ADVERTISEMENT

തവനൂർ ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ നിളയോരത്ത് ‘കേരള രാജ്ഘട്ട്’ തലയുയർത്തി നിൽക്കുകയാണ്. കേരള ഗാന്ധിയായ കെ.കേളപ്പന്റെ ഓർമകളുമായി. സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, ഗുരുവായൂർ സത്യഗ്രഹ നേതാവ് എന്നതിനൊപ്പം തവനൂർ ഗ്രാമത്തിന്റെ ‘പുത്രൻ’കൂടിയായിരുന്നു കേളപ്പജി. ക്വിറ്റ് ഇന്ത്യാ സമരത്തിനൊപ്പം കേരളത്തിന്റെ മുക്കിലും മൂലയിലും ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിച്ചു. കൊഴപ്പുള്ളി പുത്തൻപുരയിൽ കേളപ്പൻ നായർ എന്ന കെ.കേളപ്പൻ അവിഭക്ത മലബാറിലെ കുറുമ്പ്രനാട് താലൂക്കിലുള്ള മൂടാടി മുച്ചുകുന്നിൽ 1889 ഓഗസ്റ്റ് 24നാണ് ജനിച്ചത്. 

നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനുമാണ്. 1913-14 കാലഘട്ടത്തിൽ എൻഎസ്എസിന്റെ മാതൃസംഘടനയായ നായർ ഭൃത്യ സംഘത്തിന്റെ പ്രസിഡന്റായി. ചങ്ങനാശ്ശേരി സെന്റ് ബർക്മാൻസ് സ്കൂളിലും എൻഎസ്എസ് ആദ്യമായി സ്ഥാപിച്ച കറുകച്ചാൽ സ്കൂളിലും അധ്യാപകനായ അദ്ദേഹം 1919ൽ പൊന്നാനി എവി ഹൈസ്കൂളിൽ അധ്യാപകനായി എത്തി. പൊന്നാനി എവി ഹൈസ്കൂളിൽ അധ്യാപകനായ കാലം മുതലാണ് കലാ-സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമാകുന്നത്. തൃക്കാവിലെ കാരംകുന്നത്ത് തറവാടായിരുന്നു ഇടത്താവളം. 

ആദ്യമായി അറസ്റ്റ് വരിക്കുന്നതും പൊന്നാനിയിൽവച്ചാണ്. 1927 ഒക്ടോബറിൽ കോഴിക്കോട് എത്തിയ ഗാന്ധിജിയുടെ നിർദേശപ്രകാരം കേളപ്പൻ ഹരിജൻ വിഭാഗത്തിന്റെ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങി. കൊയിലാണ്ടിയിലും തവനൂരിലും ഹരിജനങ്ങൾക്കായി സ്കൂളും ഹോസ്റ്റലുകളും സ്ഥാപിച്ചു. നല്ലമ്പ്രക്കുന്നിൽ  കേളപ്പജി സ്ഥാപിച്ച സ്കൂളിൽ 1934 ജനുവരി 14ന് ഗാന്ധിജി സന്ദർശനം നടത്തി. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കും ഗാന്ധിയൻ ആശയ പ്രചാരണങ്ങൾക്കുമായി തവനൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ ശാന്തികുടീരം ഉയർന്നു. ഇവിടെയായിരുന്നു പ്രധാനപ്പെട്ട പല യോഗങ്ങളും നടന്നത്. 

ഇതിനിടെ 1931ലെ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നേതൃസ്ഥാനവും അദ്ദേഹം വഹിച്ചു. വൈക്കം സത്യഗ്രഹത്തിനും നേതൃത്വം നൽകി. പയ്യന്നൂർ ഉപ്പുസത്യഗ്രഹം ഏറ്റെടുത്തതും കേളപ്പജിയായിരുന്നു. കോഴിക്കോട് നിന്ന് ആരംഭിച്ച ഉപ്പു സത്യഗ്രഹസമരം പയ്യന്നൂരിൽ എത്തിയപ്പോഴാണ് കേളപ്പജിക്ക് ‘കേരളഗാന്ധി’ എന്ന സ്ഥാനപ്പേര് ലഭിക്കുന്നത്.  മലബാറിൽ പിസിസി സൊസൈറ്റികൾക്ക് തുടക്കമിട്ടതും തവനൂരിൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും കെ.കേളപ്പനാണ്.

ഗാന്ധിജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങി ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തതും കേളപ്പജിയുടെ നേതൃത്വത്തിലായിരുന്നു. അതിന്റെ ഓർമയ്ക്കായി അദ്ദേഹം തുടക്കമിട്ടതാണ് തിരുനാവായ സർവോദയമേള. 1971 ഒക്ടോബർ 7ന് കേളപ്പജി ഓർമയായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തവനൂരിൽ നിളയോരത്ത് അദ്ദേഹത്തിന്റെ സമാധിയുമൊരുങ്ങി. വർഷങ്ങൾക്ക് ശേഷം ‘കേരളഗാന്ധി’യുടെ സമാധി സ്ഥലം ‘കേരള രാജ്ഘട്ട്’ ആയി മാറിയിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com