ADVERTISEMENT

കുറ്റിപ്പുറം ∙ കൂട്ടിൽ കഴിയുന്ന പറക്കമുറ്റാത്ത കുഞ്ഞിപ്പക്ഷികൾക്ക് ഇനി യന്ത്രക്കൈകളെ ഭയക്കേണ്ട. പക്ഷിക്കൂടുകൾ ഉള്ള മരങ്ങൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉടൻ മുറിച്ചുനീക്കില്ല. ഇത്തരത്തിൽ പക്ഷികളുള്ള മരങ്ങൾ റിബൺകെട്ടി വേർതിരിച്ച് സംരക്ഷിക്കും. തിരൂരങ്ങാടി വി.കെ.പടിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ മരം നീക്കം ചെയ്തത് ഒട്ടേറെ പക്ഷികളുടെ ജീവനെടുത്തിരുന്നു. പാതയോരത്തെ മരം മണ്ണുമാന്തി ഉപയോഗിച്ച് തള്ളി താഴെയിട്ടപ്പോൾ കൂടുകളിലുണ്ടായിരുന്ന മുട്ടകളും പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും ചത്തൊടുങ്ങിയത് വലിയ പ്രതിഷേധത്തിനും നിയമനടപടികൾക്കും ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് അധികൃതർ പക്ഷിക്കൂടുകൾ ഉള്ള മരങ്ങൾ ഉടൻ മുറിച്ചുമാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതരും ദേശീയപാത ഉദ്യോഗസ്ഥരും ഇന്നലെ രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെ സർവേ നടത്തി. ഇനി മുറിച്ചുമാറ്റാനുള്ളത് ഇരുപതോളം വൻ മരങ്ങളാണ്. ഇതിൽ 5 എണ്ണത്തിൽ പക്ഷിക്കൂടുകൾ ഉണ്ട്. ഇവ നിലനിർത്താനാണ് തീരുമാനം.

മരങ്ങൾ മുന്നറിയിപ്പ് റിബൺ കെട്ടി സംരക്ഷിക്കും. കൂടുകളിലെ മുട്ടകൾ വിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാൻ കഴിയുന്നതുവരെ മരം വെട്ടില്ല.അരീത്തോട്, കുളപ്പുറം, പൂവൻചിറ, വെന്നിയൂർ, മൂടാൽ പ്രദേശങ്ങളിലെ മരങ്ങളാണ് താൽക്കാലികമായി സംരക്ഷിക്കുക. ഫോറസ്റ്റ് റേഞ്ച് ഓഫിസർ മുഹമ്മദ് നിഷാൽ, ദേശീയപാത ലെയ്സൺ ഓഫിസർ പി.പി.എം.അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ സർവേ നടത്തി പക്ഷികളുള്ള മരങ്ങളുടെ കണക്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com