വളാഞ്ചേരി ∙ ഈ പുൽക്കാടിനകം മുഴുവൻ വാഹനങ്ങളാണ്. ഒരു ദശകം മുൻപ് പിടിച്ചിട്ട വാഹനങ്ങളും ഇതിലുൾപ്പെടും. ദേശീയപാതയോരത്ത് കഞ്ഞിപ്പുര സിഐ ഓഫിസിനു ചുറ്റും താഴെ പറമ്പിലാണ് വെയിലും മഴയുമേറ്റ് ഒട്ടേറെ വാഹനങ്ങളുള്ളത്. ആഡംബര വാഹനങ്ങളും ഇവയിലുൾപ്പെടും. കേസുകളിൽ പെട്ട് പൊലീസ് പിടിച്ചെടുത്തതും റവന്യു വകുപ്പ് പിടികൂടി പൊലീസിനു കൈമാറിയതുമായ വാഹനങ്ങൾ ഏറെ വർഷങ്ങളായി ഇവിടെ തുരുമ്പെടുത്തു നശിക്കുകയാണ്.
ലോറി, ജീപ്പ്, കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയവയാണ് കൂടുതലും. പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കേസിന്റെ നൂലാമാലകളും കോടതി വിധികളും കഴിയുമ്പോഴേക്കും കൂട്ടിയിട്ട സ്ഥലത്തുതന്നെ നശിക്കുകയാണ്. പിടിച്ചെടുക്കുന്ന ബൈക്കുകൾ അടക്കം മിക്കവയും പലരും ഉപേക്ഷിക്കുകയുമാണ്. കഞ്ഞിപ്പുരയിൽ സിഐ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു ചുറ്റും ഈ ഗണത്തിൽപ്പെട്ട വാഹനങ്ങളാണ്.