മലപ്പുറം ∙ സ്വാതന്ത്ര്യ സമരചരിത്രമെടുത്താൽ അതിൽ വിസ്മരിക്കാനാകാത്ത പേരാണ് പഞ്ചിലകത്ത് മുഹമ്മദ് ഹാജിയുടേത്. ബ്രിട്ടിഷുകാരെടുത്ത കള്ളക്കേസുകളെ ബ്രിട്ടിഷ് കോടതിയിൽത്തന്നെ പരാജയപ്പെടുത്തിയ ആളാണ് അദ്ദേഹം. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയായിരുന്നു മുഹമ്മദ് ഹാജിയെ ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്തത്. തിരൂർ ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം, തെക്കേ മലബാറിലെ പ്രമുഖ കയറ്റിറക്ക് മൊത്ത വ്യാപാരിയായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷന്റെ മുൻപിലായിരുന്നു പ്രധാന ഓഫിസ്. സ്വാതന്ത്ര്യസമര സേനാനികളുടെ ഒരു സംഗമ സ്ഥലം കൂടിയായിരുന്നു ഈ ഓഫിസ്.
സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം ഉദാരമായി സംഭാവന നൽകി. മലബാർ കലാപ കാലത്ത് തിരൂരിലുണ്ടായ സംഭവങ്ങളെത്തുടർന്നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. തിരൂരിലെത്തിയ കലാപകാരികളെ സമാധാനിപ്പിക്കാനും അക്രമപ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷേ, എല്ലാം നിഷ്ഫലമായി.അക്രമപ്രവർത്തനങ്ങളോട് ഒരിക്കലും യോജിപ്പില്ലായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ബ്രിട്ടിഷ് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നേതൃത്വം നൽകി എന്ന കുറ്റം കെട്ടിച്ചമച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കുകയാണുണ്ടായത്. കൊലക്കുറ്റം ഉൾപ്പെടെ 18 കേസുകൾ ചുമത്തിയിരുന്നു.
എന്നാൽ കോടതിയിൽ സത്യം തെളിയിക്കാൻ തന്നെയായിരുന്നു മുഹമ്മദ് ഹാജിയുടെ തീരുമാനം. ഇംഗ്ലണ്ടിലെ പ്രസിദ്ധ ക്രിമിനൽ വക്കീൽ ബാരിസ്റ്റർ ന്യൂജെന്റ് ഗ്രാന്റ് ഹാജിക്കുവേണ്ടി കേസിൽ ഹാജരായി. വലിയൊരു തുക തന്നെ വക്കീൽ ഫീസായി ഓരോ തവണയും നൽകേണ്ടി വന്നു. കേസ് വിസ്താരങ്ങളിൽ ഒട്ടേറെ പ്രമുഖർ മുഹമ്മദ് ഹാജിക്ക് അനുകൂലമായി മൊഴി നൽകി.ഒടുവിൽ കോടതി ഹാജിയെ കുറ്റവിമുക്തനാക്കി. ഇത് അക്കാലത്തെ ഒരു അത്യപൂർവ വിധിയായിരുന്നു.
ഇത്തരം വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത മിക്ക പ്രതികൾക്കും അക്കാലത്ത് ലഭിച്ചത് കൊലക്കയറാണ്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും സാമ്പത്തികമായി മുഹമ്മദ് ഹാജി തകർന്നു. കച്ചവട ശൃംഖലയും പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങളും ഭൂസ്വത്തുക്കളും കോടതി വ്യവഹാരം കാരണം നശിച്ചു. സാമ്പത്തിക പരാധീനതകൾക്കിടയിലും സ്വന്തം ചെലവിൽ അദ്ദേഹം വാർധയിലെ ആശ്രമത്തിൽ ചെന്ന് ഗാന്ധിജിയെ സന്ദർശിച്ച് ആശീർവാദം സ്വീകരിച്ചു.
പൊന്നാനിയിൽ പൊതുരംഗത്ത് കർമനിരതനായിരുന്ന അദ്ദേഹം വർഷങ്ങളോളം താമസിച്ചിരുന്നത് ജുമുഅത്ത് പള്ളിക്ക് സമീപം ഭാര്യ ആമിനക്കുട്ടിയുടെ വീടായ മൂർശിങ്ങാനകം തറവാട്ടിലായിരുന്നു. ഈ വീടിന്റെ മാളിക മുകളിലാണ് മുസ്‌ലിം മജ്‌ലിസിന്റെ ഓഫിസും പ്രവർത്തിച്ചിരുന്നത്. മൊയ്തു മൗലവി തുടങ്ങിയ നേതാക്കൾ ഇവിടെ നിത്യസന്ദർശകരായിരുന്നു. 1958ൽ 74-ാം വയസ്സിലാണ് മുഹമ്മദ് ഹാജിയുടെ വിയോഗം.