ADVERTISEMENT

പെരിന്തൽമണ്ണ ∙ വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ പുതിയ പ്രതീക്ഷകളുമായി ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാത. വൈദ്യുതീകരണം പൂർണമാകുന്നതോടെ പാതയിൽ മെമു സർവീസുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത തെളിയുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. പാലക്കാട് ഡിവിഷനിൽ ഷൊർണൂർ–നിലമ്പൂർ പാതയിൽ മാത്രമാണ് വൈദ്യുതീകരണം പൂർത്തിയാക്കാനുള്ളത്. 

നിലവിൽ രാജ്യറാണി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഷൊർണൂരിൽ എത്തിയാൽ തുടർ യാത്രയ്‌ക്കായി ഡീസൽ എൻജിൻ മാറ്റി വൈദ്യുതി എൻജിൻ ഘടിപ്പിച്ചാണ് പോകുന്നത്. ഇതിനായി അര മണിക്കൂറിലേറെ ഷൊർണൂരിൽ ട്രെയിനുകൾ നിർത്തിയിടേണ്ട സാഹചര്യമാണ്. ഇലക്‌ട്രിക്കൽ ലൈൻ ആകുന്നതോടെ  പൂർണമായി വൈദ്യുതി എൻജിൻ ഉപയോഗിക്കാനാവും. 

കൂടാതെ രാജ്യറാണി എക്‌സ്പ്രസ് നിലമ്പൂരിൽ എത്തിയാൽ നിലമ്പൂർ–കോയമ്പത്തൂർ സർവീസ് ആകാനും സാധ്യതയേറെയാണ്. അതുപോലെ വേണാട് എക്‌സ്പ്രസ് നിലമ്പൂർ വരെ സർവീസ് നീട്ടാനും സാധ്യതയേറെയാണ്. 

കൂടുതൽ ക്രോസിങ് സ്‌റ്റേഷനുകൾ വേണം

പാതയിൽ പുതുതായി കൂടുതൽ ക്രോസിങ് സ്‌റ്റേഷനുകൾ അനുവദിച്ചാലേ വികസനത്തിന് വഴി തെളിയൂ. 2 ക്രോസിങ് സ്‌റ്റേഷനുകളാണ് നിലവിലുള്ളത്. 2 ക്രോസിങ് സ്‌റ്റേഷനുകൾക്ക് കൂടി പ്രപ്പോസൽ നിലവിലുണ്ട്.  നിലവിൽ 30 കിലോമീറ്ററാണ് ക്രോസിങ് സ്‌റ്റേഷനുകൾ തമ്മിലുള്ള അകലം. വൈദ്യുതീകരണത്തിന്റെ കാൽ നാട്ടൽ പട്ടിക്കാട്ട് വരെയെത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ പാത ആയായാണ് നിലമ്പൂർ–ഷൊർണൂർ പാത അറിയപ്പെടുന്നത്.

പാതയോട് ചേർന്ന പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ മാത്രമായി വിദേശികൾ ഉൾപ്പെടെ ഒട്ടേറെ പേർ ട്രെയിനിൽ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.   നിലമ്പൂർ–കോയമ്പത്തൂർ സർവീസ് ആരംഭിക്കണമെന്നും നിലമ്പൂർ–കോട്ടയം ട്രെയിനിന് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ട്രെയിൻ ടൈം കൂട്ടായ്മ പ്രതിനിധികൾ കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com