ADVERTISEMENT

കാക്കിയിട്ട് റോഡിലിറങ്ങി വാഹനം പരിശോധിക്കുമ്പോൾ പലരും അൻവർ മൊയ്തീന്റെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കും. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടിൽ. ശരിയാണ് തിരൂർ ജോയിന്റ് ആർടിഒ അൻവർ മൊയ്തീൻ സിനിമാ നടനാണ്. വാഹന പരിശോധനയും ഓഫിസ് ജോലിയും കഴിഞ്ഞു കിട്ടുന്ന ഇടവേളകളിൽ ക്യാമറയ്ക്കു മുൻപിലാണ് ഈ ഉദ്യോഗസ്ഥൻ. ഇതുവരെ അൻപതിലേറെ സിനിമകളിലും പന്ത്രണ്ടോളം സീരിയലുകളിലും അഭിനയിച്ചു. കുട്ടിയായിരിക്കുമ്പോൾ വീട്ടിൽ നടന്നിരുന്ന നാടക ക്യാംപുകളാണ് അൻവറിലെ നടനെ ഉണർത്തിയത്.

പിതാവ് മൊയ്തീൻ കണ്ണിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം അമ്പലത്തറയിലെ വീട്ടിൽ നാടക ക്യാംപുകൾ നടന്നിരുന്നത്. അഭിനയം പതിയെ അൻവറിനും മോഹമായി മാറി. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശങ്കരൻനായർ എന്ന കഥാപാത്രമായി അഭിനയം തുടങ്ങിയത്. ഈ നാടകം സംസ്ഥാന യുവജനോത്സവത്തിൽ സമ്മാനം നേടി. നാടകം തുടരുന്നതിനിടെയാണ് സിനിമയെന്ന മോഹം ഉദിച്ചത്. ഒരിക്കൽ നാടകം കാണാനെത്തിയ സംവിധായകൻ പി.ജി.വിശ്വംഭരൻ തന്റെ ‘വക്കീൽ വാസുദേവ്’ എന്ന സിനിമയിൽ മികച്ച വേഷം നൽകി. ഇതിനിടെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചു. ഇതോടെ അഭിനയത്തിനുള്ള അവസരങ്ങൾ കുറഞ്ഞു.

1999ൽ മോട്ടർ വാഹന വകുപ്പിൽ ജോലി ലഭിച്ചു. വാഹന പരിശോധനയ്ക്കിടെ പല സംവിധായകരെയും സിനിമാ പ്രവർത്തകരെയും മറ്റും കണ്ടുമുട്ടിയത് സിനിമയിലേക്കുള്ള വഴി തുറന്നു. വീണ്ടും ചെറിയ വേഷങ്ങളിലൂടെ മുഖം കാണിച്ചു തുടങ്ങി. ഇതിനിടെ പ്രിയദർശനുമായി അടുപ്പമായി. ഇത് വലിയ വഴിത്തിരിവായി. പ്രിയൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, ആമയും മുയലും, ഒപ്പം, അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിലെല്ലാം മികച്ച വേഷം ലഭിച്ചു. അടുത്ത സിനിമയിലും മികച്ച വേഷംതന്നെ ലഭിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

ദൃശ്യം, മിസ്റ്റർ ഫ്രോഡ്, ഹീറോ, ഹാപ്പി ഹസ്ബൻഡ്സ്, സോൾട്ട് ആൻഡ് പെപ്പർ, ഫയർമാൻ, രാജാധിരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്യുന്ന സിനിമയിലും ബി.ഉണ്ണിക്കൃഷ്ണന്റെ സിനിമയിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അൻവർ. അഭിനയത്തിനു കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ തൽക്കാലം സീരിയലിലെ അഭിനയം മാറ്റിവച്ചിരിക്കുകയാണ്. ഡിപ്പാർട്മെന്റും സഹപ്രവർത്തകരും കുടുംബവും അഭിനയ മോഹത്തിനു പിന്തുണ നൽകുന്നുണ്ടെന്ന് അൻവർ പറയുന്നു. ലീന ബീവിയാണ് ഭാര്യ. അൽത്താഫ്, അഫ്താബ്, അഷ്ഫാഖ് എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com