ADVERTISEMENT

തേഞ്ഞിപ്പലം ∙ ജീവിതവഴിയിൽ താങ്ങായ ഗുരുവിന് സ്വർണമെഡൽ സമ്മാനിച്ച് ശിഷ്യന്റെ ദക്ഷിണ. സംസ്ഥാന ക്ലബ് അത്‌ലറ്റിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നേടിയ സ്വർണമെഡലുമായി കെ.എസ്.കണ്ണൻ (തൃശൂർ എക്സൽ അക്കാദമി) ഓടിയെത്തി കോച്ച് പി.വി.ആന്റോയുടെ കാലിൽ വീണ് ആഹ്ലാദക്കണ്ണീർ പൊഴിച്ചപ്പോൾ കോച്ചിന്റെ കണ്ണുകളും തിളങ്ങി. വിധി ഉയർത്തിയ ഹർഡിൽസിൽ ജീവിതം വഴിമുട്ടി നിന്നപ്പോൾ കൈത്താങ്ങേകി ചേർത്തുനിർത്തുന്ന കോച്ച് ആന്റോയോടുള്ള സ്നേഹവും കടപ്പാടുമാണ് കണ്ണൻ കലർപ്പില്ലാതെ പ്രകടിപ്പിച്ചത്. 

‘അച്ഛനെ കണ്ടിട്ടില്ല. ഞാൻ ജനിച്ച് വൈകാതെ അച്ഛൻ എങ്ങോട്ടോ പോയി. അമ്മ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. തൃശൂർ കുട്ടനല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചിൽ പഠിക്കുമ്പോഴാണ് ആന്റോ മാഷിന്റെ കൂടെ കൂടുന്നത്. പഠനവും ജീവിതവും കായികസ്വപ്നങ്ങളും പിന്നീടാണു പച്ചപിടിച്ചത്’. കണ്ണൻ പറഞ്ഞു. കായികക്ഷമത കണ്ടാണ് പി.വി.ആന്റോ കണ്ണനെ ഒപ്പം കൂട്ടിയത്. പിന്നീട്, മാർത്താക്കര കോളനിയിലെ ഒറ്റമുറി വീട്ടിൽ കഷ്ടപ്പാടിന് നടുവിലാണ് ജീവിതമെന്ന് അറിഞ്ഞതോടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയായിരുന്നു. 

പോഷകാഹാരമുള്ള ഭക്ഷണത്തിന് തൃശൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം ഏർപ്പാടാക്കി. പഠനച്ചെലവ് ഏറ്റെടുത്തു. രാവിലെയും വൈകിട്ടും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനവും നൽകുന്നു. 10 വർഷമായി ആന്റോയുടെ തണലിലാണ് കണ്ണൻ. രാത്രി ഉറങ്ങാൻ മാത്രമാണ് വീട്ടിൽപോകുന്നത്. ലൈഫ് പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന വീടിന് ഇനിയും പണി ബാക്കിയുണ്ട്. കാൾഡിയൻ ഹയർസെക്കൻഡറി സ്കൂളിൽനിന്നാണ് കണ്ണൻ പ്ലസ്‌ ടു പാസായത്. ഇക്കൊല്ലം തൃശൂർ സെന്റ് തോമസ് കോളജിൽ ബിഎയ്ക്ക് ചേരുന്നുണ്ട്. ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ നടത്തുന്ന തൃശൂർ എക്സൽ അത്‌ലറ്റിക് അക്കാദമിയിൽ കണ്ണൻ അടക്കം 60 കുട്ടികളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com