ADVERTISEMENT

ഫുട്ബോൾ ഷൂട്ടൗട്ടുകളുടെ നാടാണ് നമ്മുടെ ജില്ല. പക്ഷേ, വാഴക്കാട്ടിരി സ്വദേശിയായ സി.എച്ച്.അബ്ദുൽ നാസർ ഉന്നമിട്ടത് ഷൂട്ടൗട്ടുകളിലേക്കല്ല. യഥാർഥ ഷൂട്ടിങ് റേഞ്ചിലേക്കാണ്. തോക്കുകളോടു കുട്ടിക്കാലത്തു തുടങ്ങിയ കൗതുകം ഇപ്പോൾ ഷൂട്ടിങ്ങിൽ സംസ്ഥാന സ്വർണ മെഡൽ ജേതാവിന്റെ പദവിയിലേക്ക് അബ്ദുൽ നാസറിനെ എത്തിച്ചു. പാലക്കാട്ടു നടന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ (മാസ്റ്റേഴ്സ്) വിഭാഗത്തിലാണ് നാസറിനു സ്വർണം.

അടുത്ത മാസം കൊൽക്കത്തയിൽ നടക്കുന്ന പ്രീ നാഷനൽ ഷൂട്ടിങ് ചാംപ്യൻഷിപ്പിലേക്കും ഇതോടെ യോഗ്യത നേടി. കവണയുമായി കൂട്ടുകാരോടൊത്ത് നാട്ടിൽ ചുറ്റിനടന്ന കുട്ടിക്കാലമാണ് നാസറെന്ന ഷൂട്ടറുടെ ആദ്യ മൂലധനം. 14–ാം വയസ്സിൽ ആദ്യ എയർഗൺ സ്വന്തമായി. അതിൽ സ്വന്തം നിലയ്ക്കായിരുന്നു ആദ്യഘട്ടത്തിൽ പരിശീലനം നടത്തിയത്. മുതിർന്നപ്പോൾ പാലക്കാട് റൈഫിൾ ക്ലബ്ബിൽ പ്രഫഷനലായി പരിശീലനത്തിനു ചേർന്നു.

പരിശീലനം തുടങ്ങി വർഷങ്ങൾക്കു ശേഷമാണ് ആദ്യ മെഡൽ സ്വന്തമായത്. ഇപ്പോൾ വിവിധ ചാംപ്യൻഷിപ്പുകളിലായി ഒരു പിടി മെഡലുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഹൈദരാബാദിൽ ഈ വർഷം നടന്ന 300 മീറ്റർ ബിഗ് ബോർ മത്സരത്തിൽ പങ്കെടുത്ത ഏക മലയാളിയും നാസറാണ്. സംസ്ഥാന ഷൂട്ടിങ് കോച്ചായ വിപിൻദാസ് വാസുദേവനാണ് ഇപ്പോൾ പരിശീലകൻ. ഏകദേശം 8 ലക്ഷം രൂപ വിലയുള്ള സ്പോർട്സ് ഗൺ ആണ് നാസർ ഉപയോഗിക്കുന്നത്. ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുണ്ടെങ്കിലും വിദ്യാർഥികൾ ഈ രംഗത്തേക്കു കടന്നു വരുന്നത് കുറവാണെന്ന് അദ്ദേഹം പറയുന്നു.

പരിശീലനത്തിനുള്ള സൗകര്യക്കുറവാണ് പ്രധാന പ്രശ്നം. ജില്ലാ റൈഫിൾ ക്ലബ്ബിന് പോലും 10 മീറ്റർ ഷൂട്ടിങ് റേഞ്ചേ ഉള്ളൂ. സംസ്ഥാനതല ഷൂട്ടിങ് മത്സരങ്ങൾക്കു വേദിയാക്കാവുന്ന തരത്തിൽ ജില്ലയിൽ ഒരു ഷൂട്ടിങ് റേഞ്ച് വരണമെന്നതാണ് നാസറിന്റെ സ്വപ്നം. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. വിന്റേജ് വാഹനങ്ങളും പുരാവസ്തുക്കളും ശേഖരിക്കലാണ് ബിസിനസുകാരനായ നാസറിന്റെ മറ്റു ഹോബികൾ. ഭാര്യ കെ.പി.ഫൗസിയ. മക്കൾ: സി.എച്ച്.റെന്ന, സി.എച്ച്. സെന്ന, സി.എച്ച്.റിബിൻ, സി.എച്ച്.റിസിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com