ADVERTISEMENT

പൊന്നാനി ∙പുനർഗേഹം പദ്ധതി പ്രകാരം 128 മത്സ്യത്തൊഴിലാളികൾക്കു വീടു നിർമിച്ചു നൽകിയതു സിആർസെഡ് അനുമതിയില്ലാതെ. വീടുകൾക്കു നഗരസഭയുടെ അനുമതിയുമില്ല. നിലവിൽ നൽകിയിരിക്കുന്നതു താൽക്കാലിക കെട്ടിട നമ്പർ മാത്രം. സിആർസെഡ് അനുമതിയും നഗരസഭാ അനുമതിയുമില്ലാത്തതിനാൽ 12 കോടി ചെലവിൽ പൂർത്തിയാക്കിയ പദ്ധതിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുയർന്നു.

  പൊന്നാനിയിൽ പുനർഗേഹം ഭവന പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന് ഫണ്ട് ലഭ്യമല്ലാത്തതിനാൽ നിർമാണം അടിത്തറയിൽ ഒതുങ്ങിയപ്പോൾ
പൊന്നാനിയിൽ പുനർഗേഹം ഭവന പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന് ഫണ്ട് ലഭ്യമല്ലാത്തതിനാൽ നിർമാണം അടിത്തറയിൽ ഒതുങ്ങിയപ്പോൾ

തുറമുഖ വകുപ്പിന്റെ അനുമതി പോലുമില്ലാതെയാണ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. പുഴ നികത്തിയെടുത്ത ഭൂമിയിൽ നിർമാണാനുമതി നൽകിയതിന് പിന്നിൽ വലിയ പിഴവുകൾ സംഭവിച്ചുവെന്നാണ് ആരോപണം. ഒരു വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഭവന സമുച്ചയത്തിലെ ഒരു വീടിനു പോലും കെട്ടിട നമ്പർ അനുവദിക്കാൻ നഗരസഭ തയാറായിട്ടില്ല. പ്രതിഷേധം കനത്തതോടെ താൽക്കാലിക അനുമതി നൽകി തടിയൂരിയിരിക്കുകയാണ്.

  മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിൽ കോൺക്രീറ്റ് ബീമുകളില്ലാതെ നിർമാണം നടന്നപ്പോൾ. കെട്ടിടത്തിന് ബീമുകളുടെ ആവശ്യമില്ലെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പും കരാറുകാരും പറയുന്നത്. (നിർമാണവേളയിൽ നിന്നുള്ള ചിത്രം)
മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിൽ കോൺക്രീറ്റ് ബീമുകളില്ലാതെ നിർമാണം നടന്നപ്പോൾ. കെട്ടിടത്തിന് ബീമുകളുടെ ആവശ്യമില്ലെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പും കരാറുകാരും പറയുന്നത്. (നിർമാണവേളയിൽ നിന്നുള്ള ചിത്രം)

ഭവന സമുച്ചയത്തിന് നഗരസഭയുടെ ചട്ടപ്രകാരമുള്ള അനുമതി നൽകണമെങ്കിൽ സിആർസെഡ് അനുമതി ലഭിക്കണം. മാത്രവുമല്ല, കെട്ടിടത്തിൽ നിർമാണ ചട്ടമനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളില്ല. ഫയർ റെസ്ക്യു സംവിധാനമില്ല. മലിനജല സംസ്കരണത്തിനുള്ള സംവിധാനമില്ല. വൻ തുക ചെലവഴിച്ചു നിർമിച്ച പദ്ധതിയിൽ ഇല്ലായ്മകളാണ് ഏറെയും.

ഇക്കാരണത്താൽ നഗരസഭയ്ക്ക് കെട്ടിട അനുമതി നൽകാൻ കഴിയാത്ത സാഹചര്യമാണ്. സുരക്ഷാ സംവിധാനത്തിനും മലിന ജല സംസ്കരണത്തിനും പദ്ധതി തയാറാക്കി നടപ്പാക്കിയാലും സിആർസെഡ് അനുമതി പ്രധാന കടമ്പയാണ്. മണൽ നികത്തിയെടുത്ത പുഴയോര ഭാഗത്തെ നിർമാണത്തിന് എങ്ങനെ സിആർസെഡ് അനുമതി കിട്ടുമെന്നതാണ് ഏറെ ആശങ്കയുയർത്തുന്ന കാര്യം.

നിരോധന ഉത്തരവ് മുക്കി

തുറമുഖ വകുപ്പ് ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം തുടങ്ങിയപ്പോൾ വകുപ്പ് നിരോധന ഉത്തരവ് നൽകിയിരുന്നു. അന്നത്തെ പോർട്ട് കൺസർവേറ്ററാണ് നിർമാണം നിർത്തിവയ്ക്കാനുള്ള ഉത്തരവ് നൽകിയത്. എന്നാൽ, സർക്കാർ കണ്ണുരുട്ടിയതോടെ ഉത്തരവ് തിരിച്ചുവാങ്ങി കൺസർവേറ്റർ ഫയൽ മടക്കിയെന്നാണ് വിവരം. ഇപ്പോഴും രേഖ പ്രകാരം നിർമാണത്തിന് തുറമുഖ വകുപ്പ് അനുമതി നൽകിയിട്ടില്ല. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഭവന സമുച്ചയ നിർമാണം നടന്നത്.

ഭവന നിർമാണ പദ്ധതിയും പാളുന്നു

ജില്ലയുടെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പുനർഗേഹം ഭവന നിർമാണ പദ്ധതിയും പാളുന്നു. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ ഇടങ്ങളിൽ സ്ഥലം വാങ്ങി വീടു വയ്ക്കുന്നതിന് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് അവതാളത്തിലായിരിക്കുന്നത്. സർക്കാരിനെ വിശ്വസിച്ച് ഭൂമി നൽകിയ ഭൂവുടമകൾക്ക് പോലും പണം കിട്ടാത്ത അവസ്ഥയാണ്. ഒന്നാംഘട്ട തുക ലഭിച്ച കുടുംബങ്ങൾ രണ്ടാംഘട്ടം ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.

പല വീടുകളും പാതിവഴിയിൽ കിടക്കുകയാണ്. ഭൂമി നൽകിയ ഭൂവടുമകൾ പണം കിട്ടാനായി നെട്ടോട്ടമോടുകയാണ്. മകളുടെ വിവാഹ ചെലവു കണ്ടെത്താനായി വിൽപനയ്ക്ക് കരുതി വച്ചിരുന്ന ഭൂമി പുനർഗേഹം പദ്ധതിയിലേക്കു നൽകിയ വീട്ടമ്മ കടക്കെണിയിലായ അവസ്ഥയാണ്. കഴിഞ്ഞ ആഴ്ചയിൽ ഇവർ ഫീഷറീസ് ഓഫിസിൽ വന്ന് നെഞ്ചുപൊട്ടി കരഞ്ഞു പറഞ്ഞിട്ടും രക്ഷയുണ്ടായിട്ടില്ല. കൈമലർത്തുകയല്ലാതെ ഉദ്യോഗസ്ഥർക്കും മറ്റ് വഴികളില്ല.

കെട്ടിടം നിൽക്കുന്നത് പുഴ നികത്തിയ ഭാഗത്ത്

ഒരു കാലത്ത് പുഴയുടെ ഭാഗമായിരുന്ന പ്രദേശത്താണ് ഇന്ന് ഭവന സമുച്ചയം നിർമിച്ചിരിക്കുന്നത്. മണ്ണിട്ട് നികത്തിയെടുത്ത ഭാഗം പണ്ട് പത്തേമാരികൾ അടുത്തിരുന്ന തീരമായിരുന്നു. ഇന്നത്തെ ഭവന സമുച്ചയത്തിനടുത്തുവരെ പണ്ട് തുറമുഖ വകുപ്പിന്റെ വാർഫ് നിലനിന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലിലൂടെയാണു പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കിയത്.

സിആർസെഡ് അനുമതി വഴിയേ ലഭ്യമാകുമെന്ന കണക്കുകൂട്ടൽ ഇപ്പോൾ പിഴച്ച മട്ടാണ്. നിർമാണം പൂർത്തിയാക്കി കൈമാറി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കെട്ടിടത്തിൽ വിള്ളൽ ഉൾപ്പെടെയുള്ള അപാകതകൾ കണ്ടുതുടങ്ങിയതും ആശങ്കയുയർത്തിയിട്ടുണ്ട്.

 

ആശങ്കയുടെ വേലിയേറ്റം

 

പൊന്നാനി ∙ കടലാക്രമണം ഭയന്ന് അഭയം തേടിയെത്തിയവരെല്ലാം അതിനെക്കാൾ വലിയ ആശങ്കയിൽ. തീരത്തെ വീട് പൊളിച്ചുമാറ്റിയാണ് ഹാർബർ പ്രദേശത്ത് സർക്കാർ നിർമിച്ചു നൽകിയ ഭവന സമുച്ചയത്തിൽ താമസം തുടങ്ങിയത്. സ്ഥിരം കെട്ടിട നമ്പർ പോലുമില്ലാത്തതും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമായ കെട്ടിടത്തിൽ താമസിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. മലിന ജല പ്രശ്നം കാരണം മഴ ശക്തമായപ്പോൾ പല കുടുംബങ്ങളും വീടൊഴിഞ്ഞ് ബന്ധുവീടുകളിൽ അഭയം തേടിയിരുന്നു. വീടിനകത്തെ ശുചിമുറിയിൽ നിന്നുള്ള മലിന ജലം നേരെ അടുക്കളയിലേക്കും മുറികളിലേക്കും പരന്നൊഴുകുന്ന അവസ്ഥയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com