ മോഷണശ്രമം നടന്നതായും സംശയമുണ്ട്. വടക്കത്തൊടി ക്ഷേത്രത്തിൽ താക്കോൽക്കൂട്ടം കൈക്കലാക്കിയായിരുന്നു കവർച്ച. ഓഫിസ്– സ്റ്റോർ മുറികളും 2 ഭണ്ഡാരങ്ങളും ഈ താക്കോൽ ഉപയോഗിച്ച് മോഷ്ടാവ് തുറക്കുകയായിരുന്നു.

ഓഫിസിൽ അലമാരയിൽ 3 പഴ്‌സുകളിലായി സൂക്ഷിച്ചിരുന്ന 12,500 രൂപ നഷ്ടപ്പെട്ടു. ചുറ്റമ്പലത്തിന് മുന്നിലെ ഭണ്ഡാരം തുറന്ന മോഷ്ടാവ് താക്കോൽ കൂട്ടം അതിന് മുന്നിൽ ഉപേക്ഷിച്ചാണ് മടങ്ങിയത്. ചൊവ്വയിൽ ശിവക്ഷേത്രത്തിൽ 6 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നിട്ടുണ്ട്. റോഡിലും ഗേറ്റിന് അരികെ ക്ഷേത്ര വളപ്പിലും നടപ്പന്തലിന് മുന്നിലും ക്ഷേത്രത്തിന് പിൻ ഭാഗത്തുമുള്ള ഭണ്ഡാരങ്ങളും പൊളിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമാണെന്നു പൊലീസ് പറഞ്ഞു.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മോഷ്ടിച്ച ബൈക്കിലാണ് മോഷ്ടാവ് എത്തിയതെന്നാണു വിവരം. ചൊവ്വയിൽ ശിവക്ഷേത്രത്തിൽ മുൻപ് മോഷണം നടത്തി പിടിയിലായ പ്രതിയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

കേരള കമ്പിപ്പാലം അയ്യപ്പ ഭജനമഠം ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ്  തകർത്ത നിലയിൽ .
കേരള കമ്പിപ്പാലം അയ്യപ്പ ഭജനമഠം ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ് തകർത്ത നിലയിൽ .

കരുവാരകുണ്ടിലും  ആരാധനാലയങ്ങളിൽ മോഷണം

കരുവാരകുണ്ട് ∙ ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചു മോഷണം. കേരള കമ്പിപ്പാലം കേരളത്തോട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, അയ്യപ്പ ഭജനമഠം, സമീപത്തെ പള്ളിയുടെ നേർച്ചപ്പെട്ടി എന്നിവയാണ് പൊളിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓർത്തഡോക്സ് ദേവാലയത്തിന്റെ മുൻപിലെ 2 ഭണ്ഡാരങ്ങൾ പൊളിച്ചിട്ടുണ്ട്.

പള്ളിയുടെ നേർച്ചപ്പെട്ടി ഇളക്കിയെടുക്കാനാണ് ശ്രമം നടത്തിയത്. ഭജനമഠത്തിന്റെയും പള്ളിയുടെയും ഭണ്ഡാരങ്ങളുടെ പൂട്ട് ഒരേ രീതിയിലാണ് തകർത്തിട്ടുള്ളത്. ഭജനമഠം ഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com