ADVERTISEMENT

തേഞ്ഞിപ്പലം ∙ സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റിൽ ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം റെക്കോർഡ് പെരുമഴ. 3 ദിവസത്തിനിടെ പിറന്നത് 23 മീറ്റ് റെക്കോർഡുകൾ. ഇന്ന് 43 ഇനങ്ങളി‍ൽ ഫൈനൽ നടക്കാനുള്ളതിനാൽ ഏതാനും റെക്കോർഡുകൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. 2019ന് ശേഷം ഇപ്പോഴാണ് മീറ്റ് നടക്കുന്നത്. ഇക്കുറി ആദ്യ രണ്ട് ദിവസവും 9 വീതം റെക്കോർഡുകൾ പിറന്നു. ഇന്നലെ 5 റെക്കോർഡുകൾ.

 സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ് ട്രിപ്പിൾ ജംപിൽ എ.ബി.അരുൺ  (പുരുഷ വിഭാഗം– കടകശ്ശേരി ഐഡിയൽ) റെക്കോർഡോടെ സ്വർണം നേടുന്നു.
സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ് ട്രിപ്പിൾ ജംപിൽ എ.ബി.അരുൺ (പുരുഷ വിഭാഗം– കടകശ്ശേരി ഐഡിയൽ) റെക്കോർഡോടെ സ്വർണം നേടുന്നു.

ഇന്നലത്തെ റെക്കോർഡ് പട്ടിക ഇങ്ങനെ

കെ.സി.സിദ്ധാർഥ്– ഡിസ്കസ് ത്രോ (കെ.സി.ത്രോസ് ചെറുവത്തൂർ), എ.ബി.അരുൺ– ട്രിപ്പിൾ ജംപ് (കടകശ്ശേരി ഐഡിയൽ), ഷെറിൻ ജോസ്– 5,000 മീറ്റർ (കോതമംഗലം മാർ അത്തനേഷ്യസ്), കെ.പി. ഷിൽഡ– 200 മീറ്റർ (തിരുവനന്തപുരം മാമൂട് ബ്രദേഴ്സ്), പാർവണ ജിതേഷ്– ഷോട്പുട് (ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമി).

 ഒളിംപ്യൻ പി.ടി.ഉഷ എംപി കാലിക്കറ്റ് സർവകലാശാല  സ്റ്റേഡിയത്തിലെ താൽക്കാലിക പവിലിയനിൽ.
ഒളിംപ്യൻ പി.ടി.ഉഷ എംപി കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ താൽക്കാലിക പവിലിയനിൽ.

മീറ്റിൽ 3 ദിവസങ്ങളിലായി 130 ഇനങ്ങളുടെ ഫൈനൽ പൂർത്തിയായി. മൊത്തം 173 ഇനങ്ങളുണ്ട്. ഇന്ന് 3.30ന് സമാപന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലാ വിസി ഡോ. എം.കെ. ജയരാജ് ട്രോഫി സമ്മാനിക്കും.

യൂത്ത് അത്‍‌ലറ്റിക് മീറ്റ്29, 30 തീയതികളിൽ

സംസ്ഥാന യൂത്ത് അത്‍‌ലറ്റിക് മീറ്റ് 29,30 തീയതികളിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന ജൂനിയർ അത്‍‌ലറ്റിക് മീറ്റ് ഇത്തവണ ഒക്ടോബറിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തും. സ്റ്റേഡിയത്തിൽ ഇപ്പോൾ നടത്തുന്ന സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നവരിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ആന്ധ്രയിലെ ഗുണ്ടൂരിൽ നടത്തുന്ന ദക്ഷിണേന്ത്യൻ മത്സരത്തിൽ പങ്കെടുക്കാം.

ഓർമകൾ ഉറങ്ങുന്ന ട്രാക്കിൽ ശിഷ്യരുമായി പി.ടി.ഉഷ

കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ സജീവ സാന്നിധ്യമായി ഒളിംപ്യൻ പി.ടി.ഉഷ. സംസ്ഥാന അന്തർ ജില്ലാ അത്‍‌ലറ്റിക്സിൽ പങ്കെടുക്കുന്ന തന്റെ താരങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും അവർക്ക് നിർദേശവും ആവേശവും പകരാനുമാണ് ഉഷ വീണ്ടും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിയത്. 3 ദിവസമായി മീറ്റ് സമയത്തെല്ലാം ഉഷ സ്റ്റേഡിയത്തിലുണ്ട്. രാജ്യസഭാംഗമായ അവർ കഴിഞ്ഞ 10ന് ഡൽഹിയിൽ നിന്ന് എത്തിയ ശേഷം തന്റെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ താരങ്ങളെ അന്തർ ജില്ലാ സംസ്ഥാന അത്‌ലറ്റിക്സിൽ പങ്കെടുപ്പിക്കാനുള്ള തയാറെടുപ്പിൽ സജീവമായിരുന്നു. ഉഷയുടെ 21 ശിഷ്യർ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

‘ 1982– 84 കാലത്ത് ഈ സ്റ്റേഡിയത്തിൽ ഒട്ടേറെ തവണ പരിശീലനത്തിന് എത്തിയിട്ടുണ്ട്. അന്ന് യൂണിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിൽ താമസിച്ച് പരിശീലനത്തിന് എത്തുകയായിരുന്നു. അക്കാലത്ത് കോഴിക്കോട് പ്രോവിഡൻസ് കോളജ് വിദ്യാർഥിനിയായിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിൽസിന്തറ്റിക് ട്രാക്ക് വന്നു. സൗകര്യം കൂടി. സംസ്ഥാനത്തെ പ്രധാന മത്സര വേദികളിലൊന്നായി മാറി. പുതിയ ഹോസ്റ്റൽ വരുന്നു. ഇനി പവിലിയനും ഫ്ലെഡ് ലിറ്റും വരണം. അതുകൂടി ആയാൽ എല്ലാ മത്സരങ്ങൾക്കും സജ്ജമായ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്റ്റേഡിയമായി ഇത് മാറും’– ഉഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com