ADVERTISEMENT

മലപ്പറം ∙ സുബ്രതോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അൺ എയ്ഡഡ് സ്കൂൾ സംസ്ഥാനതല ചാംപ്യന്മാരാകുന്നത് ഇതാദ്യം. അത്താണിക്കൽ എംഐസി ഇംഗ്ലിഷ് മീഡിയം സ്കൂളാണ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാംപ്യന്മാരായത്. അയൽക്കാരായ കോഴിക്കോടിനെ 3–0ത്തിനു തോൽപിച്ചാണ് കിരീടം ചൂടിയത്.4 കളികളിൽ എതിരാളികളുടെ വലയിൽ 18 ഗോളുകൾ നിക്ഷേപിച്ചു. ടീം ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നതു നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിലെ കൊണ്ടോട്ടി സ്വദേശി അദ്‌നാൻ 9 ഗോളോടെ ടോപ് സ്കോററായി. ഹാൻഡ്‌ബോളിൽ നേരത്തേ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ടീമാണു എംഐസി. ഫുട്ബോളിൽ സംസ്ഥാന തലത്തിൽ കിരീട മുദ്ര ചാർത്തുന്നത് ആദ്യമായാണ്.

കരുത്തരായ എംഎസ്പി, ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് എന്നിവരെ ജില്ലാ തലത്തിൽ തോൽപിച്ചാണു ടീം ഇത്തവണ സംസ്ഥാന ചാംപ്യൻഷിപ്പിനു യോഗ്യത നേടിയത്. കഴിഞ്ഞ വർഷം സ്കൂളിൽ തുടങ്ങിയ സ്പോർട്സ് അക്കാദമിയാണു ടീമിന്റെ മുന്നേറ്റത്തിനു അടിത്തറ പാകിയത്. മുത്തൂറ്റിന്റെ സഹായത്തോടെ തുടങ്ങിയ അക്കാദമിയിൽ 50 വിദ്യാർഥികളുണ്ട്. ഇതിൽ 6 പേർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കായികാധ്യാപകൻ പി.മുനീർ, അൻസിൽ എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് ആണു ജില്ലയെ പ്രതിനിധീകരിച്ചു ഫൈനലിലെത്തിയത്. 

പാലക്കാടാണു കലാശപ്പോരാട്ടത്തിൽ ടീമിന്റെ എതിരാളികൾ. ചേലേമ്പ്ര കൂടി ജയിച്ചാൽ ആൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ കിരീടം മലപ്പുറത്തിനാകും. അതേസമയം, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ പന്തല്ലൂർ പിഎച്ച്എസ്എസിനു ആദ്യഘട്ടത്തിൽ തന്നെ കാലിടറി.സബ് ജൂനിയർ ആൺകുട്ടികളുടെ ഫൈനലിൽ ഇന്നു മലപ്പുറവും പാലക്കാടും ഏറ്റുമുട്ടും. ജൂനിയർ പെൺകുട്ടികളുടെ സെമി, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. കണ്ണൂരും പാലക്കാടും തൃശൂരും എറണാകുളവും തമ്മിലാണു മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com