ADVERTISEMENT

മലപ്പുറം ∙ കരിപ്പൂർ വിമാനത്താവള വികസനത്തിന് 14.5 ഏക്കർ ഭൂമിയേറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുഭാഗത്ത് നെടിയിരുപ്പ് പഞ്ചായത്തിൽനിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽനിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിനുശേഷം ഡിസംബറിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഏറ്റെടുക്കുന്ന ഭൂമി റൺവേക്കു സമാനമായി  നിരപ്പാക്കി നൽകണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.നിരപ്പാക്കുന്നതിന്റെ ചെലവ് എയർപോർട്ട് അതോറിറ്റി വഹിക്കണമെന്ന ആവശ്യം സംസ്ഥാനം അവരെ അറിയിക്കുകയും ചെയ്തു. ഭൂമിയേറ്റെടുത്തു വിമാനത്താവളത്തിന്റെ റിസ (റൺവേ എൻഡ്  സേഫ്റ്റി  ഏരിയ) വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.

ഇനിയെന്ത് ?

∙ ഭൂമിയേറ്റെടുക്കലിന് അനുമതി നൽകി ഉത്തരവു വന്നതോടെ ഇനി നടപടികൾക്കു  വേഗം കൂടും. റവന്യു വകുപ്പ് വിജ്ഞാപനം ഇറക്കുകയാണ് അടുത്ത നടപടി. അത് ഉടൻ ഉണ്ടാകുമെന്നാണു സൂചന. തുടർന്ന് അതിരുകൾ തിട്ടപ്പെടുത്തുന്നതിനു സർവേ നടത്തും. ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി സർക്കാർ 50 ലക്ഷം രൂപയുടെ എസ്റ്റാബ്ലിഷ്മെന്റ് ഫണ്ട് അനുവദിക്കുന്നതാണ് അടുത്ത പടി.

ഇതിനു പിന്നാലെ പരിസ്ഥിതി ആഘാത പഠനം നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തും. കലക്ടർ ഏജൻസിയെ തിരഞ്ഞെടുത്ത് സർക്കാരിന്റെ അനുമതി തേടണം. പഠനത്തിനു സർക്കാർ അംഗീകാരം നൽകുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്കു റവന്യു വകുപ്പ് കടക്കും. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ ഡിസംബറിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

ഏറ്റെടുക്കുന്ന സർവേ നമ്പറുകൾ 

∙ പള്ളിക്കൽ പഞ്ചായത്തിലെ ബ്ലോക്ക് നമ്പർ 11ൽ റീസർവേ നമ്പർ 170, 177, 178 നെടിയിരുപ്പ് പഞ്ചായത്തിലെ ബ്ലോക്ക് നമ്പർ 36ൽ റീസർവേ നമ്പർ 63,64,65,67,68,69,70,71 എന്നീ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. റിസ വികസനത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുത്തു നിരപ്പാക്കി നൽകണമെന്നാവശ്യപ്പെട്ടു ജൂണിലാണ് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർക്കാരിനു കത്തു നൽകിയത്. ഇതിൽനിന്നു റോഡും വർഷങ്ങൾ പഴക്കമുള്ള കബർസ്ഥാനും ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം എയർപോർട്ട് അതോറിറ്റി അംഗീകരിച്ചു. ഇതോടെയാണ്, ഏറ്റെടുക്കേണ്ട ഭൂമി 14.5 ഏക്കറായി ചുരുങ്ങിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com