മലപ്പുറം ∙പാലക്കാട് അതിർത്തിയായ എടപ്പറ്റ മൂനാടിയിൽ നിന്നു ഗ്രീൻ ഫീൽഡ് ഹൈവേക്കുള്ള ജില്ലയിലെ കല്ലിടൽ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നലെ 600 മീറ്റർ ദൂരത്തിലാണു കല്ലിട്ടത്. ഇന്നു കല്ലിടൽ തുടരും. ഒരു മാസത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുണും എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയയും ചേർന്നാണ് ആദ്യത്തെ കല്ലു നാട്ടിയത്.
അലൈൻമെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജിപിഎസ് കോഡിനേറ്റ്‌സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകൾ സ്ഥാപിക്കുന്നത്. അതിനാൽ സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തിൽ പുനഃസ്ഥാപിക്കാനാവും. കല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമസ്ഥർ ഉറപ്പുവരുത്തണം.
കല്ലിടലിനൊപ്പം സർവേയും
കല്ലിടലിനൊപ്പം സർവേ ജോലികളും നടക്കും. ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമാണങ്ങൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഇതിനായി ഭൂമിയുടെ ആധാരത്തിന്റെയും നികുതി രസീതിന്റെയും പകർപ്പുകൾ സഹിതം ഉടമസ്ഥർ സ്ഥലത്ത് ഹാജരാകണം. ഏറ്റെടുക്കുന്ന ഭൂമിയിലെ അതിർത്തികൾ വ്യക്തമായി കല്ലിട്ട് വേർതിരിക്കും.
രണ്ടര ഇരട്ടി നഷ്ടപരിഹാരം
ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും കണക്കെടുത്ത ശേഷമായിരിക്കും നഷ്ടപരിഹാര നിർണയത്തിലേക്കു കടക്കുക. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണു നഷ്ടപരിഹാരം നിർണയിക്കുക. ഭൂമിക്കു നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടിയും നഷ്ടപരിഹാരമായി ലഭിക്കും. ഭൂമിയുടെ വില റവന്യു വകുപ്പും കെട്ടിടങ്ങളുടേത് പൊതുമരാമത്ത് വകുപ്പും കാർഷിക വിളകളുടേത് കൃഷി ഓഫിസർമാരും മരങ്ങളുടേത് വനം അധികൃതരുമാണു നിശ്ചയിക്കുക.
നിശ്ചയിച്ച നഷ്ടപരിഹാരത്തുക ഡപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിൽ എത്തിയ ശേഷമായിരിക്കും ഒഴിഞ്ഞുപോകുന്നതിനു നോട്ടിസ് നൽകുക. നോട്ടിസ് നൽകിയ ശേഷം ഒഴിഞ്ഞുപോകുന്നതിനു 60 ദിവസമെടുക്കാം. സ്ഥലം ഒഴിഞ്ഞുകൊടുത്ത് ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരത്തുക ഉടമയുടെ അക്കൗണ്ടിലേക്കു കൈമാറും. ഉടമയുടെ അക്കൗണ്ടിൽ പണമെത്തിയ ശേഷമായിരിക്കും കെട്ടിടം പൊളിക്കലും റോഡ് നിർമാണവും ആരംഭിക്കുക.4 താലൂക്കുകളിലെ 15 വില്ലേജുകളിലായി 53 കിലോ മീറ്റർ ദൂരമാണു ജില്ലയിലൂടെ പാത കടന്നുപോകുന്നത്.