ADVERTISEMENT

മലപ്പുറം ∙ പല കാലങ്ങളിൽ ഒരേ അനാഥാലയത്തിൽ പഠിച്ച 3 കൂട്ടുകാർ. പിന്നീട് അവർ ജീവിതത്തിന്റെ പല വഴികളിലേക്കിറങ്ങി. ലോകം നിശ്ചലമായ കോവിഡ് കാലത്ത് അവർ വീണ്ടും ഒത്തുകൂടി. നാളുകൾക്കിപ്പുറം ഹൈജീൻ ഓർഗാനിക് കൂവപ്പൊടിയെന്ന കാർഷിക വ്യവസായമായി ആ കൂട്ടായ്മ വളർന്നിരിക്കുന്നു. 4 പഞ്ചായത്തുകളിലായി 8 ഏക്കർ സ്ഥലത്താണു കൃഷി. ഒരേക്കറിൽ നിന്നു വർഷം 3–5 ടൺ കൂവക്കിഴങ്ങ് ലഭിക്കും. അത് അരച്ചു ശുദ്ധിയാക്കി പായ്ക്കുചെയ്ത് ഹൈജീൻ ഓർഗാനിക് കൂവപ്പൊടിയെന്ന പേരിൽ രാജ്യത്തുടനീളം മാർക്കറ്റു ചെയ്യുന്നു.

മലപ്പുറം വാവൂർ സ്വദേശിയായ ടി.കെ.അബ്ദുറഹ്മാൻ, ഉഗ്രപുരം സ്വദേശി അഷ്റഫ് മേക്കുത്ത്, കൊണ്ടോട്ടി സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണു വേറിട്ട കൃഷിയിലൂടെ ശ്രദ്ധ നേടുന്നത്. അബ്ദുറഹ്മാനും അഷ്റഫും മുൻ പ്രവാസികളാണ്. അഷ്റഫ് കോവിഡ് ഭീതിയെത്തുടർന്നു പ്രവാസം അവസാനിപ്പിച്ചയാളാണ്. 

നാട്ടിൽ വ്യാപകമല്ലാത്ത കൃഷിയെന്ന ആലോചനയാണു കൂവക്കൃഷിയിലെത്തിച്ചത്. അബ്ദുറഹ്മാൻ നേരത്തേ സ്വന്തം ആവശ്യത്തിനു മാത്രമായി കൂവ കൃഷി ചെയ്തിരുന്നു. ഔഷധക്കൂട്ടുള്ള ഒറ്റമൂലിയെന്ന നിലയിൽ പണ്ട് അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൂവപ്പൊടി. അതിന്റെ സാധ്യത വിശദമായി പഠിച്ച ശേഷം മൂന്നു പേരും ചേർന്നു കൃഷി വിപുലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ചീക്കോട് പഞ്ചായത്തിൽ 3 ഏക്കറിലാണ് ആദ്യം കൃഷി തുടങ്ങിയത്. പിന്നീട്, അരീക്കോട്, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ, അനന്തായൂർ എന്നിവിടങ്ങളിലും തുടങ്ങി. കൂവ മാത്രമായും തെങ്ങിൻ തോട്ടത്തിൽ ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്. ഇടവത്തിൽ മണ്ണൊരുക്കി വിത്തിട്ട്, ധനു, മകര, കുംഭ മാസങ്ങളിൽ വിളവെടുക്കും. ഇതിനിടയിൽ രണ്ടു തവണ കള പറിച്ച് മണ്ണും വളവുമിടും. പൂർണമായി ജൈവ വളമാണു ഉപയോഗിക്കുന്നത്. മഴയെ ആശ്രയിച്ചാണു കൃഷി.

വന്യ മൃഗ ശല്യവും കാലാവസ്ഥാ വ്യതിയാനവുമാണു പ്രധാന ഭീഷണി. മൃഗ ശല്യം ഒഴിവാക്കാൻ സോളർ വേലി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കിഴങ്ങ് ശുദ്ധീകരിച്ച ശേഷം പൊടിക്കുന്ന കുടിൽ വ്യവസായ യൂണിറ്റ് വാവൂരിലാണു പ്രവർത്തിക്കുന്നത്. കൂവയ്ക്കൊപ്പം കസ്തൂരി മഞ്ഞളും കരി മഞ്ഞളും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂവയിൽ നിന്നു കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതും ആലോചനയിലുണ്ട്. ‘നല്ല ആരോഗ്യം, സന്തോഷ ജീവിതം’ എന്നതാണു ഹൈജീനിന്റെ മുഖമുദ്ര. ചൂടിനെ പ്രതിരോധിക്കാൻ കൂവപ്പൊടി ഫലപ്രദമാണ്. അതിനാൽ, വിദേശങ്ങളിലേക്കു കയറ്റുമതി തുടങ്ങാനുള്ള ശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com