ADVERTISEMENT

മഞ്ചേരി ∙ കറുത്ത പൊന്നെന്നു ബ്രിട്ടിഷുകാർ വിശേഷിപ്പിച്ച കുരുമുളകിന്റെ കൃഷിയുമായി ബന്ധപ്പെട്ടു 134 വർഷം മുൻപുള്ള ഒരു കരാർ കൗതുകമാകുന്നു. 3 മലകളിലായി 370 ഏക്കറിൽ കുരുമുളക് കൃഷി ചെയ്യാനുള്ള കരാറുണ്ടാക്കിയതു കരിക്കാട് മൂത്തേടത്ത് പാലശ്ശേരി ശങ്കരൻ നമ്പൂതിരിയും എളങ്കൂർ കാവുങ്കൽ മംഗലശേരി ദാമോദരൻ നമ്പൂതിരിപ്പാടുമാണ്.

1888 ജനുവരി 31നു മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽവച്ചാണു ഇരുവരും കരാർ ഒപ്പിട്ടത്. ആ അപൂർവ രേഖ തലമുറകൾ കൈമാറി നിലവിൽ കരിക്കാട് പാലിശ്ശേരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കൈവശമാണുള്ളത്. ശങ്കരൻ നമ്പൂതിരിയുടെ പേരമകനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി.

ഇരുവരും ചേർന്നു വൻ തോതിൽ കുരുമുളക് കൃഷി ചെയ്യാനുള്ള വ്യവസ്ഥകളാണു കരാറിലുള്ളത്. ഏറനാട് താലൂക്കില‍െ തുടിയൻമല, താന്നിക്കൽ കുന്ന്, ഊത്താലക്കൽ മല എന്നീ മലവാരങ്ങളിലാണ് കൃഷി. തളിപ്പറമ്പ് നിന്ന് ആണ് 12,000 വള്ളിത്തല കൊണ്ടു വരുന്നത്. 1000 തലയ്ക്ക് 5 രൂപയായിരുന്നു നിരക്ക്. ജലമാർഗം എടവണ്ണ വരെ കൊണ്ടുവന്നു. വള്ളി വെയിലേറ്റ് വാടാതിരിക്കാൻ വാഴപ്പോളയിലാക്കി എത്തിച്ചെന്ന് രേഖകൾ പറയുന്നു.

അധികം വൈകാതെ ഇവർ വഴിപിരിഞ്ഞില്ലായിരുന്നുവെങ്കിൽ മലപ്പുറം ജില്ലയിലെ കുരുമുളക് കൃഷിയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com