വഴിക്കടവ് ∙ സ്കൂളിൽ അധ്യാപകജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്സ മുണ്ടോളത്തിൽ വീട് നൗഫൽ എന്ന നൗഫൽ ഹമീദിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. പുന്നക്കലിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് പറഞ്ഞ് മരുത സ്വദേശിനിയിൽനിന്ന് 35,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുവിവരം പുറത്തറിഞ്ഞതോടെ പണം നഷ്ടപ്പെട്ട കാരക്കോട് സ്വദേശിനിയും കമ്പളക്കല്ല് സ്വദേശിനിയും പരാതിയുമായി പൊലീസിലെത്തി. ഇവരിൽനിന്ന് 85,000 രൂപയാണ് തട്ടിയെടുത്തത്.
ഒഴിഞ്ഞ കെട്ടിടങ്ങൾ വാടകയ്ക്കെടുക്കാൻ ധാരണയുണ്ടാക്കി അവിടെ സ്കൂളിന്റെ പരസ്യബോർഡുകൾ സ്ഥാപിച്ച് സമൂഹമാധ്യമങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന പ്രചാരണം നടത്തിയാണ് തട്ടിപ്പിനു കളമൊരുക്കുന്നത്. മമ്പാട് പന്തലിങ്ങൽ, ടാണ, കമ്പളക്കല്ല്, കൂറ്റമ്പാറ, ഏറിയാട്, തിരൂരങ്ങാടി, മോങ്ങം എന്നിവിടങ്ങളിൽ ഇങ്ങനെ സ്കൂൾ തുടങ്ങി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഉദ്യോഗാർഥികളിൽനിന്നു പണം വാങ്ങി വിദ്യാർഥികളെ സ്കൂളിൽ ചേർക്കാൻ ഇവരെത്തന്നെ ചുമതലപ്പെടുത്തുകയും ഫീസ് വാങ്ങി ശമ്പളം എടുക്കാൻ പറയുകയുമാണു ചെയ്യുന്നത്. മിക്ക സ്കൂളുകളിലും ഇരുപതിൽ താഴെ കുട്ടികൾ മാത്രമാണുള്ളത്. 20,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഉദ്യോഗാർഥികളിൽനിന്നു വാങ്ങിയിട്ടുള്ളത്.
പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്ഐ ടി.എ.അജയകുമാർ, കെ,എസ്.മനോജ്, സിപിഒ പി.സി.ഷീബ, അഭിലാഷ് കൈപ്പിനി, ടി.നിബിൻദാസ്, ജിയോ ജേക്കബ്, സി.എം.റിയാസലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.