ADVERTISEMENT

കരിപ്പൂർ ∙ മേഘങ്ങൾക്കിടയിൽ ഒരു പൊട്ടുവെളിച്ചം തെളിഞ്ഞപ്പോൾ വിജേഷ് കൂട്ടുകാരെ വിളിച്ചു കാണിച്ചുകൊടുത്തു. ‘‘അതാ, വര്ണ്ട്ടാ വര്ണ്ട്’’പിന്നാലെയൊരു വിമാനം ആകാശത്ത് നിഴൽരൂപമായി തെളിഞ്ഞു. റൺവേയുടെ അറ്റത്ത് താഴ്ന്നിറങ്ങിയപ്പോൾ കൂട്ടുകാരുടെ മുഖത്ത് നിറയെ കൗതുകം. ജിദ്ദയിൽനിന്നെത്തിയ ആ ഇൻഡിഗോ വിമാനം അതിവേഗം മുന്നിലൂടെ കടന്നുപോയപ്പോൾ സന്ദർശക ഗാലറിയിലാകെ വിസ്മയം പടർന്നു.

നിലമ്പൂരിലെ വിവിധ ആദിവാസി കോളനികളിൽനിന്ന് ഇത്തവണ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കായി ജൻശിക്ഷക് സൻസ്ഥാൻ (ജെഎസ്എസ്) സംഘടിപ്പിച്ച ഗോത്രയാത്രയുടെ ഭാഗമായാണ് അവർ കോഴിക്കോട് വിമാനത്താവളം സന്ദർശിക്കാനെത്തിയത്. കൊടുംകാട്ടിൽ താമസിക്കുന്നവരടക്കം 120 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. വിമാനങ്ങളിറങ്ങുന്നതും ഉയരുന്നതും കാണാനായത് ഭൂരിഭാഗം പേർക്കും ആദ്യാനുഭവമായിരുന്നു.

വിമാനത്താവളത്തിലെ മുഖ്യ സുരക്ഷാ ഓഫിസർ പി.വി.ജ്യോതി കുട്ടികൾക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവിധ വാക്കുകളെക്കുറിച്ചും വിശദീകരിച്ചു.  2 ടേക്ക് ഓഫും ഒരു ലാൻഡിങ്ങും അവർക്കു കാണാനായി. വനവിഭവങ്ങൾ വിൽക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ ഒരുക്കാൻ സഹായിക്കാമോയെന്ന് ഗോത്രാമൃത് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായ എസ്.സുരേന്ദ്രൻ ചോദിച്ചു. വാടകയിൽ പ്രത്യേക ഇളവ് നൽകി ഇക്കാര്യം പരിഗണിക്കണമെന്ന് പി.വി.അബ്ദുൽ വഹാബ് എംപിയും പറഞ്ഞു. അക്കാര്യം പദ്ധതി രൂപത്തിൽ എയർപോർട്ട് ഡയറക്ടർക്കു സമർപ്പിക്കാവുന്നതാണെന്ന് അസിസ്റ്റന്റ്  ജനറൽ മാനേജർ സി.ശ്രീനിവാസൻ മറുപടി നൽകി. 

വിമാനത്താവള സന്ദർശനത്തിനുശേഷം കോഴിക്കോട് പ്ലാനറ്റേറിയം, കടപ്പുറം എന്നിവയും വിദ്യാർഥികൾ സന്ദർശിച്ചു. കുട്ടികൾക്കായി ബീച്ച് ഫുട്ബോളും സംഘടിപ്പിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. നിലമ്പൂരിൽ അബ്ദുൽ വഹാബ് എംപി ഫ്ലാഗ് ഓഫ് ചെയ്തു. 3 ബസുകളിലായാണ് സംഘം പുറപ്പെട്ടത്. വിമാനത്താവളത്തിൽ ജോയിന്റ് ജനറൽ മാനേജർ എം.മുനീർ, ഡപ്യൂട്ടി ജനറൽ മാനേജർ രാജേന്ദ്ര പ്രസാദ്, അസി. ജനറൽ മാനേജർ സുനിത വർഗീസ്, സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് എ.വി.കിഷോർകുമാർ തുടങ്ങിയവർ കുട്ടികളെ സ്വീകരിച്ചു.

കോഴിക്കോട്ട് കോർപറേഷൻ ഭരണസമിതിയുടെ നേതൃത്വത്തിലും സ്വീകരണം ഒരുക്കിയിരുന്നു.യാത്രയ്ക്ക് ജെഎസ്എസ് ഡയറക്ടർ വി.ഉമ്മർകോയ, മറ്റു ഭാരവാഹികളായ സി.ദീപ, കെ.നിഖിൽ, പി.മുജീബ് റഹ്മാൻ, വിപിസി സെക്രട്ടറി സുധി, അംഗങ്ങളായ സുധീഷ്, വിജി എന്നിവർ നേതൃത്വം നൽകി.

കുട്ടികൾക്ക് രാഹുൽ ഗാന്ധിയുടെസ്നേഹസമ്മാനം

ഗോത്രയാത്രയുടെ ഭാഗമായി വിമാനത്താവളത്തിലെത്തിയ ആദിവാസി വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധി എംപിയുടെ വക സമ്മാനം. ബാഗും കുടയും ടീ ഷർട്ടുമടങ്ങുന്ന കിറ്റാണ് നൽകിയത്. ഇതിന്റെ വിതരണം എ.പി.അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി എന്നിവരും കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com