ADVERTISEMENT

കുറ്റിപ്പുറം ∙ ഈ വർഷത്തെ തിരുവോണപ്പുലരി പടന്നപ്പാട്ടു വീടിനും തവനൂർ ഗ്രാമത്തിനും ഇരട്ടി മധുരം. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിത മലപ്പുറം തവനൂർ സ്വദേശിയാണ്.ദേശീയതലത്തിലെ ആദ്യ 50 റാങ്കിനുള്ളിൽ ഇടംപിടിച്ച ഏക മലയാളിയാണ് നന്ദിത. നിശ്ചയദാർഢ്യത്തിന്റെ വിജയംകൂടിയാണ് നന്ദിതയുടേത്. സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നന്ദിതയെ തേടി എത്തിയത് മൂന്നാമത്തെ പരിശ്രമത്തിലാണ്. പ്ലസ് ടു പഠനത്തിനൊപ്പം ആദ്യത്തെ നീറ്റ് പരീക്ഷ എഴുതിയെങ്കിലും കുറഞ്ഞ മാർക്കാണ് ലഭിച്ചത്. 

രണ്ടാമത്തെ പരിശ്രമത്തിൽ 579 മാർക്ക് നേടി. മികച്ച കോളജിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വീണ്ടും പരീക്ഷയെ നേരിടാൻ തയാറെടുത്തു. പാലായിലെ സ്വകാര്യ കോച്ചിങ് കേന്ദ്രത്തിലെ പഠനത്തിനൊടുവിൽ മൂന്നാമത്തെ പരീക്ഷയിൽ നന്ദിത സംസ്ഥാനത്തുതന്നെ ഒന്നാമതെത്തി. അഖിലേന്ത്യാതലത്തിൽ നാൽപത്തിയേഴാം റാങ്കും പെൺകുട്ടികളിൽ പതിനേഴാം റാങ്കുമാണ് നന്ദിതയ്ക്കു ലഭിച്ചത്. 720ൽ 701 മാർക്ക് നേടിയാണ് തിളക്കമാർന്ന വിജയം. 

‘ദൈവം തന്ന ഓണസമ്മാനമായി ഈ നേട്ടത്തെ കാണുന്നു’വെന്ന് നന്ദിത പറഞ്ഞു. മികച്ച വിജയം ഉറപ്പായിരുന്നെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദിതയുടെ പ്രതികരണം. തവനൂർ പടന്നപ്പാട്ട് റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥൻ പത്മനാഭന്റെയും കോമളവല്ലിയുടെയും ഇളയ മകളാണ്. പത്താംക്ലാസ് വരെ തിരുനാവായ ഭാരതീയ വിദ്യാഭവൻ സ്കൂളിലും പ്ലസ്ടുവിന് തിരുനാവായ നവാമുകുന്ദ ഹയർസെക്കൻ‍‍ഡറി സ്കൂളിലായിരുന്നു പഠനം. 97.3 ശതമാനമാണ് പ്ലസ്ടുവിന് ലഭിച്ച മാർക്ക്. ഇനി ഡൽഹി എയിംസിലെ പഠനത്തിനായി തയാറെടുക്കുകയാണ് നന്ദിത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com