പൊന്നാനി ∙ റോഡ് വീതി കൂട്ടാൻ ചുറ്റുമതിൽ പൊളിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ലക്ഷങ്ങൾ ചെലവഴിച്ച് താലൂക്ക് ആശുപത്രിയിലെ ഗേറ്റ് നവീകരിച്ചു. അടിയന്തരമായി ആശുപത്രിയിൽ ചെയ്യേണ്ടിയിരുന്ന മറ്റ് പല അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴാണ് ആശുപത്രിയുടെ പ്രവേശന കവാടത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചത്.
പൊന്നാനി അഴിമുഖത്ത് പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡ് ആറുവരിപ്പാതയുമായി ബന്ധപ്പെടുത്തുന്നതിന് ഹാർബർ പ്രദേശം മുതൽ ആനപ്പടി വരെ റോഡ് വീതി കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പും ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങളും ബന്ധപ്പെട്ട ഭൂവുടമകൾക്ക് നൽകി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും മാതൃശിശു ആശുപത്രിയുടെയും ചുറ്റുമതിൽ പൊളിക്കേണ്ടി വരും. കൃത്യമായ വിവരങ്ങൾ അറിയിച്ചുള്ള സർക്കാർ ഉത്തരവ് മറച്ചുവച്ചാണ് ആശുപത്രിയിലെ പ്രവേശന കവാടം നവീകരിക്കാനാായി ലക്ഷങ്ങൾ ചെലവഴിച്ചത്.
പഴയ കെട്ടിടത്തിന്റെ നവീകരണം ഉൾപ്പെടെ ആശുപത്രിയിൽ ഒട്ടേറെ അടിസ്ഥാന ആവശ്യങ്ങളാണ് നിലനിൽക്കുന്നത്. മലിനജല പ്രശ്നത്തിന് പരിഹാരമായിട്ടില്ല. സെപ്റ്റിക് ടാങ്കുകൾ പെട്ടെന്ന് നിറഞ്ഞ് ശുചിമുറി ഉപയോഗ ശൂന്യമാകുന്നത് പതിവാണ്. ഇതു പരിഹരിക്കാൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെങ്കിലും നിർമാണ അനുമതി ലഭിച്ചിട്ടില്ല.