കള്ളക്കടത്തു സ്വർണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയിലായ സംഭവം; സിബിഐ വിവരശേഖരണം തുടങ്ങി

HIGHLIGHTS
  • ഇത്രയും ഉയർന്ന റാങ്കിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്തിന് പിടിയിലാകുന്നത് സംസ്ഥാനത്ത് ആദ്യം
SHARE

കൊച്ചി/മലപ്പുറം ∙ കള്ളക്കടത്ത് സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പ (46) പിടിയിലായ സംഭവത്തിൽ സിബിഐ പ്രാഥമിക വിവരശേഖരണം തുടങ്ങി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കണോ എന്നു തീരുമാനിക്കുന്നത്. മലപ്പുറം എസ്പിയുടെ റിപ്പോർട്ടിൽ സിബിഐ കൊച്ചി യൂണിറ്റാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന റാങ്കിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണം കടത്തിയതിന് പിടിയിലാകുന്നത്. ഇതും നടപടികൾ വേഗത്തിലാക്കാൻ സിബിഐക്കു പ്രേരണയായി.

സ്വർണക്കടത്തിലെ പങ്ക്, പിടിച്ചെടുത്ത പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും സ്രോതസ്സ്, മുനിയപ്പയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് പ്രാഥമിക അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിടിയിലാകുന്നതിന്റെ തലേന്ന്, യാത്രക്കാരുടെ ലഗേജുകൾ എക്‌സ്റേ ഇമേജ് വഴി പരിശോധിക്കുന്ന ചുമതലയിൽ ആയിരുന്നു മുനിയപ്പ.

ചില യാത്രക്കാരുടെ ലഗേജുകൾ പരിശോധിക്കാത്തതിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കൃത്യമായ മറുപടി നൽകിയിരുന്നില്ല. പിന്നാലെയാണ് മുനിയപ്പ പൊലീസ് പിടിയിലായത്. ഇക്കാര്യവും സിബിഐ അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കസ്റ്റംസിന്റെ പതിവ് അന്വേഷണവും ഹെഡ് ക്വാർട്ടേഴ്സ്   വിജിലൻസ്  സംഘത്തിന്റെ    അന്വേഷണവും  നടക്കും. വ്യാഴാഴ്ച പുലർച്ചെ 2.15ന് ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസിൽ 2 കാസർകോട് സ്വദേശികൾ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വർണം 25,000 രൂപ പ്രതിഫലത്തിന് എയർപോർട്ടിന് പുറത്തെത്തിച്ച് കൈമാറാൻ ശ്രമിക്കുമ്പോഴാണ് മുനിയപ്പ പിടിയിലായത്.

ഇയാളുടെ താമസസ്ഥലത്തുനിന്ന് 4,42,980 രൂപയും 500 യുഎഇ ദിർഹവും പാസ്‌പോർട്ടുകളും പിടിച്ചെടുത്തിരുന്നു. യാത്രക്കാരുടെ പാസ്പോർട്ടുകൾ കസ്റ്റംസ് സൂപ്രണ്ടിന്റെ താമസസ്ഥലത്തുനിന്നു കണ്ടെടുത്തതു ഗൗരവമുള്ള സംഭവമായാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. അത്യാവശ്യ കാര്യങ്ങളുണ്ടെങ്കിൽ നോട്ടിസ് നൽകി ഓഫിസിൽ പാസ്പോർട്ട് സൂക്ഷിക്കുകയാണു രീതിയെന്ന് ഡിവൈഎസ്പി കെ.അഷ്റഫ് പറഞ്ഞു.

സ്വർണക്കടത്ത്: എക്സ്റേ പരിശോധനയ്ക്കെത്തിച്ചവർ ഓടി; പിന്നീട് പിടിയിലായി 

കൊണ്ടോട്ടി ∙ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ എക്സ്റേ പരിശോധനയ്ക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 2 യാത്രക്കാർ കടന്നുകളയാന്‍ ശ്രമം നടത്തി. രണ്ടുപേരെയും പിടികൂടിയെങ്കിലും ഒരാളിൽനിന്നു സ്വർണം കണ്ടെത്തിയില്ല. ഇന്നലെ വൈകിട്ടാണു സംഭവം. ദുബായിൽനിന്നെത്തിയ 2 യാത്രക്കാരെയാണു കസ്റ്റംസ് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.

രണ്ടുപേരും ഓടിയെങ്കിലും ഒരാളെ ഉടൻ പിടികൂടി. ഇയാളിൽനിന്ന് ഒരു കിലോയിലേറെ മിശ്രിതം കണ്ടെത്തി. മറ്റൊരു യാത്രക്കാരൻ ആശുപത്രിയുടെ മതിൽ ചാടി. പിന്നീട് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി പരിശോധിച്ചെങ്കിലും സ്വർണം ലഭിച്ചില്ല. വിവരമറിഞ്ഞു പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാമത്തെ യാത്രക്കാരൻ കടന്നുകളയാന്‍ ശ്രമിച്ച വഴിയില്‍ സ്വർണം ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

പിടികൂടിയത് 16 ലക്ഷത്തിന്റെ സ്വർണം; അറസ്റ്റ് ഉണ്ടാവില്ല

∙ വിമാനത്താവളം വഴി നികുതി അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്ന സ്വർണത്തിന്റെ വില 50 ലക്ഷം രൂപയുണ്ടെങ്കിലേ അറസ്റ്റും കോടതി നടപടികളും ഉണ്ടാകൂ. നേരത്തേ 20 ലക്ഷമായിരുന്നു പരിധി. കഴിഞ്ഞ 16 മുതൽ തുക 50 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്കു താഴെയുള്ള സംഭവങ്ങളിൽ സ്വർണം കണ്ടുകെട്ടും. പിഴ ചുമത്തി യാത്രക്കാരനെ വിടും. മറ്റേതെങ്കിലും വലിയ കേസുമായി ബന്ധമുള്ളതോ മറ്റോ ആണെങ്കിൽ കേസിന്റെ സ്വഭാവമനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താം. കഴിഞ്ഞ ദിവസം കസ്റ്റംസ് സൂപ്രണ്ടിൽനിന്നു പിടികൂടിയ സ്വർണത്തിന്റെ വില 16 ലക്ഷം രൂപയാണ് എന്നതിനാൽ അറസ്റ്റ് ഉണ്ടാകില്ല. നിലവിലെ സാഹചര്യത്തിൽ വസ്തു കണ്ടുകെട്ടി പിഴ ചുമത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}