ADVERTISEMENT

മലപ്പുറം ∙ പോപ്പുലർ ഫ്രണ്ട്  ഹർത്താലിൽ ജില്ലയിൽ പലയിടത്തും അക്രമം. അങ്ങാടിപ്പുറത്തും പൊന്നാനി ആനപ്പടിയിലും കല്ലേറിൽ കെഎസ്ആർടിസി ബസുകളുടെ ചില്ല് തകർന്നു. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 128 പേരെ വൈകിട്ട് 6 വരെ കരുതൽ തടങ്കലിലുമാക്കി. വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് സംഘർഷവുമുണ്ടായി. ഗുരുവായൂരിൽ നിന്ന് ബത്തേരിയിലേക്കുള്ള കെഎസ്ആർടിസി ബസിനു നേരെയാണ് അങ്ങാടിപ്പുറത്ത് കല്ലേറുണ്ടായത്.

യാത്രക്കാരനും ബസ് ഡ്രൈവർക്കും പരുക്കേറ്റു. ആരെയും പിടികൂടാനായില്ല. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്കു പോയ ബസിനു നേരെയാണ് പൊന്നാനിയിൽ കല്ലേറുണ്ടായത്. പൊന്നാനിയിൽ ടാങ്കർ ലോറിക്കു നേരെയും കല്ലേറുണ്ടായി. ലോറി ഡ്രൈവർ പകർത്തിയ ദൃശ്യത്തെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിൽ 2 സംഭവങ്ങളിലും ഉൾപ്പെട്ട 3 പേരെ അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ കേസിൽ എരമംഗലം സ്വദേശി ഇർഷാദിനെ(37) പിടികൂടി.

ജില്ലയിൽ കെഎസ്ആർടിസി രാവിലെ ചില സർവീസുകൾ പൊലീസ് സംരക്ഷണയിൽ നടത്തിയെങ്കിലും പിന്നീട് നിർത്തിവച്ചു. വാണിയമ്പലം, ചെറുകോട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനം തടയാനുള്ള ഹർത്താൽ അനുകൂലികളുടെ ശ്രമം പൊലീസ് ഇടപെട്ട് ഒഴിവാക്കി. വിവിധയിടങ്ങളിൽ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ടൗണുകളിൽ വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്തു. സർക്കാർ ഓഫിസുകൾ തുറന്നെങ്കിലും ഹാജർ നില കുറവായിരുന്നു. കടകൾ ഏതാണ്ട് പൂർണമായും അടഞ്ഞു കിടന്നു.

തേഞ്ഞിപ്പലം ∙ ഹർത്താലിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെയും ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റിന്റെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ചേളാരി പ്ലാന്റ് ഏതാനും മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. തൊഴിലാളികൾ എത്തിയിരുന്നെങ്കിലും കാലി സിലിണ്ടറുകളുമായി ലോറിക്കാർക്ക് എത്താനായില്ല. കാലി സിലിണ്ടറുകളുമായി നേരത്തെ എത്തിയ ലോറികളിൽ മാത്രമാണ് ഇന്നലെ സിലിണ്ടർ ലോഡുകൾ കയറ്റാനായത്. 30ൽ പരം ലോഡ് സിലിണ്ടറാണ് ഇന്നലെ നിറച്ചത്. സാധാരണ 120 ലോഡ് സിലിണ്ടറുകൾ വരെ നിറയ്ക്കാറുണ്ട്. യൂണിവേഴ്സിറ്റിയിൽ ഇന്നലെ പല ഓഫിസുകളിലും ഹാജർ നില 25 ശതമാനത്തിൽ താഴെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com